സത്യവിശ്വാസികള്‍ക്ക് സമയമായില്ലേ?

أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَٰسِقُونَ

സത്യവിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു. (ഖു൪ആന്‍:57/16)

വിശുദ്ധ ഖു൪ആനിലെ ഈ വചനം അവതരിക്കുവാനുള്ള സാഹചര്യം താഴെ കൊടുത്തിട്ടുള്ള റിപ്പോ൪ട്ടുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

عن قتادة ، عن ابن عباس أنه قال : إن الله استبطأ قلوب المهاجرين فعاتبهم على رأس ثلاث عشرة من نزول القرآن ، فقال : ( ألم يأن للذين آمنوا أن تخشع قلوبهم لذكر الله )

ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ക്വത്താദഃ (റ) വഴി ഇബ്നു അബീഹാതിം (റഹി) നിവേദനം ചെയ്തിരിക്കുന്നു: സത്യവിശ്വാസികളുടെ ഹൃയങ്ങള്‍ക്ക് ഒരു മാന്ദ്യത ബാധിച്ചതായി അല്ലാഹു കണ്ടു. അതിനാല്‍, ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയത് മുതല്‍ പതിമൂന്ന് കൊല്ലക്കാലത്തിന്റെ തലക്കല്‍വെച്ച് (അല്ലാഹു) അവരെ ആക്ഷേപിക്കുകയായി. അല്ലാഹു പറഞ്ഞു: സത്യവിശ്വാസികള്‍ക്ക് സമയമായില്ലേ……. (ഇബ്നു കസീ൪)

عَنِ ابْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ: مَا كَانَ بَيْنَ إِسْلاَمِنَا وَبَيْنَ أَنْ عَاتَبَنَا اللَّهُ بِهَذِهِ الآيَةِ ‏{‏ أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ‏}‏ إِلاَّ أَرْبَعُ سِنِينَ ‏.‏

ഇബ്നു മസ്ഊദ് (റ) പറയുന്നു: ‘സത്യവിശ്വാസികള്‍ക്കു സമയമായില്ലേ’ എന്ന് തുടങ്ങുന്ന ഈ വചനം മുഖേന ഞങ്ങളെ ആക്ഷേപിച്ചതിനും, ഞങ്ങള്‍ ഇസ്ലാമിനെ അംഗീകരിച്ചതിനുമിടയില്‍ നാല് സംവത്സരമല്ലാതെ ഉണ്ടായിട്ടില്ല.’ (മുസ്ലിം:3027)

ഇബ്നു മസ്ഊദ് (റ) പറയുന്നു: നബി ﷺ യുടെ സ്വഹാബികള്‍ മദീനഃയില്‍ വന്നപ്പോള്‍ അവര്‍ക്ക് ജീവിതത്തില്‍ കുറച്ചൊക്കെ സൗഖ്യം ലഭ്യമായി. അവര്‍ മുമ്പ്‌ വലിയ വിഷമാവസ്ഥയിലായിരുന്നുവല്ലോ. അങ്ങനെ, അവരുടെ മുമ്പത്തെ നിലപാടില്‍ അല്‍പമൊരു അയവ് വന്നുവെന്നു തോന്നുന്നു. അതിനാല്‍ അവര്‍ ഈ ആയത്ത് മൂലം ആക്ഷേപിക്കപ്പെട്ടിരിക്കുകയാണ്.

വളരെ അര്‍ത്ഥവത്തായ രണ്ടു കാര്യങ്ങളാണ് അല്ലാഹു ഇതില്‍ സത്യവിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

(1) അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധവും നിലനിറുത്തുന്നതിലും, ഖുര്‍ആനിന്റെ ഉല്‍ബോധനങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നതിലും ഒട്ടും അയവ് വരാത്തവിധം സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ വിനയവും ഭക്തിയും നിറഞ്ഞതായിരിക്കുക.

(2) യഹൂദികളും കൃസ്ത്യാനികളുമാകുന്ന പൂര്‍വ്വ വേദക്കാര്‍ അവരുടെ ആദ്യകാലങ്ങളില്‍ നേര്‍മാര്‍ഗ്ഗത്തില്‍ ചരിച്ചുവെങ്കിലും, കാലക്രമേണ അവരുടെ ഹൃദയം ദുഷിച്ച് മരവിക്കുകയും തോന്നിവാസത്തില്‍ മുഴുകുകയും ചെയ്തതുപോലെ സത്യവിശ്വാസികളും ആയിത്തീരാതിരിക്കുവാന്‍ ശ്രമിക്കുക.

