ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടു വന്നതാര് ? ഈ സംഭവം ഇസ്തിഗാസക്ക് തെളിവോ?

സുലൈമാന്‍ നബി(അ) തന്റെ സദസ്സസില്‍ വെച്ച് അങ്ങ് അകലെയുള്ള സബഇലെ ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം അവ൪ ഇവിടെ എത്തുന്നതിന് മുമ്പ് ആരാണ് എടുത്തുകൊണ്ട് തരികയെന്ന് ചോദിച്ചപ്പോള്‍ ജിന്നില്‍ പെട്ട ഒരു മല്ലന്‍ അത് ഉച്ചക്ക് മുമ്പ് എടുത്തുകൊണ്ട് തരാമെന്നും ആസഫ്‌ ബിൻ ബർഖിയാ എന്ന് പേരുള്ള വലിയ്യ് താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പ് അത് എടുത്തുകൊണ്ട് വരാമെന്ന് പറയുകയും അത് കൊണ്ട് തന്നെ അഭൌതികമായ സഹായതേട്ടം അല്ലാഹു അല്ലാത്തവരോട് തേടാമെന്നും നമ്മുടെ നാട്ടില്‍ ചില൪ പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്യുന്നു.ഈ സംഭവത്തിലൂടെ സമൂഹത്തെ ബോധപൂ൪വ്വം തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ട൪ ചെയ്യുന്നത്.ഇതിന്റെ വസ്തുത അറിയുന്നതിനായി പ്രസ്തുത കാര്യങ്ങള്‍ വിവരിക്കുന്ന ഖു൪ആന്‍ ആയത്തുകളും പ്രാമാണികരായ മുഫസ്സിറുകളുടെ വ്യാഖ്യാനവും നാം മനസ്സിലാക്കേണ്ടതുണ്ട്.

 

ആദ്യമായി, സുലൈമാന്‍ (അ) തന്റെ സദസ്സില്‍ വെച്ച് ഇപ്രകാരം ആവശ്യപ്പെടാനുണ്ടായ സാഹചര്യം മനസ്സിലാക്കേണ്ടതുണ്ട്.സുലൈമാന്‍ (അ) തന്റെ സൈന്യത്തിലെ പക്ഷി വിഭാഗത്തെ പരിശോധിച്ചപ്പോള്‍ ഹുദ്ഹുദ് പക്ഷിയെ (മരംകൊത്തി) കണ്ടില്ല. പിന്നീട് അത് വന്നപ്പോള്‍ ഒരു പ്രധാന വാ൪ത്തയും കൊണ്ടാണ് വന്നത്.അറേബ്യ അര്‍ദ്ധ ദ്വീപിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തുള്ള യമനിലെ സബഉകാരെ ഭരിച്ച് വരുന്ന ഒരു സ്ത്രീയെ കണ്ടുവെന്നും എല്ലാവിധ ശക്തികളും, വിഭവങ്ങളും , അവ൪ക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരു വമ്പിച്ച സിംഹാസനവും അവ൪ക്കുണ്ടെന്നും ഹുദ്ഹുദ് അറിയിച്ചു. ‘അവളെയും, അവളുടെ ജനതയെയും അല്ലാഹുവിനെ വിട്ട് സൂര്യന് സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യുന്നതായി താന്‍ കണ്ടതായും ഹുദ്ഹുദ് അറിയിച്ചു.രാജ്ഞിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു കത്ത് അദ്ദഹം ഹുദ്ഹുദ് മുഖാന്തിരം കൊടുത്തയച്ചു. ‘എന്നോട് നിങ്ങള്‍ ഔന്നത്യം കാണിക്കരുത്, നിങ്ങള്‍ ‘മുസ്‌ലിംകളായി’ എന്റെ അടുക്കല്‍ വരുകയും ചെയ്യണമെന്ന് കത്തില്‍ രേഖപ്പെടുത്തിയിരുന്നു.രാജ്ഞി തന്റെ സദസ്സിലെ പ്രമുഖന്‍മാരുമായി കൂടിയാലോചന നടത്തി. അനന്തരം, വളരെ വിലപിടിച്ച ഒരു രാജകീയ സമ്മാനവുമായി ഒരു സംഘത്തെ സുലൈമാന്‍ നബിയുടെ (അ) അടുക്കലേക്ക് റാണി അയച്ചു.സുലൈമാന്‍ ആ സമ്മാനം നിരസിക്കുകയും അവരെ നേരിടുന്നതിനായി സൈന്യവുമായി വരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ അങ്ങോട്ട് യുദ്ധത്തിന് പോകാതെതന്നെ രാജ്ഞിയും സംഘവും അല്ലാഹുവിന് കീഴ്പ്പെട്ട് ഇങ്ങോട്ട് വരുമെന്ന് അദ്ധേഹത്തിന് വിവരം ലഭിക്കുന്നു.ഇക്കാര്യം വിശുദ്ധ ഖുര്‍ആനില്‍ സൂറ: നംലില്‍ 20 മുതല്‍ 37 വരെയുള്ള ആയത്തുകളിലൂടെ അല്ലാഹു അറിയിച്ചിട്ടുണ്ട്.
    
