മനുഷ്യ ശരീരത്തിൽ ഏറ്റവും ആദരണീയമായ അവയവമാണ് മുഖം. അതിനാലാണ് മുഖത്തടിക്കുന്നത് നബി ﷺ വിരോധിച്ചത്. നിന്ദ്യമായ ശിക്ഷയുടെ വൈവിധ്യങ്ങളാണ് അല്ലാഹു അന്ത്യനാളിൽ നരകവാസിയുടെ മുഖത്തിനുനേരെ ഒരുക്കിയിരിക്കുന്നത്. അവനെ ഉയിർത്തെഴുന്നേൽപിക്കുന്നതുതന്നെ മുഖം കുത്തിയ നിലയിലായിരിക്കും. അല്ലാഹു പറയുന്നു:
وَنَحْشُرُهُمْ يَوْمَ ٱلْقِيَٰمَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്. (ഖു൪ആന്‍:17/97)
ഭൗതികലോകത്ത് താൻ ഏറെ ആദരവിൽ കൊണ്ടുനടന്നിരുന്ന മുഖത്തിനുനേരെയുള്ള ആഖിറത്തിലെ ശിക്ഷകൾ തെളിവുകളിൽ നിന്ന് ഇപ്രകാരം മനസ്സിലാക്കുവാനാവും.
1.മുഖങ്ങള്‍ നിലത്ത് കുത്തിയ നിലയില്‍ നരകത്തിലേക്ക് തെളിച്ചു കൂട്ടപ്പെടും
ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُو۟لَٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ سَبِيلًا
മുഖങ്ങള്‍ നിലത്ത് കുത്തിയ നിലയില്‍ നരകത്തിലേക്ക് തെളിച്ചു കൂട്ടപ്പെടുന്നവരാരോ അവരാണ് ഏറ്റവും മോശമായ സ്ഥാനത്ത് നില്‍ക്കുന്നവരും, ഏറ്റവും വഴിപിഴച്ചു പോയവരും. (ഖുർആൻ:25/34)
عَنْ أَنَسُ بْنُ مَالِكٍ ـ رضى الله عنه أَنَّ رَجُلاً، قَالَ يَا نَبِيَّ اللَّهِ كَيْفَ يُحْشَرُ الْكَافِرُ عَلَى وَجْهِهِ قَالَ : أَلَيْسَ الَّذِي أَمْشَاهُ عَلَى الرِّجْلَيْنِ فِي الدُّنْيَا قَادِرًا عَلَى أَنَّ يُمْشِيَهُ عَلَى وَجْهِهِ يَوْمَ الْقِيَامَةِ.
അനസ് رضي الله عنه വിൽ നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു:മനുഷ്യര്‍ എങ്ങിനെയാണ് അവരുടെ മുഖങ്ങളില്‍ (മുഖം കുത്തിക്കൊണ്ട്) ഒരുമിച്ചു കൂട്ടപ്പെടുക?” നബി ﷺ പറഞ്ഞു: “അവരെ അവരുടെ കാലുകളില്‍ നടത്തിയവന്‍, അവരെ അവരുടെ മുഖങ്ങളില്‍ നടത്തുവാനും നിശ്ചയമായും കഴിവുള്ളവനാകുന്നു.”. (ബുഖാരി:6523)
‘ഇഹലോകത്തില്‍ കാലിന്‍മേല്‍ നടത്തി’ എന്നും, ‘ഖിയാമത്തുനാളില്‍ മുഖത്തിന്‍മേല്‍ നടത്തുവാന്‍’ എന്നും ഈ ഹദീസില്‍ നബി ﷺ പ്രയോഗിച്ചതില്‍ ഒരു തത്വം ഒളിഞ്ഞു കിടപ്പുണ്ടെന്നു മനസ്സിലാക്കാം: ഈ ലോകത്തെ പ്രകൃതിചട്ടങ്ങളും, പരലോകത്തെ പ്രകൃതിചട്ടങ്ങളും ഒരേ മാനദണ്ഡംകൊണ്ട് അളന്നുകൂടാത്തതാണ്, ഭൗതിക നടപടിക്രമങ്ങളില്‍നിന്നും വളരെ വ്യത്യസ്തമായ നടപടികളും അവിടെ നടക്കുവാനിരിക്കുന്നുണ്ട് എന്നത്രെ അത്. ഇങ്ങിനെയുള്ള ഒരു സൂചനയുടെ ഉദ്ദേശമില്ലെങ്കില്‍ – അല്ലാഹുവിന്റെ കഴിവിനെ മാത്രം സൂചിപ്പിച്ചുകൊണ്ട് – ‘കാലുകളിന്‍മേല്‍ നടത്തിയവന്‍ മുഖത്തിന്‍മേല്‍ നടത്തുവാന്‍ കഴിയുന്നവനല്ലയോ’ എന്നുമാത്രം പറയാമായിരുന്നുവല്ലോ. ചുരുക്കത്തില്‍, അല്ലാഹുവിന്റെ കഴിവും, പരലോകത്തിലെ നടപടിക്രമങ്ങളും നോക്കുമ്പോള്‍ മുഖംകൊണ്ട് നടക്കുകയെന്നത് കേവലം അസംഭവ്യമൊന്നുമല്ല എന്നു താല്‍പര്യം. (അമാനി തഫ്സീര്‍)
2. നരകത്തിൽ മുഖം കുത്തി വീഴ്ത്തപ്പെടും
وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
ആര്‍ തിന്‍മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ? (ഖുർആൻ:27/90)
3. നരകത്തിൽ മുഖം കുത്തിവലിക്കപ്പെടും
നരകവാസികൾ മുഖം നിലത്ത് ഉരുമ്മിക്കൊണ്ട് വലിച്ചിഴക്കപ്പെടുന്നതാണ്.