രണ്ട് കാര്യങ്ങളും പരസ്പരം അഭേദ്യബന്ധമുള്ളതാണെന്നു കാണാം. അഥവാ അല്ലാഹുവിനെക്കുറിച്ചും, വേദഗ്രന്ഥത്തെക്കുറിച്ചുള്ള മതിപ്പും ഭക്തിയും കുറയും തോറും വേദക്കാരുടെ അതേ നിലപാട് മുസ്ലിംകളില്‍ കടന്നുകൂടുക സ്വാഭാവികമായിരിക്കും. വേദക്കാര്‍ ചെയ്തതെന്താണ്? അവര്‍ വേദഗ്രന്ഥങ്ങള്‍ മാറ്റി മറിച്ചു. സ്വാര്‍ത്ഥത്തിനും ഐഹികതാല്‍പര്യത്തിനും അനുസരിച്ചു നിയമങ്ങള്‍ ഭേദഗതി ചെയ്തു. അതാതു കാലത്തെ ജനവികാരത്തിനനുസരിച്ച് മതമൂല്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു. കള്ളകഥകളും പുത്തന്‍സിദ്ധാന്തങ്ങളും കെട്ടിച്ചമച്ചു; പുരോഹിതന്‍മാരെയും പണ്ഡിതന്‍മാരെയും റബ്ബുകളാക്കി. ഇച്ഛക്കൊത്തവണ്ണം ഗ്രന്ഥങ്ങള്‍ രചിക്കുകയും അവ ദൈവിക ഗ്രന്ഥങ്ങളായി ചിത്രീകരിക്കുകയും ചെയ്തു. ജീവിതത്തിന്റെ പല വശങ്ങളെയും മതത്തിന്റെ പരിധിയില്‍നിന്നു ഒഴിവാക്കി. അങ്ങനെ പലതും പലതും…!

ആയിരത്തി നാന്നൂറ് കൊല്ലം മുമ്പ് – ഇസ്ലാമിന്റെ ആദ്യസംവത്സരങ്ങളില്‍ തന്നെ – അല്ലാഹു നല്‍കിയ ഈ താക്കീതും, അല്ലാഹുവിന്റെ റസൂല്‍ ﷺ യും നല്‍കിയ താക്കീതുകളും വിലവെക്കാത്തതിന്റെ ഫലമായി ഇന്ന് മുസ്ലിം സമുദായം എവിടെ എത്തിയെന്ന് ആലോചിച്ചു നോക്കുക! അതെ, നബി ﷺ യുടെ പ്രവചനം അക്ഷരം പ്രതി അവരില്‍ പുലര്‍ന്നുകഴിഞ്ഞു. നബി ﷺ യുടെ പ്രവചനം കാണുക:

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

നബി ﷺ യുടെ പ്രവചനം അക്ഷരം പ്രതി  പുലര്‍ന്നുകഴിഞ്ഞുവെന്നതിന് മുസ്ലിംകളുടെ വിശ്വാസ-കർമ്മ രംഗങ്ങള്ർ പരിശോധിച്ചാൽ ബോധ്യപ്പെടും. വിശ്വാസകാര്യങ്ങളിലും ജീവിതത്തിന്റെ പല മേഖലകളിലും വേദക്കാരെ പിൻപറ്റുന്ന അവസ്ഥയിലേക്ക് മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം എത്തിയെന്നുള്ളത് ഒരു സത്യമാണ്. മഹാന്‍മാരുടെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിച്ചും ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നത് ജൂത-ക്രൈസ്തവരുടെ സമ്പ്രദായമാണ്. ശി൪ക്ക് വരുന്ന വഴികളില്‍ പ്രധാനമാണ് കെട്ടി ഉയ൪ത്തപ്പെട്ട മഖ്ബറകള്‍. ഇന്ന് മുസ്ലിം സമുദായത്തിലെ പലരും ജൂത-ക്രൈസ്തവരുടെ ഈ ആദ൪ശം വാരിപ്പുണരുന്നത് നാം നേ൪ക്കുനേ൪ കാണുകയാണ്.

عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ ‏ “‏ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ يُحَذِّرُ مَا صَنَعُوا‏

ആയിശയില്‍(റ) നിന്നും അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു:നബി ﷺ ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി ﷺ തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)

ദീനിലെ ചിലത് മാത്രം സ്വീകരിക്കല്‍, ഐഹിക ജീവിതത്തോടുള്ള ആ൪ത്തിയും മരിക്കാനുള്ള ഭയവും, വേദഗ്രന്ഥത്തെ അവഗണിക്കല്‍, നഹ്സ് നോക്കല്‍, ബർത്ത്ഡേ ആഘോഷം തുടങ്ങി വേദക്കാരുടെ പല ആദർശങ്ങളും ഇന്ന് മുസ്ലിം സമുദായം ഏറ്റെടുത്തിരിക്കുന്നു. അല്ലാഹുവിന്റെ വചനം ഒരിക്കൽ കൂടി മനസ്സിരുത്തി വായിക്കുക.

أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَٰسِقُونَ

സത്യവിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു. (ഖു൪ആന്‍:57/16)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *