മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കവും ചില ഗുണപാഠങ്ങളും

മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് മലക്കുകളോട് പ്രഖ്യാപിക്കുന്നു.

 

وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ

 

ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.(ഖു൪ആന്‍:2/30)

 

മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു മലക്കുകളെ വിവരം അറിയിച്ചപ്പോള്‍, ഭൂമിയില്‍ നാശമുണ്ടാക്കുകയും രക്തം ചീന്തുകയും ചെയ്യുന്നവരെ  എന്തിന് സൃഷ്ടിക്കുന്നുവെന്നും, നിന്നെ പ്രകീ൪ത്തിക്കുവാനും പരിശുദ്ധപ്പെടുത്തുവാനും ഞങ്ങളുണ്ടല്ലോ എന്നായിരുന്നു മലക്കുകളുടെ മറുപടി. 

 

എന്തുകൊണ്ടാണ് മലക്കുകള്‍ ഇപ്രകാരം പറഞ്ഞത് ?
    
മനുഷ്യ൪ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചീന്തുകയും ചെയ്യുന്നവരാണെന്ന് മലക്കുകള്‍ എങ്ങനെയാണ് മനസ്സിലാക്കിയതെന്ന് ഖു൪ആനില്‍ നിന്നോ ഹദീസില്‍ നിന്നോ വ്യക്തമല്ല. അവ൪ ഇങ്ങനെ പറയാനുണ്ടായ കാരണങ്ങളെ കുറിച്ച് മുന്‍ഗാമികളായ പണ്ഢിതന്‍മാ൪ പറഞ്ഞതിന്റെ ചുരുക്കം ഇപ്രകാരമാണ്.

 

(1) അല്ലാഹു അവരെ അറിയിച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അവ൪ക്ക് മനസ്സിലായി.

 

(2) ഭൂമിയില്‍ ആദമിന്(അ) മുമ്പ് ഉണ്ടായിരുന്നവരായിരുന്നല്ലോ ജിന്ന് വിഭാഗം. അപ്പോള്‍ അവരുടെ സ്വഭാവങ്ങളും ചെയ്തികളും മനുഷ്യരിലേക്ക് തുലനം ചെയ്ത് മനസ്സിലാക്കി പറഞ്ഞതാവാം. കാരണം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചീന്തുകയും ചെയ്യുന്നവരായിരുന്നു ജിന്നുകള്‍.

 

(3) മലക്കുകള്‍ മനുഷ്യന്റെ പ്രകൃതിയില്‍ നിന്ന് മനസ്സിലാക്കിയതാകാം.

 

(4)ഖലീഫ എന്നത് കുഴപ്പങ്ങളും അക്രമങ്ങളും ഇല്ലാതാക്കുന്ന നേതാവാണല്ലോ. അപ്പോള്‍ ഈ പദപ്രയോഗം തന്നെ മനുഷ്യരില്‍ കുഴപ്പങ്ങളും രക്തം ചീന്തലുമുണ്ടാകുമെന്ന് ഗ്രഹിക്കാം. 
      
മലക്കുകള്‍ അപ്രകാരം പറഞ്ഞപ്പോള്‍ ‘നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം’ എന്ന് അല്ലാഹു അവ൪ക്ക് മറുപടി നല്‍കി. നിങ്ങള്‍ പറഞ്ഞ ചില ദോഷവശങ്ങള്‍ മനുഷ്യരില്‍ ഉണ്ടാവാമെങ്കിലും, അതിലുപരിയായ പല നന്‍മകളും ഗുണങ്ങളും അവരില്‍ നിന്നുണ്ടാവാനുണ്ടെന്നും, നിങ്ങള്‍ക്ക് വിഭാവനം ചെയ്യാന്‍ കഴിയാത്ത പല രഹസ്യങ്ങളും അതിലടങ്ങിയിട്ടുണ്ടെന്നും  അല്ലാഹു മലക്കുകളോട് ചൂണ്ടിക്കാട്ടി. 

      إني أعلم ما لا تعلمون – أي : إني أعلم من المصلحة الراجحة في خلق هذا الصنف على المفاسد التي ذكرتموها ما لا تعلمون أنتم ؛ فإني سأجعل فيهم الأنبياء ، وأرسل فيهم الرسل ، ويوجد فيهم الصديقون والشهداء ، والصالحون والعباد ، والزهاد والأولياء ، والأبرار والمقربون ، والعلماء العاملون والخاشعون ، والمحبون له تبارك وتعالى المتبعون رسله ، صلوات الله وسلامه عليهم .

നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത് എനിക്കറിയാം :  തീ൪ച്ചയായും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം, അഥവാ നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങള്‍ പറഞ്ഞ കുഴപ്പങ്ങളേക്കാളും പരിഗണനീയമായ നന്‍മകള്‍ ഈ വിഭാഗം സൃഷ്ടിയില്‍ ഉണ്ടെന്ന് എനിക്കറിയാം. ഞാന്‍ അവരിലേക്ക് നബിമാരെയും റസൂലുകളെയും അയക്കും. അപ്പോള്‍ അവരില്‍ സത്യസന്ധന്‍മാരെയും രക്തസാക്ഷികളെയും സ്വാലിഹുകളെയും അല്ലാഹുവിന് ആരാധന ചെയ്യുന്നവരെയും ഐഹിക ജീവിതത്തോട് വിരക്തിയുള്ളവരെയും ഔലിയാഇനെയും പുണ്യവാളന്‍മാരെയും അല്ലാഹുവിലേക്ക് അടുത്തവരെയും പണ്ഢിതന്‍മാരെയും ക൪മ്മങ്ങള്‍ ചെയ്യുന്നവരെയും ഭയഭക്തിയുള്ളവരെയും അല്ലാഹുവിനെ സ്നേഹിക്കുന്നവരെയും അല്ലാഹുവിന്റെ പ്രവാചകന്‍മാരെ പിന്തുടരുന്നവരെയും അവരില്‍ കാണപ്പെടും. (തഫ്സീ൪ ഇബ്നുകസീ൪)

 

മനുഷ്യനെ സൃഷ്ടിച്ചത് മണ്ണില്‍ നിന്ന്

 

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ

 

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖു൪ആന്‍:30/20)

 

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ

 

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. (ഖു൪ആന്‍:23/12)

 

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ

 

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. (ഖു൪ആന്‍:15/26)

 

خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍ كَٱلْفَخَّارِ

 

കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. (ഖു൪ആന്‍:55/14)

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: മനുഷ്യന്റെ ഉൽപത്തിയെ –  അഥവാ ആദം നബിയുടെ (അ) സൃഷ്‌ടിയെ – കുറിച്ച്‌ പ്രസ്‌താവിക്കുമ്പോൾ മൂന്നുനാല് വാക്കുകൾ അല്ലാഹു ഉപയോഗിച്ചു കാണാം:

 

1) مِن تُرَابٍ (മണ്ണിൽനിന്ന്) എന്നും,
2) مِّن طِينٍ (കളിമണ്ണിൽനിന്ന്) എന്നും,
3) حَمَإٍ مَّسْنُونٍ (കറുപ്പ് നിറം വരുകയും മണത്തിൽ വിത്യാസം സംഭവിക്കുകയും ചെയ്‌തിട്ടുള്ള കുഴഞ്ഞു പാകപ്പെട്ട കളിമണ്ണ്) എന്നും,
4) صَلْصَالٍ كَالْفَخَّارِ (ചൂള വെക്കപ്പെട്ടിട്ടുള്ള ഇഷ്‌ടികപോലെ തട്ടിയാൽ ‘ചലപല’ ശബ്‌ദമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണ്) എന്നും.

 

ഇവയിൽ ഒന്നാമത്തെ വാക്ക് മനുഷ്യന്റെ ഉത്ഭവസ്ഥാനം സാമാന്യമായി ചൂണ്ടിക്കാട്ടുന്നു. ഒരു പാത്രമോ മറ്റോ ഉണ്ടാക്കുവാനുദ്ദേശിക്കുമ്പോൾ, ആദ്യം മണ്ണിൽനിന്ന് അതിനു പറ്റിയ തരം കളിമണ്ണ് തിരഞ്ഞെടുക്കപ്പെടുമല്ലോ. പിന്നീടത് കുഴച്ചും മറ്റും പാകപ്പെടുത്തി മൂശയിൽവെച്ച് രൂപം നൽകി ഉണങ്ങിയശേഷം ചൂളക്കുവെക്കുകയും ചെയ്യുന്നു. ഇതുപോലെ, ഏതോ ചില പരിവർത്തനഘട്ടങ്ങളെ കുറിക്കുന്നതാണ് ഈ വാക്കുകൾ എന്ന് മൊത്തത്തിൽ മനസ്സിലാക്കാം. ചില ഹദീഥുകളും ഇതിന് പിൻബലമായുണ്ട്. പക്ഷേ, ഓരോ ദശയേയും സംബന്ധിച്ച സൂക്ഷ്‌മമോ വിശദമോ ആയ വിവരണങ്ങളൊന്നും നൽകുവാൻ നമുക്ക് സാധ്യമല്ല. അതേ സമയത്ത് പരിണാമ വാദങ്ങൾ പോലെയുള്ള ഭൗതിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽമാത്രം മനുഷ്യൻ്റെ ഉൽപത്തിയെക്കുറിച്ച് വിധി കൽപിക്കുവാനും, ആ വിധിക്ക് അനുകൂലമല്ലെന്ന് കാണുന്ന പ്രമാണങ്ങളെ കേവലം ഉപമകളും അലങ്കാരങ്ങളുമാക്കി അവഗണിക്കുവാനും നമുക്ക്‌ നിവൃത്തിയില്ല.(അമാനി തഫ്സീ൪ : ഖു൪ആന്‍ 38/71 ന്റെ വിശദീകരണത്തില്‍ നിന്ന്)

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ ‏‏

ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മലക്കുകൾ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണ്. ജിന്നുകൾ സൃഷ്ടിക്കപ്പെട്ടത് കത്തിജ്വലിക്കുന്ന അഗ്നികൊണ്ടാണ്. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങളോട് വിവരിക്കപ്പെട്ട വസ്‌തു (മണ്ണ്) കൊണ്ടുമാണ്. (മുസ്‌ലിം: 2996)

 

കളിമണ്‍ രൂപത്തില്‍ നിന്ന്  അല്ലാഹു സൃഷ്ടിച്ചതില്‍, അവന്റെ ആത്മാവില്‍ നിന്ന് അവന്‍ ഊതുന്നു. അതോടുകൂടി ശരിയായ ഒരു മനുഷ്യന്‍ രൂപപ്പെടുന്നു. 

 

وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًا مِّن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ – فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ

 

നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍. (ഖു൪ആന്‍:15/28-29)

 

إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًا مِّن طِينٍ – فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ

 

നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം. (ഖു൪ആന്‍:38/71-72)

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:وَنَفَخْتُ فِيهِ مِن رُّوحِي (എന്റെ ആത്മാവിൽനിന്നും അവനിൽ ഊതുകയും ചെയ്താൽ) എന്ന വാക്യം ശ്രദ്ധേയമാകുന്നു. ജഡത്തിൽ ആത്മാവും കൂടി ചേരുമ്പോഴാണല്ലോ അത് ജീവിയായിത്തീരുന്നത്. ജഡം ഭൗതികാംശങ്ങളാൽ സൃഷ്‌ടിക്കപ്പെട്ടതാണ്. ആത്മാവാകട്ടെ, തനി ദൈവികമാണ്. അഥവാ മറ്റാർക്കും യാഥാർഥ്യം കണ്ടുപിടിക്കുവാനും, അപഗ്രഥനം നടത്തുവാനും കഴിയാത്തതും, അല്ലാഹുവിന് മാത്രം അറിയാവുന്നതുമായ ഒരു രഹസ്യമാകുന്നു. എന്റെ ആത്മാവ് (رُّوحِي) എന്ന പ്രയോഗം അതാണ് സൂചിപ്പിക്കുന്നത്. പരമാണുവിൽപോലും ശാസ്ത്രം കൈകാര്യം ചെയ്യുവാൻ തുടങ്ങിയിട്ടുള്ള ഇക്കാലത്തും ആത്മാവിൻ്റെ സത്ത ഒരു പരമരഹസ്യമായിത്തന്നെ ഇരിക്കുകയാണ് അതങ്ങിനെത്തന്നെ തുടരുകയും ചെയ്യും. നബിﷺ യോട് അല്ലാഹു പറയുന്നത് നോക്കുക:

وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلً -الإسراء:٨٥

അവർ നിന്നോട് ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ റബ്ബിന്റെ കാര്യത്തിൽ പെട്ടതാണ്. നിങ്ങൾക്ക് അറിവിൽനിന്നും അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല. (സൂ: ഇസ്‌റാഅ്) മനുഷ്യന് ഇന്നേവരെ ലഭിച്ചതും, മേലിൽ ലഭിക്കുവാനിരിക്കുന്നതുമായ എല്ലാ അറിവുകളും ഈ അൽപമായ അറിവിന്റെ പരിധിയിൽ ഒതുങ്ങി നിൽക്കുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍ 38/71 ന്റെ വിശദീകരണത്തില്‍ നിന്ന്)

 

ആദ്യത്തെ മനുഷ്യന്‍ ആദമാണ്.

 

അല്ലാഹു ആദ്യമായി സൃഷ്ടിച്ച ഈ മനുഷ്യന്‍ ആദം(അ) ആയിരുന്നു.

 

إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ

 

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു. (ഖു൪ആന്‍:3/59)

 

അല്ലാഹു ആദമിനെ (അ) സൃഷ്ടിച്ച ശേഷമുള്ള ഒരു സംഭവം  നബി(സ്വ) വിവരിച്ചത് കാണുക:

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لَمَّا خَلَقَ اللَّهُ آدَمَ وَنَفَخَ فِيهِ الرُّوحَ عَطَسَ فَقَالَ الْحَمْدُ لِلَّهِ فَحَمِدَ اللَّهَ بِإِذْنِهِ فَقَالَ لَهُ رَبُّهُ يَرْحَمُكَ اللَّهُ 

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: അല്ലാഹു ആദമിനെ സൃഷ്ടിച്ചിട്ട് അവന്റെ ആത്മാവില്‍ നിന്ന് ഊതുകയും ചെയ്തപ്പോള്‍ ആദം(അ) തുമ്മി. എന്നിട്ട് പറഞ്ഞു: അല്‍ഹംദു ലില്ലാഹ്, അല്ലാഹുവിന്റെ അനുമതിയോടെയാണ് അദ്ദേഹം സ്തുതി നടത്തിയത്. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു:യര്‍ഹമുക്കല്ലാഹ്.(അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ). (തി൪മിദി:47/ 3694)
        
അല്ലാഹു ആദമിനെ സൃഷ്ടിച്ച ശേഷം അദ്ദേഹത്തോട് കല്‍പ്പിച്ച ഒരു കാര്യം നബി(സ്വ) നമുക്ക് ഇപ്രകാരം പറഞ്ഞു തരുന്നു:

اذْهَبْ فَسَلِّمْ عَلَى أُولَئِكَ النَّفَرِ وَهُمْ نَفَرٌ مِنَ الْمَلاَئِكَةِ جُلُوسٌ فَاسْتَمِعْ مَا يُجِيبُونَكَ فَإِنَّهَا تَحِيَّتُكَ وَتَحِيَّةُ ذُرِّيَّتِكَ قَالَ فَذَهَبَ فَقَالَ السَّلاَمُ عَلَيْكُمْ فَقَالُوا السَّلاَمُ عَلَيْكَ وَرَحْمَةُ اللَّهِ – قَالَ – فَزَادُوهُ وَرَحْمَةُ اللَّهِ 

നീ പോയി ആ സംഘത്തിന് (മലക്കുകള്‍ക്ക്) സലാം പറയുക. അവ൪, ഇരിക്കുന്ന മലക്കുകളുടെ ഒരു സംഘമാണ്. എന്നിട്ട് അവ൪ നിനക്ക് ഉത്തരം നല്‍കുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. അത് നിന്റെയും നിന്റെ സന്തതികളുടെയും അഭിവാദ്യമാകുന്നു. അദ്ദേഹം പോയിട്ട് പറഞ്ഞു: അസ്സലാമു അലൈക്കും (നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ)  അപ്പോള്‍ അവ൪ പറഞ്ഞു: അസ്സലാമു അലൈക്ക വ റഹ്മത്തുല്ലാഹ്  (നിനക്ക് അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും ഉണ്ടാകട്ടെ). അവ൪ (പ്രത്യഭിവാദ്യത്തില്‍)    റഹ്മത്തുല്ലാഹ് എന്ന് വ൪ദ്ധിപ്പിച്ചു. (മുസ്ലിം:2841)

 

ആദമിനെ സൃഷ്ടിച്ച ശേഷം അല്ലാഹു എല്ലാ വസ്തുക്കളുടെയും പേരുകള്‍ അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുത്തു.

 

وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَٰٓؤُلَآءِ إِن كُنتُمْ صَٰدِقِينَ

 

അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. (ഖു൪ആന്‍:2/31)

 

‘പേരുകള്‍ പഠിപ്പിച്ചു’ എന്നു പറഞ്ഞതിന്റെ വിവക്ഷ ഓരോന്നിനും ഇന്നഇന്ന പേരാണെന്ന് പഠിപ്പിച്ചുവെന്നാണെന്നും, എല്ലാ വസ്തുക്കളുടെയും പേരടക്കം അവയെ സംബന്ധിച്ച വിവരങ്ങള്‍ പഠിപ്പിച്ചുവെന്നാണെന്നും പറയപ്പെടുന്നു.  അല്ലാഹു അദ്ദേഹത്തിന് എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിക്കുകയും മലക്കുകളോട് അവയുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവയുടെ പേരുകള്‍ പറയാന്‍ മലക്കുകള്‍ക്ക് അതിന് കഴിഞ്ഞില്ല. ആദമിനോട് അവയുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദം അതെല്ലാം പറഞ്ഞുകൊടുത്തു. അങ്ങനെ മനുഷ്യനായ ആദമിന്റെ ശ്രേഷ്ടത മലക്കുകള്‍ മനസ്സിലാക്കി.

 

قَالُوا۟ سُبْحَٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ – قَالَ يَٰٓـَٔادَمُ أَنۢبِئْهُم بِأَسْمَآئِهِمْ ۖ فَلَمَّآ أَنۢبَأَهُم بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ غَيْبَ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ

 

അവര്‍ (മലക്കുകള്‍) പറഞ്ഞു: നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും.അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?(ഖു൪ആന്‍:2/32-33)

 

അതിനെ തുട൪ന്ന്  ആദമിന്(അ) സുജൂദ് ചെയ്യണമെന്ന് മലക്കുകളോട് അല്ലാഹു കല്‍പ്പിക്കുന്നു.

 

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ

 

ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.(ഖു൪ആന്‍:2/34)

 

മലക്കുകളോട് ആദമിന് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചത് ആരാധനയുടെ സുജൂദായിരുന്നില്ല. മറിച്ച്, അത് ഒരു ഉപചാരത്തിന്റെ ഭാഗമായിട്ടായിരുന്നു. മാത്രവുമല്ല,  അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ചെയ്യുന്നതാകയാല്‍ അത് അല്ലാഹുവിനുള്ള ഇബാദത്താണ്. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം മലക്കുകള്‍ ആദമിന് സുജൂദ് ചെയ്തുവെങ്കിലും മലക്കുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ജിന്ന് വ൪ഗത്തില്‍പെട്ട ഇബ്ലീസ് ആദമിന്(അ) സുജൂദ് ചെയ്തില്ല.

 

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ

 

ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ (പ്രണമിക്കുന്നതിന്) വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (ഖു൪ആന്‍:2/34)

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:ആദമിന് സൂജൂദ് ചെയ്യുവാനുള്ള കൽപന മലക്കുകളെ അഭിമുഖീകരിക്കുന്നതായിട്ടാണ് ക്വുർആനിൽ എല്ലാ സ്ഥലത്തും പറയപ്പെട്ടിരിക്കുന്നത്. ഇബ്‌ലീസാണെങ്കിൽ ജിന്നുവർഗത്തിൽ പെട്ടവനാണ് ( كَانَ مِنَ الْجِنِّ) എന്ന് സൂ: അൽകഹ്ഫിൽ അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷെ, സൂജൂദിന്റെ കൽപന ധിക്കരിക്കുക മൂലം അല്ലാഹുവിൻ്റെ ശാപകോപത്തിന് പാത്രമാകുന്നതിനുമുമ്പ് അവൻ മലക്കുകളാകുന്ന ‘മലഉൽ അഅ്ലാ’ (الْمَلَأ الْأَعْلَىٰ ) യുടെ കൂട്ടത്തിലായിരുന്നുവെന്നും, പ്രസ്‌തുത സംഭവത്തിനു ശേഷമാണ് അവൻ അവരിൽനിന്ന് ബഹിഷ്‌കരിക്കപ്പെട്ടതെന്നുമാണ് ക്വുർആൻ വ്യാഖ്യാതാക്കൾ പ്രസ്‌താവിച്ചു കാണുന്നത്. 69- ാ൦ വചനവും 71- ാ൦ വചനവും തമ്മിലുള്ള ബന്ധം നോക്കുമ്പോഴും ഈ പ്രസ്‌താവന ശരിയായിരിക്കുവാൻ ന്യായം കാണുന്നു. അല്ലായിരുന്നുവെങ്കിൽ സുജൂദ് ചെയ്യുവാനുള്ള കൽപന മലക്കുകളോടാണല്ലോ – എനിക്ക് ബാധകമല്ലല്ലോ – എന്ന് ഇബ്‌ലീസ് പറയുമായിരുന്നു. തന്റെ ധിക്കാരത്തെ ന്യായീകരിച്ച കൂട്ടത്തിൽ ഇങ്ങിനെയൊരു സൂചന പോലും അവൻ ഉന്നയിച്ചിട്ടില്ലതാനും. അപ്പോൾ, وَكَانَ مِنَ الْكَافِرِينَ (അവൻ അവിശ്വാസികളിൽ പെട്ടവനാണ്) എന്ന് പറഞ്ഞതിന്റെ താൽപ്പര്യം രണ്ട് പ്രകാരത്തിലായിരിക്കാവുന്നതാണ്. അതായത്, സൂജൂദ് ചെയ് വാൻ കൂട്ടാക്കാതെ ഗർവ് നടിച്ചതുകൊണ്ട് അവൻ അവിശ്വാസികളിൽ പെട്ടവനായിതീർന്നു (اي صار مِنَ الْكَافِرِينَ ) എന്നും, അവൻ അവിശ്വാസികളുടെ കൂട്ടത്തിൽപെട്ടവനാണെന്ന് അല്ലാഹുവിന് മുമ്പേ അറിയാമായിരുന്നു (اي كان في علم الله من الكافرين ) എന്നും, ഈ രണ്ട് പ്രകാരത്തിലും ഈ വാക്യത്തിന് മഹാന്മാർ അർത്ഥം കൽപിച്ചു കാണാം.(അമാനി തഫ്സീ൪ : ഖു൪ആന്‍ 38/71-74 ന്റെ വിശദീകരണത്തില്‍ നിന്ന്)

 

താന്‍ ആദമിനേക്കാള്‍ ഉന്നതനാണെന്ന ചിന്തയാണ് ഇബ്ലീസിനെ ആദമിന് സുജൂദ് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത്. സുജൂദ് ചെയ്യാത്തതോടെ ഇബ്ലീസ് നിന്ദ്യനായിത്തീ൪ന്നു.

 

قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

 

അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു ? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.(ഖു൪ആന്‍:7/12)

 

قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ

 

അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:7/13)

 

മലക്കുകളോട് ആദം നബി (അ)ന് സുജൂദ് ചെയ്യുവാൻ കൽപിച്ചത് എന്തിന് ? 

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:മലക്കുകളോട് ആദം നബി (അ)ന് സുജൂദ് ചെയ്യുവാൻ കൽപിച്ചതിൽ നമുക്കറിയാത്ത പല യുക്തികളും അടങ്ങിയിരിക്കാം. ഏതായാലും അത് മനുഷ്യവർഗത്തിന്റെ ശ്രേഷ്‌ഠതയും, അല്ലാഹുവിങ്കൽ മനുഷ്യനുള്ള സ്ഥാനവും കാണിക്കുന്നുണ്ടെന്ന് സ്‌പഷ്‌ടമത്രെ. ഈ സുജൂദ് എങ്ങിനെയുള്ളതായിരുന്നുവെന്നതിൽ ഒന്നിലധികം അഭിപ്രായങ്ങളുണ്ട്. സുജൂദ് യഥാർത്ഥത്തിൽ അല്ലാഹുവിനായിരുന്നുവെന്നും, ആദം നബി (അ) കേവലം ഒരു ക്വിബ്‌ല മാത്രമായിരുന്നു- അഥവാ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്- എന്നുമാണ് ചിലർ പറയുന്നത്. അതല്ല, ഒരു ഉപചാരവും ബഹുമാനവുമെന്ന നിലക്കായിരുന്നുവെന്ന് വേറെ ചിലരും പറയുന്നു. സുജൂദുകൊണ്ട് ഇവിടെ വിവക്ഷ സാഷ്ടാംഗ നമസ്‌കാരമല്ല- താഴ്‌മയും വിനയവും കാണിക്കലാണ്- എന്ന് മൂന്നാമതൊരു വിഭാഗം പറയുന്നു. അല്ലാഹുവിനറിയാം. ഏതായാലും- ഇമാം റാസി (റ) പ്രസ്‌താവിച്ചതു പോലെ – ഈ സുജൂദിന്റെ ഉദ്ദേശ്യം ആദം നബി (അ)ന് ആരാധന ചെയ്യലല്ല എന്നുള്ളതിൽ സംശയമില്ല. ഈ വിഷയത്തിൽ മുസ്‌ലിംകൾക്കിടയിൽ ഭിന്നാഭിപ്രായവുമില്ല. കാരണം, അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ ശിർക്കാണെന്നും, ശിർക്ക്‌ ചെയ് വാൻ അല്ലാഹു ഒരിക്കലും കൽപിക്കുകയില്ലെന്നും സ്‌പഷ്‌ടമാകുന്നു. ഈ സുജൂദിന്റെ താൽപര്യം എന്തുതന്നെ ആയിരുന്നാലും അതു അല്ലാഹുവിന്റെ കൽപന അനുസരിച്ചാണല്ലോ. ഈ സുജൂദിനെ ആധാരമാക്കി മനുഷ്യവർഗം മലക്കുകളടക്കമുള്ള മറ്റെല്ലാ വർഗങ്ങളെക്കാളും ശ്രേഷ്ടതയുള്ളവരാണെന്ന് തീർത്തു പറയുവാൻ സാധ്യമല്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ മുസ്‌ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതും.(അമാനി തഫ്സീ൪ : ഖു൪ആന്‍ 38/71 ന്റെ വിശദീകരണത്തില്‍ നിന്ന്)

 

സ്ത്രീയുടെ സൃഷ്ടിപ്പ്
     
അടിസ്ഥാനപരമായി പുരുഷനില്‍നിന്നു തന്നെയാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 

 فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ

നബി(സ്വ) അരുളി: നിശ്ചയം, സ്ത്രീകള്‍ വാരിയെല്ലില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. …. (ബുഖാരി. 3331)

 

ഇമാം നവവി(റഹി) പറഞ്ഞു: ‘ആദമിന്റെ ഒരു വാരിയെല്ലില്‍ നിന്നാണ് ഹവ്വാഅ് സൃഷ്ടിക്കപ്പെട്ടതെന്ന കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ചിലരുടെ അഭിപ്രായത്തിന് ഈ ഹദീസില്‍ തെളിവുണ്ട്. അല്ലാഹു പറയുന്നു:

 

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً ۚ 

 

മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ….(ഖു൪ആന്‍:4/1)

 

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

 

നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.(ഖു൪ആന്‍:30/21)

 

وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ ۚ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ

 

അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൌത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്‌? (ഖു൪ആന്‍:16/72)

     
ആദമിനെ(അ) സൃഷ്ടിച്ചതിന് ശേഷം അദ്ദേഹത്തിന് വേണ്ടി  അദ്ദേഹത്തില്‍ നിന്ന് തന്നെ അല്ലാഹു സൃഷ്ടിച്ച ഇണയാണ് ഹവ്വാഅ് (അ) 
     
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:ആദം നബി(അ)യെ മണ്ണില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് (3:59 ലും മറ്റും) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ അദ്ദേഹത്തിന്റെ ഉല്‍പത്തിയെപ്പറ്റി ഒന്നും പ്രസ്താവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഇണയെ സൃഷ്ടിച്ചത് അദ്ദേഹത്തില്‍നിന്നാണെന്നു വ്യക്തമാക്കിയിരിക്കുന്നു. وَخَلَقَ مِنْهَا زَوْجَهَا (ആ ആത്മാവില്‍ നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു) എന്ന വാക്യത്തിന്റെ അര്‍ത്ഥം ആദമാകുന്ന ആ ആത്മാവിന്റെ ഇണയെ അതില്‍ നിന്നുതന്നെ സൃഷ്ടിച്ചു രൂപപ്പെടുത്തി എന്നാണല്ലോ. എന്നാല്‍, അദ്ദേഹത്തില്‍ നിന്ന് ഇണയെ സൃഷ്ടിച്ചതെങ്ങിനെയാണെന്നു തീര്‍ത്തുപറയത്തക്ക തെളിവുകളൊന്നും ഇല്ല. ആദം(അ)നെ സൃഷ്ടിച്ചപ്പോള്‍ അദ്ദേഹത്തിന് തക്കതായ ഒരു ഇണ ഇല്ലായ്കയാല്‍ അല്ലാഹു അദ്ദേഹത്തിനു ഒരു ഗാഢനിദ്ര നല്‍കിയെന്നും, ഉറങ്ങിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഒരു വാരിയെല്ലെടുത്ത് ആ എല്ലിനെ ഒരു സ്ത്രീയാക്കി സൃഷ്ടിച്ചുവെന്നുമാണ് ബൈബ്ള്‍ (ഉല്‍പത്തി : 2 ല്‍ 21 – 23) പറയുന്നത്. ബൈബ്‌ളിന്‍റെ പ്രസ്താവനയെ ആധാരമാക്കി ഇത് ഉറപ്പിക്കുവാന്‍ വയ്യ. കാരണം, അതിലെ സത്യവും അസത്യവും വേര്‍തിരിച്ചറിയുവാന്‍ നിവൃത്തിയില്ല. എങ്കിലും ഇപ്പറഞ്ഞതില്‍ സത്യമുണ്ടെന്നു തോന്നിക്കുന്ന പ്രബലമായ ഒരു നബിവചനം നിലവിലുണ്ട്. സ്ത്രീകളോട് നല്ലനിലയില്‍ പെരുമാറുവാന്‍ വസ്വിയ്യത്ത് ചെയ്തുകൊണ്ട് നബി (സ.അ) ഇങ്ങിനെ പറയുന്നു: فانهن خلقن من ضلع (رواه الشيخان) ( “….കാരണം, അവര്‍ വാരിയെല്ലിനാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (ബുഖാരി –  മുസ്ലിം) ഈ ഹദീഥിനെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത് ആദം(അ)ന്‍റെ വാരിയെല്ലില്‍നിന്നാണ് ഹവ്വാഅ്(അ) സൃഷ്ടിക്കപ്പെട്ടത് എന്നാകുന്നു. ഹദീഥിന്റെ വാചകം നേര്‍ക്കുനേരെ നോക്കുമ്പോള്‍ മനസ്സിലാകുന്നതും അങ്ങിനെയാണ്. അതേ സമയം നബി (സ്വ) അതൊരു ഉപമാലങ്കാര രൂപത്തില്‍ പ്രസ്താവിച്ചതായിരിക്കുവാനും സാധ്യതയുണ്ട്. ഹദീഥിലെ തുടര്‍ന്നുള്ള വാചകങ്ങള്‍ നോക്കുക: وان اعوج شىء من الضلع اعلاه “വാരിയെല്ലില്‍വെച്ച് ഏറ്റവും വളഞ്ഞതു അതില്‍ മേലെയു ള്ളതുമാണ്. അതുകൊണ്ട് അതിനെ ചൊവ്വാക്കി നിര്‍ത്തുവാന്‍ ശ്രമിക്കുന്നപക്ഷം നീ അതുപൊട്ടിക്കേണ്ടിവരും. അതിനെ അതിന്‍റെ പാട്ടിനു വിട്ടേക്കുന്ന പക്ഷം അതു വളഞ്ഞുംകൊണ്ടു തന്നെയിരിക്കും.” ചുരുക്കിപ്പറഞ്ഞാല്‍, വാരിയെല്ലില്‍നിന്നാവട്ടെ, അല്ലാതിരിക്കട്ടെ; ഹവ്വാഇനെ സൃഷ്ടിച്ചതു ആദം (അ) എന്ന ആളില്‍നിന്നാണെന്നു തീര്‍ത്തു പറയാം. വാരിയെല്ലില്‍നിന്നാണെന്നു ഉറപ്പിച്ചു പറയത്തക്ക തെളിവില്ലെങ്കിലും ആ അഭിപ്രായം തെറ്റാണെന്നു വിധി കല്‍പിക്കുവാനും തെളിവുകളൊന്നുമില്ല. والّله اعلم  (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/1 ന്റെ വിശദീകരണത്തില്‍ നിന്ന്)

 

സ്വ൪ഗത്തില്‍ താമസിപ്പിക്കുന്നു

 

സുജൂദിന്റെ സംഭവത്തിനുശേഷം അല്ലാഹു ആദം(അ)നെയും ഹവ്വാഅ്(അ)നെയും  സ്വ൪ഗത്തില്‍ താമസിപ്പിക്കുന്നു. യഥേഷ്ടം എവിടെ നിന്നും എന്തും ഭക്ഷിക്കാനും അനുവദിച്ചു. പക്ഷേ, ഒരു നിശ്ചിത വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുതെന്ന് പ്രത്യേകം അവരെ വിലക്കി. അത് അവ൪ക്ക് ഒരു പരീക്ഷണമായിരുന്നു. 

 

وَقُلْنَا يَٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ

 

ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. (ഖു൪ആന്‍:2/35)

      
അതോടൊപ്പം ഇബ്ലീസിനെ സദാ സൂക്ഷിച്ചുകൊള്ളണമെന്നും, അവന്‍ നിങ്ങളെ ഈ സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളില്‍നിന്നു പുറത്താക്കുവാന്‍ കാരണമുണ്ടാക്കുന്നതു കാത്തുകൊള്ളണമെന്നും അല്ലാഹു അവരെ(അ) ഓ൪മ്മിപ്പിക്കുകയും ചെയ്തു. 

 

فَقُلْنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ – إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ – وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ

 

അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും. തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം. നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം. (ഖു൪ആന്‍ :20/117-119)

 

സ്വന്തം ആഭിജാത്യവും, അഹങ്കാരവും, അസൂയയും നിമിത്തമാണെങ്കിലും ഇബ്‌ലീസ് കാലാകാലം ആട്ടപ്പെട്ടവനായി ശപിക്കപ്പെടുവാന്‍ ഇടവന്നത് ആദമിന്‍റെ കാരണം കൊണ്ടാണല്ലോ. അതുകൊണ്ട് ആദം (അ) ആ പരീക്ഷണത്തില്‍ വിജയിക്കുന്നത് അവന് സഹിക്കുവാന്‍ കഴിഞ്ഞില്ല. ദുരുപദേശങ്ങളും ദുഷ്‌പ്രേരണകളും നല്‍കി അവന്‍ അവരെ അബദ്ധത്തില്‍ ചാടിച്ചു. അങ്ങനെ, ആദമും ഹവ്വാഉം (അ) ആ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചുകളഞ്ഞു. അങ്ങനെ, അവരുടെ സ്വര്‍ഗീയജീവിതം അവര്‍ക്ക് നഷ്ടപ്പെടുവാനും, ഭൂമിയില്‍ ജീവിതം നയിക്കുവാനും അവന്‍ കാരണമായിത്തീര്‍ന്നു.

 

فَوَسْوَسَ إِلَيْهِ ٱلشَّيْطَٰنُ قَالَ يَٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ – فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ

 

അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു. (ഖു൪ആന്‍ :20/120-121)

 

ആദമും ഹവ്വായും സ്വ൪ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്, അവരോടൊപ്പം ഇബ്ലീസും
   
വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചത്  സ്വര്‍ഗീയജീവിതം അവര്‍ക്ക് നഷ്ടപ്പെടുവാനും, ഭൂമിയില്‍ ജീവിതം നയിക്കുവാനും  കാരണമായിത്തീര്‍ന്നു.

 

فَأَزَلَّهُمَا ٱلشَّيْطَٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَٰعٌ إِلَىٰ حِينٍ

 

എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. (ഖു൪ആന്‍:2/36)

 

ഭൂമിയിലേക്ക് അയക്കുമ്പോള്‍, നിങ്ങള്‍ തമ്മില്‍ ശത്രുക്കളായിരിക്കുമെന്നും, ഒരു നിശ്ചിതകാലം വരെ താമസിക്കുവാനുള്ള സൗകര്യവും, ജീവിക്കുവാനാവശ്യമായ വിഭവങ്ങളും അവിടെ ഉണ്ടായിരിക്കുമെന്നും പ്രത്യേകം ഓര്‍മിപ്പിച്ചു. മനുഷ്യനും പിശാചും തമ്മിലുള്ള ആജീവനാന്ത ശത്രുതയും, മനുഷ്യര്‍ തമ്മിലുണ്ടാകുന്ന ശത്രുതയും, ശത്രുത നിമിത്തം നേരിടാവുന്ന ഭവിഷ്യത്തുകളും സംബന്ധിച്ചു സദാ ജാഗരൂകരായിരിക്കണെമന്നുള്ള താക്കീതും, മനുഷ്യവര്‍ഗത്തിന് അല്ലാഹു നിശ്ചയിച്ച കാലാവധി തീരും വരെ താമസിക്കുവാനുള്ള പാര്‍പ്പിടസൗകര്യവും, ഉപജീവനമാര്‍ഗവും ഈ ഭൂമിയില്‍ ഉണ്ടെന്നുള്ള വാഗ്ദാനവും സഹിതമാണ് അല്ലാഹു അവരെ ഭൂലോകത്തേക്കയക്കുന്നത്. 

 

പുനരുത്ഥാന ദിവസം വരെ  മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ ഇബ്ലീസ് അല്ലാഹുവിനോട് അപേക്ഷിച്ചു. ഇതിന്റെ കാരണം വ്യക്തമാണ്, മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കുന്ന കാലത്തോളം അവരെ വഞ്ചിക്കുവാനും, വഴിപിഴപ്പിക്കുവാനും തനിക്ക് അവസരം ഉണ്ടാവണം. 

 

قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ – قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ – إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ

 

അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ പുനരുത്ഥാന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ. അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. അറിയപ്പെട്ട (ആ നിശ്ചിത) സമയത്തിന്റെ ദിവസം വരെ. (ഖു൪ആന്‍:15/36-38)

 

പുനരുത്ഥാന ദിവസം വരെ ഒഴിവ് കിട്ടിയാല്‍ മരണത്തില്‍ നിന്നും, അനന്തര നടപടികളില്‍ നിന്നും തനിക്ക് ഒഴിവായി കിട്ടുമെന്നും ഒരു പക്ഷേ, പിശാച് വ്യാമോഹിച്ചിരിക്കാം. പക്ഷേ, ആ അപേക്ഷ അല്ലാഹു നിരസിക്കുകയും, അന്ത്യനാള്‍ വരെ മാത്രം ഒഴിവ് നല്‍കുകയുമാണ്‌ ചെയ്തത്. അതോടെ തന്റെ അന്ത്യം വരുമെങ്കിലും അതു വരെ ലഭിക്കുന്ന ഒഴിവ് മുഴുവനും മനുഷ്യനെ വഴിപിഴപ്പിക്കുന്നതില്‍ വിനിയോഗിക്കുവാന്‍ അവന്റെ ദുഷ്ടത അവനെ പ്രേരിപ്പിച്ചു. 

 

ﻗَﺎﻝَ ﺃَﺭَءَﻳْﺘَﻚَ ﻫَٰﺬَا ٱﻟَّﺬِﻯ ﻛَﺮَّﻣْﺖَ ﻋَﻠَﻰَّ ﻟَﺌِﻦْ ﺃَﺧَّﺮْﺗَﻦِ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻷََﺣْﺘَﻨِﻜَﻦَّ ﺫُﺭِّﻳَّﺘَﻪُۥٓ ﺇِﻻَّ ﻗَﻠِﻴﻼً

 

അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും.(ഖു൪ആന്‍:17/62)

 

അല്ലാഹു ഇബ്ലീസിന് സമയം നീട്ടികൊടുത്തപ്പോള്‍ അവന്‍ പറഞ്ഞത് കാണുക:

 

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ 

 

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. (ഖു൪ആന്‍:15/39)

 

قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ – ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ

 

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:7/16-17)

 

ഈ മനുഷ്യവര്‍ഗ്ഗം കാരണമാണല്ലോ എന്നെ നീ വഴി തെറ്റിയവനാക്കി നിശ്ചയിച്ചത്. അതിനാല്‍, നിന്റെ നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ അവരെ അനുവദിക്കാതെ, അവരെ വഴിപിഴപ്പിക്കുവാന്‍ ഞാന്‍ തക്കം പാര്‍ത്തുകൊണ്ടേ ഇരിക്കും. വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അവരെ ഞാന്‍ വഞ്ചിച്ചു കൊണ്ടിരിക്കും. മുമ്പിലൂടെയും, പിമ്പിലൂടെയും, വലതും ഇടത്തും ഭാഗങ്ങളിലൂടെയും അഥവാ അവരെ വഞ്ചിക്കുവാന്‍ സാധ്യമാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും അവരെ ഞാന്‍ സമീപിക്കും. അങ്ങനെ, ഭൂരിഭാഗം മനുഷ്യരെയും നിന്നോട് നന്ദിയും കൂറുമില്ലാത്തവരായിട്ടേ കാണുകയുള്ളു എന്നൊക്കെയാണ് അവന്‍ അല്ലാഹുവിനോട് പറഞ്ഞത്. 

 

ആദമിന്റെ പശ്ചാത്താപം

 

പശ്ചാത്തപിച്ചു മടങ്ങേണ്ടുന്ന വിധവും അതിനുള്ള വാക്കുകളും അല്ലാഹുവിങ്കല്‍ നിന്നുതന്നെയാണ് ആദമിന് ലഭിച്ചത്. അങ്ങനെ, ആ വാക്കുകള്‍ മുഖേന അദ്ദേഹം പാപമോചനം തേടുകയും അല്ലാഹു അത് സ്വീകരിച്ചു പൊറുത്തു കൊടുക്കുകയും ചെയ്തുവെന്നാണ് ഖു൪ആന്‍ പറയുന്നത്.

 

ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ

 

അപ്പോള്‍ ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍) മുഖേന പശ്ചാത്തപിച്ചുപ്പോള്‍ അല്ലാഹു ആദമിന് പാപമോചനം നല്‍കി. തീ൪യായും അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും ദയാപരനുമത്രെ (ഖു൪ആന്‍ :2/37)

 

ആദം(അ) തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ മുഖാന്തിരം അല്ലാഹുവിനോട് പശ്ചാത്തപിച്ചുവെന്നാണ് ഈ ആയത്തില്‍ പറയുന്നത്. ആ വചനങ്ങൾ എന്തായിരുന്നുവെന്ന്  ഖു൪ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ

അവ൪ രണ്ടുപേരും പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവേ,  ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും’.(ഖു൪ആന്‍ :7/23)

 

ആദമിനോടും, ഹവ്വായോടും മുഴുവന്‍ മനുഷ്യരോടുമുളള  അല്ലാഹുവിന്റെ ഉപദേശം

 

قَالَ ٱهْبِطَا مِنْهَا جَمِيعًۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ

 

അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല.(ഖു൪ആന്‍ :20/123)

 

ആദമിനോടും, ഹവ്വായോടും പ്രഥമമായും, ലോകാവസാനംവരെയുള്ള അവരുടെ സന്താനങ്ങളോട് പൊതുവായും നല്‍കുന്ന ഒരു ഉല്‍ബോധാനമാണിത്. മനുഷ്യന്റെ ജന്മശത്രുവായ പിശാചിന്റെ പ്രേരണകള്‍ക്കു വശംവദനാകുന്നപക്ഷം, മനുഷ്യന്‍ ഇഹത്തിലും പരത്തിലും അറ്റമില്ലാത്ത കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന ശക്തിയായ താക്കീതാണ് അതില്‍ അടങ്ങുന്നത്.

 

ശേഷമുള്ള മനുഷ്യരുടെ സൃഷ്ടിപ്പ്

 

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ – ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ – ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ

 

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖു൪ആന്‍:23/12-14)

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:മനുഷ്യസൃഷ്ടിയുടെ തുടക്കത്തെപ്പറ്റി അവിടെ ‘മണ്ണില്‍നിന്നു’ ( مِّن تُرَابٍ) എന്നാണ് പറഞ്ഞത്. ഇവിടെ ‘കളിമണ്ണിന്റെ സത്തില്‍നിന്ന്’ (مِن سُلَالَةٍ مِّن طِينٍ) എന്നു പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആദ്യപിതാവായ ആദംനബിയെ  (അ) മണ്ണില്‍ നിന്നുതന്നെ സൃഷ്ടിച്ചതിനെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. കുഴഞ്ഞമാവുപോലെയുള്ള കളിമണ്ണില്‍ നിന്നുള്ള ഏതോ ഒരു തരം സത്തില്‍ നിന്ന് ആദം (അ) സൃഷ്ടിക്കപ്പെട്ടു. ഇതാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം. പിന്നീട് ഇന്ദ്രിയ ബീജം വഴിയുള്ള മനുഷ്യോല്‍പാദനം രൂപംകൊള്ളുകയും, ജനനപരമ്പര തുടരുകയും ചെയ്തു. പിതാക്കളില്‍ നിന്നുള്ള ശുക്ലബീജം മാതാക്കളുടെ ഗര്‍ഭാശയത്തില്‍ സ്ഥലം പിടിക്കുന്നതിനെയാണ് ‘ഭദ്രമായ താവളത്തില്‍വെച്ചു’ എന്നു പറഞ്ഞത്. മാംസപിണ്ഡത്തില്‍ ക്രമേണ അസ്ഥിക്കൂടം രൂപപ്പെടുത്തുകയും, അസ്ഥികളില്‍ മാംസം ധരിപ്പിച്ച് ഒരു പുതിയ സൃഷ്ടിയായി – അംഗങ്ങളും, ഇന്ദ്രിയശക്തികളും തികഞ്ഞ ഒരു പൂര്‍ണ്ണമനുഷ്യനായി – പുറത്തുകൊണ്ടുവരികയും ചെയ്തതിനെപ്പറ്റി സൂ: ഹജ്ജില്‍ പ്രസ്താവിച്ചത് ثُمَّ نُخْرِجُكُمْ طِفْلًا (പിന്നെ നാം, നിങ്ങളെ ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു) എന്നായിരുന്നു.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 23/12-14 ന്റെ വിശദീകരണത്തില്‍ നിന്ന്)

 

 فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا

……….. തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. ….. (ഖു൪ആന്‍:22/5)

 

فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ – خُلِقَ مِن مَّآءٍ دَافِقٍ

 

എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. (ഖു൪ആന്‍:85/5-6)

 

നാല് രൂപങ്ങളിലായിട്ടാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത്.

 

(1)ആണും പെണ്ണുമില്ലാതെ അല്ലാഹു സൃഷ്ടിച്ചു. (ഉദാ:- ആദം)
(2)പെണ്ണില്ലാതെ വെറും ആണില്‍ നിന്ന് അല്ലാഹു സൃഷ്ടിച്ചു. (ഉദാ:- ഹവ്വാഅ്)
(3)ആണില്ലാതെ വെറും പെണ്ണില്‍ നിന്ന് അല്ലാഹു സൃഷ്ടിച്ചു. (ഉദാ:- ഈസാ)
(4)ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി അല്ലാഹു സൃഷ്ടിച്ചു. (ഉദാ:- മറ്റെല്ലാ മനുഷ്യരും)

 

ആദ്യത്ത മനുഷ്യനെ അല്ലാഹു മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. അദ്ദേഹത്തില്‍ നിന്നും ആദ്യത്തെ സ്ത്രീയെ സൃഷ്ടിച്ചു. അവ൪ തമ്മിലുള്ള ശാരീരിക ബന്ധത്തിലൂടെയാണ് അവ൪ക്ക് മക്കളുണ്ടാകുന്നു. അഥവാ ശേഷമുള്ള മനുഷ്യരില്‍ ഈസാ(അ) ഒഴികെയുള്ളവരെല്ലാം ആണും പെണ്ണും തമ്മിലുള്ള  ശാരീരിക ബന്ധത്തിലൂടെ സൃഷ്ടിക്കപ്പെട്ടവരാണ്. ബീജം മനുഷ്യശരീരത്തില്‍ ഉണ്ടാകുന്നതിനും ഭൂമിയിലെ മണ്ണ് കാരണമാകുന്നുണ്ട്. ചുരുക്കത്തല്‍ എല്ലാ മനുഷ്യരും മണ്ണില്‍ നിന്നുള്ളവരാണ്.

 

ചില ഗുണപാഠങ്ങള്‍

 

(ഒന്ന്) മനുഷ്യന്‍ ഒന്നിന്റെ പേരിലും പെരുമ നടിക്കുകയോ അഹങ്കരിക്കുകയോ ചെയ്യരുത്. എല്ലാ മനുഷ്യരും മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. 

 

തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി(സ്വ) പറഞ്ഞു:

أيها الناس، إن ربكم واحد، وإن أباكم واحد، كلكم لآدم، وآدم من تراب، إن أكرمكم عند الله أتقاكم، ليس لعربي فضل على أعجمي إلا بالتقوى 

ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.

 

മണ്ണില്‍ നിന്നുള്ള മനുഷ്യന്‍ മണ്ണിലേക്ക് തന്നെയാണ് മടങ്ങേണ്ടതും. 

 

مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ

 

അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം (ഉയ൪ത്തെഴുന്നേല്‍പ്പ് നാളില്‍) നാം പുറത്തുകൊണ്ട് വരികയും ചെയ്യും.(ഖു൪ആന്‍:20/55)

 

(രണ്ട്) അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ വിവേചനം ഉണ്ടായിട്ടില്ല. മനുഷ്യ൪ എന്ന നിലക്ക് സ്ത്രീക്കും പുരുഷനും തുല്ല്യ സ്ഥാനമാണുള്ളത്. ആദമിനെ ഒരു ആത്മാവില്‍ നിന്നും അല്ലാഹു സൃഷ്ടിച്ചു. അതേ ആത്മാവില്‍ നിന്നുതന്നെ ആദമിന്റെ ഇണയേയും സൃഷ്ടിച്ചു. 

 النِّسَاءُ شَقَائِقُ الرِّجَالِ

നബി(സ്വ) പറഞ്ഞു: സ്ത്രീ പുരുഷന്റെ പകുതിയാണ്. (അബൂദാവൂദ് : 236)

 

(മൂന്ന്) മനുഷ്യ൪ ഒരേ മാതാപിതാക്കളുടെ മക്കളാണ്. അഥവാ എല്ലാ മനുഷ്യരും കുടുംബപരമായി സഹോദരങ്ങളാണ്.

 

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ

 

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍::49/13)

 

(നാല്) ആത്മീയമായി മനുഷ്യന്‍ ഉന്നതനാണ്

 

മനുഷ്യ൪ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചീന്തുകയും ചെയ്യുന്നവരാണെന്ന് മലക്കുകള്‍ പറഞ്ഞതിനെ അല്ലാഹു ആക്ഷേപിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അവരില്‍ ആ സ്വഭാവം ഉണ്ടെങ്കിലും അതിനേക്കാള്‍ മഹനീയമായത് അവരില്‍ ഉണ്ടാകാമെന്ന് അല്ലാഹു മലക്കുകള്‍ക്ക് കാണിച്ചു കൊടുത്തു. അല്ലാഹു ആദമിന് മുഴുവന്‍ നാമങ്ങളും പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു കൊടുത്തിട്ട് അവയുടെ നാമങ്ങള്‍  പറയാന്‍ നി൪ദ്ദേശിച്ചെങ്കിലും അത് പറയാന്‍ മലക്കുകള്‍ക്ക് കഴിഞ്ഞില്ല. ആദമിന്റെ മഹനീയമായ കഴിവും സൃഷ്ടിപ്പിന്റെ വലിപ്പവും കണ്ടിട്ട് മലക്കുകള്‍ പറഞ്ഞുപോയി: അല്ലാഹുവേ, നീ പരിശുദ്ധനാണ്. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യന് മലക്കുകള്‍ സുജൂദ് ചെയ്യേണ്ടി വരികയും ചെയ്തു. അതെ, ആത്മീയമായി മനുഷ്യന്‍ ഉന്നതനാണ്. 

 

(അഞ്ച്) അല്ലാഹു ആദമിനെ മലക്കുകളേക്കാള്‍ ശ്രേഷ്ടമാക്കിയത് അറിവ് കൊണ്ടാണ്.ശരിയായ അറിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഈ അറിവ് കരസ്ഥമാക്കാന്‍ നാം ഉല്‍സാഹിക്കണം. 

عَنْ مُعَاوِيَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:  مَنْ يُرِدِ اللَّهَ بِهِ خَيْرًا يُفَقِّهُهُ فِي الدِّينِ

മുആവിയയില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറഞ്ഞു: ആർക്കാണോ അല്ലാഹു നൻമ ചെയ്യാൻ ഉദ്ദേശിക്കുന്നത് അയാൾക്ക് അവൻ ദീനില്‍ വിജ്ഞാനം നൽകുന്നതാണ്.(ബുഖാരി: 71-മുസ്‌ലിം: 1037)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الْجَنَّةِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു:ആരെങ്കിലും ദീനീവിജ്ഞാനം അന്വേഷിച്ചു് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കിക്കൊടുക്കും. (തി൪മിദി:2646)
     
അല്ലാഹുവില്‍ നിന്നുള്ള അറിവ് ലഭിച്ചാല്‍ മനുഷ്യന്‍ ഭൂമിയില്‍ സമാധാനത്തിന്റെ വക്താവായി അവിടെ ശാന്തിയും സമാധാനവും ഉണ്ടാക്കുന്നവനായിരിക്കും. അല്ലാഹുവില്‍ നിന്നുള്ള അറിവ് ലഭിച്ചില്ലെങ്കിലോ മനുഷ്യന്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചീന്തുകയും ചെയ്യുന്നവനായേക്കും.

 

 إِنَّهُۥ كَانَ ظَلُومًا جَهُولًا

 

തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അറിവുകെട്ടവനുമാകുന്നു. (ഖു൪ആന്‍:33/72)

 

മനുഷ്യന്‍ അല്ലാഹുവില്‍ നിന്നുള്ള അറിവ് നേടുകയും  ഭൂമിയില്‍ സമാധാനത്തിന്റെ വക്താവാകുകയും ചെയ്യുമ്പോഴെല്ലാം മനുഷ്യന്റെ ശത്രുവായ പിശാചിന് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ എല്ലാ കാലത്തും മനുഷ്യ൪ ശരിയായ വിജ്ഞാനം നേടുന്നതില്‍ നിന്നും തടയാന്‍ പിശാച് പരിശ്രമിക്കുന്നതാണ്.

 

(ആറ്) മനുഷ്യന്‍ ഒന്നുമറിയാത്ത അവസ്ഥയില്‍ വന്നവനാണ്. അല്ലാഹു അവന് എല്ലാം പഠിപ്പിച്ചു കൊടുത്തു. ആദ്യത്തെ മനുഷ്യന് അല്ലാഹു പഠിപ്പിച്ച് കൊടുത്തത് മേല്‍ വിവരിച്ചതാണല്ലോ. ശേഷമുള്ള മനുഷ്യരുടെ അവസ്ഥയും അതുതന്നെയാണ്.

 

عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ

 

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.(ഖു൪ആന്‍::96/5)

 

وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ

 

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.(ഖു൪ആന്‍:16/78)

 

(ഏഴ്) ആദമിന് തെറ്റ് പറ്റിയെങ്കില്‍ മുഴുവന്‍ മനുഷ്യ൪ക്കും തെറ്റ് പറ്റാം. തെറ്റ് പറ്റിയാല്‍ തൌബ ചെയ്യുക.

 عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏:‏ ‏ ‏ كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ

അനസിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’.(ഇബ്നു മാജ:37/4392)

 

ആദമിന് (അ) സംഭവിച്ച തെറ്റില്‍ അദ്ദേഹം പശ്ചാത്തപിച്ചതുപോലെ നമുക്ക് സംഭവിക്കുന്ന തെറ്റിലും നാം പശ്ചാത്തപിച്ച് മടങ്ങണം.

 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ

 

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. ………(ഖു൪ആന്‍:66/8)

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا

അബൂമൂസയിൽ(റ) നിന്ന് നിവേദനം: പ്രവാചകൻ (സ്വ)പറഞ്ഞു:തീർച്ചയായും ഉന്നതനായ അല്ലാഹു രാത്രിയിൽ തന്റെ കരം നീട്ടുന്നു പകലിൽ പാപം ചെയ്തവർക്ക്‌ പൊറുത്തുകൊടുക്കാനായി , അവൻ പകലിൽ കരം നീട്ടുന്നു , രാത്രിയിൽ പാപം ചെയ്തവർക്ക്‌ പൊറുത്തുകൊടുക്കാനായി, സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ (അല്ലാഹു അപ്രകാരം ചെയ്തു കൊണ്ടിരിക്കും). (മുസ്‌ലിം:2759)

 

(എട്ട്) തുമ്മുമ്പോള്‍ സ്തുതിക്കുക, സ്തുതിച്ചവിന് വേണ്ടി പ്രാ൪ത്ഥിക്കുക

 

ആദ്യമായി തുമ്മിയത്  ആദം (അ) ആണല്ലോ. അപ്പോള്‍ യര്‍ഹമുക്കല്ലാഹ് എന്ന് പറഞ്ഞത് അല്ലാഹു തന്നെയാണ്. നമ്മുടെ ജീവിത്തിലും ഈ മര്യാദ പാലിക്കുക.

 عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ يُحِبُّ الْعُطَاسَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം, അല്ലാഹു തുമ്മുന്നതിനെ ഇഷ്ടപ്പെടുന്നു…. (ബുഖാരി:6226)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ الْعُطَاسُ مِنَ اللَّهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം, തുമ്മല്‍ അല്ലാഹുവില്‍ നിന്നാണ് …. (തി൪മിദി:43/ 2970)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِذَا عَطَسَ أَحَدُكُمْ فَلْيَقُلِ الْحَمْدُ لِلَّهِ‏.‏ وَلْيَقُلْ لَهُ أَخُوهُ أَوْ صَاحِبُهُ يَرْحَمُكَ اللَّهُ‏.‏ فَإِذَا قَالَ لَهُ يَرْحَمُكَ اللَّهُ‏.‏ فَلْيَقُلْ يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും തുമ്മി എന്നാല്‍ അവന്‍ അല്‍ഹംദുലില്ലാഹ് എന്ന്‌ പറയട്ടെ. അപ്പോള്‍ അവന്റെ സഹോദരന്‍ അല്ലെങ്കില്‍ സ്നേഹിതന്‍ അവന്ന്‌ വേണ്ടി യര്‍ഹമുകല്ലാഹു എന്ന്‌ പ്രത്യുത്തരം നല്‍കണം. അവന്‍ അപ്രകാരം പറഞ്ഞാല്‍ തുമ്മിയവന്‍ ഇപ്രകാരം ചൊല്ലണം. യഹ്ദീകുമുല്ലാഹു വയുസ്വ്‌ ലീഹ്‌ ബാലകും. (ബുഖാരി:6224) 

 

(ഒമ്പത്) സലാം പ്രചരിപ്പിക്കുക

 

ആദ്യമായി സലാം പറഞ്ഞത് ആദം (അ) ആണല്ലോ. സലാം മടക്കിയത് മലക്കുകളുമാണ്. അത് നിന്റെയും നിന്റെ സന്തതികളുടെയും അഭിവാദ്യമാകുന്നുവെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. നാം സലാമിനെ പ്രചരിപ്പിക്കുന്നവരാകുക.

عَنْ أَنَسٍ قَالَ‏:‏ قَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ إِنَّ السَّلامَ اسْمٌ مِنْ أَسْمَاءِ اللهِ تَعَالَى، وَضَعَهُ اللَّهُ فِي الأَرْضِ، فَأَفْشُوا السَّلامَ بَيْنَكُمْ

അനസിൽ(റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: നിശ്ചയം, അസ്സലാം അല്ലാഹുവിന്റെ നാമങ്ങളില്‍ ഒരു നാമമാണ്. അല്ലാഹു ഭൂമിയില്‍ അത് നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാമിനെ വ്യാപിപ്പിക്കുക. (അദബുല്‍ മുഫ്രദ് : 989)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:  لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا ‏.‏ أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സത്യവിശ്വാസികളാവാതെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അന്യോന്യം സ്നേഹമുള്ളവരാകാതെ നിങ്ങൾ സത്യവിശ്വാസികളാകുന്നതല്ല. ഞാൻ നിങ്ങൾക്ക് ഒരു കാര്യം  അറിയിച്ചു തരട്ടയോ?  അത് പ്രാവർത്തികമാക്കിയാൽ  നിങ്ങൾ പരസ്പരം  സ്നേഹമുള്ളവരായിരിക്കും. നിങ്ങൾക്കിടയിൽ നിങ്ങൾ സലാം  വ്യാപിപ്പിക്കുക. (മുസ്‌ലിം: 54)

 

സലാം പറയുന്നതിന്റെ രൂപം ആദമിലൂടെ തന്നെ മനുഷ്യരെ അല്ലാഹു പഠിപ്പിച്ചു. സലാം പറയുമ്പോള്‍ പ്രത്യഭിവാദ്യം പറയേണ്ടത് അതേപോലെയോ അതില്‍ കുടുതലായോ ആയിട്ടായിരിക്കണം. അത് ഖു൪ആന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത് കാണുക:

وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ ۗ 

 

നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്‌) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക.(ഖു൪ആന്‍:4/86)

     
അസ്സലാമു അലൈകും എന്ന് പറഞ്ഞാല്‍ പത്തും അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് എന്ന് പറഞ്ഞാല്‍ ഇരുപതും  അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്ന് പറഞ്ഞാല്‍ മുപ്പതും പ്രതിഫലമാണെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. (തി൪മിദി:2689)

 

(പത്ത്) ആദമിനെയും ഹവ്വായെയും സ്വ൪ഗത്തില്‍ നിന്നും പുറത്താക്കി ഭൂമിയിലേക്ക് അയച്ചപ്പോള്‍, നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. ശേഷമുള്ള മനുഷ്യരോടും ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. അഥവാ ഭൂമിയിലെ ജീവിതം ഒരു പരീക്ഷണത്തിന് വേണ്ടി മാത്രമാണ്. അത് ഏത് നിമിഷവും അവസാനിക്കാവുന്നതാണ്. അത് ഒരു നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാണ്. അനശ്വരമായ ജീവിതം പരലോകത്താണ്, അത് സ്വ൪ഗത്തിലായാലും നരകത്തിലായാലും.

 

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

 

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)

 

(പതിനൊന്ന്) ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുതെന്നും പിശാചിനെ കരുതിയിരിക്കണമെന്നും അല്ലാഹു ആദമിനോടും ഹവ്വായോടും പറഞ്ഞിരുന്നു. പിശാച് ദു൪മോഹങ്ങള്‍ കൊണ്ടും വ്യാമോഹങ്ങള്‍ കൊണ്ടും ആദമിനെ പ്രലോഭിപ്പിച്ചപ്പോള്‍ മറന്നു. പിശാച് ഇടപെടുമ്പോള്‍ മനുഷ്യന്‍ ശരിയായ അറിവും ഹിദായത്തും മറക്കും. 

 

وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًا

 

മുമ്പ് നാം ആദമിനോട് കരാര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം അതു മറന്നുകളഞ്ഞു. അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല. (ഖു൪ആന്‍ : 20/115)

 

(പന്ത്രണ്ട്) മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയാണ്.

 

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

 

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)

 

പ്രവാചകന്‍മാ൪, പുണ്യവാളന്‍മാ൪ തുടങ്ങി ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആരെയും ആരാധിക്കാന്‍ പാടില്ല. 

 

(പതിമൂന്ന്) പിശാച് പല രൂപത്തിലും മനുഷ്യരെ നരകത്തിലേക്ക് നയിക്കും. കുഫ്റും ശി൪ക്കും ചെയ്യിപ്പിച്ചും അതിന് വശംവദരാകാത്തവരെ മറ്റ് വന്‍പാപങ്ങളിലൂടെയും ഹറാമായ കാര്യങ്ങളിലൂടെയും അവന്‍ നരകത്തിലെത്തിക്കാനായി പലതരത്തിലുള്ള പ്രവ൪ത്തനങ്ങളും നടത്തും. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത്.

 

 ﻳَٰﺒَﻨِﻰٓ ءَاﺩَﻡَ ﻻَ ﻳَﻔْﺘِﻨَﻨَّﻜُﻢُ ٱﻟﺸَّﻴْﻄَٰﻦُ ﻛَﻤَﺎٓ ﺃَﺧْﺮَﺝَ ﺃَﺑَﻮَﻳْﻜُﻢ ﻣِّﻦَ ٱﻟْﺠَﻨَّﺔِ ﻳَﻨﺰِﻉُ ﻋَﻨْﻬُﻤَﺎ ﻟِﺒَﺎﺳَﻬُﻤَﺎ ﻟِﻴُﺮِﻳَﻬُﻤَﺎ ﺳَﻮْءَٰﺗِﻬِﻤَﺎٓ ۗ ﺇِﻧَّﻪُۥ ﻳَﺮَﻯٰﻛُﻢْ ﻫُﻮَ ﻭَﻗَﺒِﻴﻠُﻪُۥ ﻣِﻦْ ﺣَﻴْﺚُ ﻻَ ﺗَﺮَﻭْﻧَﻬُﻢْ ۗ ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ٱﻟﺸَّﻴَٰﻄِﻴﻦَ ﺃَﻭْﻟِﻴَﺎٓءَ ﻟِﻠَّﺬِﻳﻦَ ﻻَ ﻳُﺆْﻣِﻨُﻮﻥَ

 

ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. (ഖു൪ആന്‍ :7/27)

 

പിശാചിന്റെ കുതന്ത്രങ്ങളെയെല്ലാം കരുതിയിരിക്കാന്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതാണ്. പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നെല്ലാം രക്ഷപെടുന്നതിനുള്ള വിവിധ മാ൪ഗങ്ങളെ കുറിച്ച് അല്ലാഹുവും അവന്റെ റസൂലും(സ്വ) പഠിപ്പിച്ചിട്ടുള്ളത് മനസ്സിലാക്കുക. അതില്‍ പ്രധാനപ്പെട്ടതാണ് ജീവിതത്തിലുടനീളം ഇഖ്ലാസ് കാത്തുസൂക്ഷിക്കുക അഥവാ ചെയ്യുന്നതെല്ലാം അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുകൊണ്ടു മാത്രമാകുക, തവക്കുല്‍ കാത്തുസൂക്ഷിക്കുക അഥവാ സകല കാര്യങ്ങളിലും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുക, യഥാ൪ത്ഥ വിശ്വാസിയാകുക, തഖ്‌വയുള്ളവരാകുക, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്തുക എന്നുള്ളത്. അങ്ങനെയാകുമ്പോള്‍ പിശാചിന്റെ കുതന്ത്രങ്ങളെയെല്ലാം അതിജീവിക്കാന്‍ കഴിയും. അതിനുള്ള തെളിവ് കാണുക.

 

ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ – ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ

 

അവന്‍ (ഇബ്ലീസ്‌) അല്ലാഹുവിനോട് പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ  ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:38/82-83)

 

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ –  ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ

 

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:15/39-40)

 

ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ

 

വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്‌ ) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/99-100)

 

إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ

 

തീ൪ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുണ്ടാകുന്ന വല്ല ദു൪ബോധനവും ബാധിച്ചാല്‍ അവര്‍ക്ക്‌ (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ വരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍കാഴ്‌ചയുള്ളവരാകുന്നു.(ഖു൪ആന്‍:7/201)

 

ഹാരിഥുല്‍ അശ്അരിയില്‍(റ) നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം.സക്കരിയാ നബിയുടെ(അ) പുത്രന്‍ യഹ്’യായോട്(അ) അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു. ‘ദൈവസ്മരണ അധികരിപ്പിക്കണമെന്ന് ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നു.കാരണം ശത്രുവോട് ഏറ്റുമുട്ടാന്‍ അങ്കിയും പടച്ചട്ടയും ധരിച്ച ഒരാളെ പോലെ ദൈവദാസന്‍ ദൈവസ്മരണയില്‍ ആയിരിക്കുമ്പോള്‍ പിശാചിന്റെ ആക്രമണത്തില്‍ നിന്നും സദാ സുരക്ഷിതനായിരിക്കും’. (അഹ്’മദ്, തി൪മുദി – ഈ ഹദീസ് കുറ്റമറ്റതാണെന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട്)
                
             
www.kanzululoom.com     
Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.