إِنَّ ٱلْمُجْرِمِينَ فِى ضَلَٰلٍ وَسُعُرٍ ﴿٤٧﴾ يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ ﴿٤٨﴾
തീര്‍ച്ചയായും ആ കുറ്റവാളികള്‍ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു. മുഖം നിലത്തു കുത്തിയനിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങള്‍ നരകത്തിന്‍റെ സ്പര്‍ശനം അനുഭവിച്ച് കൊള്ളുക. (ഖുർആൻ:54/47-48)
ശരീരഭാഗങ്ങളിൽ ഏറെ ആദരണീയമായതാണ് മുഖം; മറ്റുള്ളവയെക്കാള്‍ വേദനയുണ്ടാവും. (തഫ്സീറുസ്സഅ്ദി)
കാരണം അന്ന് കുറ്റവാളികൾ ചങ്ങലകളിലും കുരുക്കുകളിലും ബന്ധിക്കപ്പെടുകയും വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു പറഞ്ഞു:
إِذِ ٱلْأَغْلَٰلُ فِىٓ أَعْنَٰقِهِمْ وَٱلسَّلَٰسِلُ يُسْحَبُونَ ﴿٧١﴾ فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ ﴿٧٢﴾
അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. (ഖുർആൻ:40/71-72)
തങ്ങൾക്കു നേരിടുന്ന ശിക്ഷകളെ കൈകാലുകളെക്കൊണ്ടോ മറ്റോ തടുത്തുനോക്കുവാൻ മാർഗ്ഗമില്ലാതെ ഏറ്റവും മാന്യാവയവമായ മുഖംകൊണ്ടു തടുത്തുനോക്കുവാൻ അവർ നിർബ്ബന്ധിതരാവുകയും അതു ഫലപ്പെടാതിരിക്കുകയും ചെയ്യുന്ന ആ വമ്പിച്ച ദുരവസ്ഥയാണ് അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
4.മുഖത്തുനിന്നും തീ തടുക്കുവാനാകില്ല
لَوْ يَعْلَمُ ٱلَّذِينَ كَفَرُوا۟ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ
ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദര്‍ഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കില്‍! (ഖുർആൻ:21/39)
أَفَمَن يَتَّقِى بِوَجْهِهِۦ سُوٓءَ ٱلْعَذَابِ يَوْمَ ٱلْقِيَٰمَةِ ۚ وَقِيلَ لِلظَّٰلِمِينَ ذُوقُوا۟ مَا كُنتُمْ تَكْسِبُونَ
എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടിവരുന്ന ഒരാള്‍ (അന്ന് നിര്‍ഭയനായിരിക്കുന്നവനെ പോലെ ആകുമോ?) നിങ്ങള്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നത്, നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. എന്ന് അക്രമികളോട് പറയപ്പെടുകയും ചെയ്യും. (ഖുർആൻ:39/24)
ശരീരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ അവയവമായ തന്റെ മുഖംകൊണ്ട് സ്വയം പരിരക്ഷിക്കാൻ അവൻ ശ്രമിക്കും. ഏറ്റവും കുറഞ്ഞ ശിക്ഷ അതിൽ സ്വാധീനം ചെലുത്തും. അവന്റെ കൈകളും കാലുകളും കെട്ടിയിട്ടിരിക്കുന്നതിനാൽ ഭയങ്കരമായ ശിക്ഷയിൽനിന്ന് സ്വയം പരിരക്ഷിക്കാൻ അവൻ ശ്രമിക്കും. (തഫ്സീറുസ്സഅ്ദി)
5.മുഖങ്ങൾ കീഴ്മേൽ മറിച്ച് ചുട്ടെടുക്കപ്പെടും
يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! (ഖുർആൻ:33/66)
6.നരക തീ മുഖങ്ങളെ പൊതിയും
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ ﴿٤٩﴾ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ ﴿٥٠﴾
ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്. (ഖുർആൻ:14/49-50)
7.മുഖം കരിക്കപ്പെടും
تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَٰلِحُونَ
നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും. (ഖുർആൻ:23/104)
8.മുഖം കറുപ്പിക്കപ്പെടും
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക. (ഖുർആൻ:3/106)
وَٱلَّذِينَ كَسَبُوا۟ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةِۭ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ ٱللَّهِ مِنْ عَاصِمٍ ۖ كَأَنَّمَآ أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ ٱلَّيْلِ مُظْلِمًا ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്‍മയ്ക്കുള്ള പ്രതിഫലം അതിന് തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്‍റെ കഷ്ണങ്ങള്‍കൊണ്ട് അവരുടെ മുഖങ്ങള്‍ പൊതിഞ്ഞതു പോലെയിരിക്കും. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖുർആൻ:10/27)
9.മുഖത്തെ എരിച്ചുകളയുന്ന ചൂടുവെള്ളം
അൽമുഹ്ൽ നരകവാസിക്കുള്ള പാനീയമാണ്. അത് മുഖത്തോട് അടുപ്പിച്ചാൽ മുഖത്തെ എരിച്ചുകളയും.
إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا
അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ. (ഖുർആൻ:18/29)
www.kanzululoom.com