മേല്‍ സാഹചര്യങ്ങളെ തുട൪ന്നാണ് സുലൈമാന്‍(അ) തന്റെ സദസ്സില്‍ വെച്ച് ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം അവ൪ ഇവിടെ എത്തുന്നതിന് മുമ്പ് ആരാണ് എടുത്തുകൊണ്ട് തരികയെന്ന് ചോദിക്കുന്നത്.ഈ രംഗം വിശുദ്ധ ഖു൪ആനില്‍ നിന്നും മനസ്സിലാക്കാം.
 
ﻗَﺎﻝَ ﻳَٰٓﺄَﻳُّﻬَﺎ ٱﻟْﻤَﻠَﺆُا۟ ﺃَﻳُّﻜُﻢْ ﻳَﺄْﺗِﻴﻨِﻰ ﺑِﻌَﺮْﺷِﻬَﺎ ﻗَﺒْﻞَ ﺃَﻥ ﻳَﺄْﺗُﻮﻧِﻰ ﻣُﺴْﻠِﻤِﻴﻦَ ﻗَﺎﻝَ ﻋِﻔْﺮِﻳﺖٌ ﻣِّﻦَ ٱﻟْﺠِﻦِّ ﺃَﻧَﺎ۠ ءَاﺗِﻴﻚَ ﺑِﻪِۦ ﻗَﺒْﻞَ ﺃَﻥ ﺗَﻘُﻮﻡَ ﻣِﻦ ﻣَّﻘَﺎﻣِﻚَ ۖ ﻭَﺇِﻧِّﻰ ﻋَﻠَﻴْﻪِ ﻟَﻘَﻮِﻯٌّ ﺃَﻣِﻴﻦٌﻗَﺎﻝَ ٱﻟَّﺬِﻯ ﻋِﻨﺪَﻩُۥ ﻋِﻠْﻢٌ ﻣِّﻦَ ٱﻟْﻜِﺘَٰﺐِ ﺃَﻧَﺎ۠ ءَاﺗِﻴﻚَ ﺑِﻪِۦ ﻗَﺒْﻞَ ﺃَﻥ ﻳَﺮْﺗَﺪَّ ﺇِﻟَﻴْﻚَ ﻃَﺮْﻓُﻚَ ۚ ﻓَﻠَﻤَّﺎ ﺭَءَاﻩُ ﻣُﺴْﺘَﻘِﺮًّا ﻋِﻨﺪَﻩُۥ ﻗَﺎﻝَ ﻫَٰﺬَا ﻣِﻦ ﻓَﻀْﻞِ ﺭَﺑِّﻰ ﻟِﻴَﺒْﻠُﻮَﻧِﻰٓ ءَﺃَﺷْﻜُﺮُ ﺃَﻡْ ﺃَﻛْﻔُﺮُ ۖ ﻭَﻣَﻦ ﺷَﻜَﺮَ ﻓَﺈِﻧَّﻤَﺎ ﻳَﺸْﻜُﺮُ ﻟِﻨَﻔْﺴِﻪِۦ ۖ ﻭَﻣَﻦ ﻛَﻔَﺮَ ﻓَﺈِﻥَّ ﺭَﺑِّﻰ ﻏَﻨِﻰٌّ ﻛَﺮِﻳﻢٌ
 
അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ പ്രമുഖന്‍മാരേ, അവര്‍ അല്ലാഹുവിന് കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക? ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍(ഇഫ്‌രീത്ത്) പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നു തരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.വേദഗ്രന്ഥത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു: താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു.(ഖു൪ആന്‍ :27/38-40)
 
രാജ്ഞിയും സംഘവും എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരികയെന്ന് സുലൈമാന്‍(അ) ചോദിച്ചപ്പോള്‍ ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ (ഇഫ്‌രീത്ത്) പറഞ്ഞത്, അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നു തരാമെന്നാണ്.സുലൈമാന്‍(അ) സാധാരണ രാവിലെ മുതല്‍ ഉച്ച വരെ തന്റെ പ്രജകളുടെ ക്ഷേമാന്വേഷണത്തിനും ഭരണകാര്യങ്ങള്‍ക്കുമായി സദസ്സില്‍ ഇരിക്കുമായിരുന്നു. അപ്രകാരം ഉച്ചക്ക് എഴുന്നേല്‍ക്കുന്നതിനുമുമ്പായി സിംഹാസനം കൊണ്ടുവന്നുതരാമെന്നാണ് ഇഫ്‌രീത്ത് പറഞ്ഞത്.എന്നാല്‍ വേദഗ്രന്ഥത്തില്‍ നിന്നുള്ള വിജ്ഞാനം നേടിയിട്ടുള്ള ആള്‍ പറഞ്ഞത്, താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാനത് കൊണ്ടു വന്ന് തരാമെന്നാണ്.ഈ വ്യക്തി ആരാണെന്ന് ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല.ഇവിടെ ‘വേദഗ്രന്ഥം’ കൊണ്ടുള്ള ഉദ്ദേശ്യം ദൈവികഗ്രന്ഥമാണെന്നും ‘വിജ്ഞാനം’ കൊണ്ടുള്ള ഉദ്ദേശ്യം പ്രത്യേക തരം പ്രാർത്ഥനയാണെന്നുമാണ് മിക്ക മുഫസ്സിറുകളും പറയുന്നത്. ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഇമാം ഇബ്നു കസീ൪ (റ) തന്റെ തഫ്സീറില്‍ പറയുന്നത്, ഈ വ്യക്തി ആസഫ്‌ ബിൻ ബർഖിയാ എന്ന വലിയ്യ് ആണെന്നാണ്. അദ്ധേഹത്തിന് ‘അല്ലാഹുവിന്റെ അതിമഹത്തായ ചില നാമങ്ങള്‍’ ( اسم الله الاظيم ) അറിയാമായിരുന്നുവെന്നും അത് വെച്ച് ദുആ ചെയ്താല്‍ ഉത്തരം ലഭിക്കുമായിരിന്നുവെന്നും  ഇബ്നു കസീറില്‍ കാണാം. അദ്ധേഹം വുളൂ ചെയ്ത് രണ്ട് റക്അത്ത് നമസ്കരിച്ച്, ശാമിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് ദൂആ ചെയ്തു. ആ ദുആ വരെ ഇബ്നു കസീ൪ (റ) എടുത്തു കൊടുത്തിട്ടുണ്ട്. ദൂആക്ക് ഉത്തരമായികൊണ്ട് അല്ലാഹു സിംഹാസനം എത്തിച്ചു കൊടുത്തു.ഇത് കറാമത്തായി കൊണ്ട് സംഭവിച്ചിട്ടുള്ളതാണ്.
 
സിംഹാസനം കൊണ്ട് വന്നത് സുലൈമാന്‍(അ) നബി തന്നെയായിരുന്നുവെന്നാണ് ഇമാം റാസി (റ) തന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.അപ്പോള്‍ സുലൈമാന്‍(അ) ആദ്യം പറഞ്ഞ ഇഫ്‌രീത്തിനോട്‌ ഒരു വെല്ലുവിളി ആയിട്ട് അങ്ങോട്ടു പറഞ്ഞ വാക്കാണിത്. അങ്ങനെയാകുമ്പോള്‍ ഈ ആയത്തില്‍ നിന്ന് ഇപ്രകാരം മനസ്സിലാക്കാം. സുലൈമാന്‍(അ) ചോദിച്ചു: ‘നിങ്ങളില്‍ ആരാണ്, അവര്‍ എന്റെ അടുക്കല്‍ വരുന്നതിനുമുമ്പ് അവരുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നുതരിക?’ ഇഫ്‌രീത്ത് പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പായി ഞാന്‍ അത് അങ്ങേക്ക് കൊണ്ടുവന്നു തരാം. നിശ്ചയമായും, ഞാന്‍ അതിന് കഴിവുള്ളവനും, വിശ്വസ്തനുമാണ്. അപ്പോള്‍ സുലൈമാന്‍(അ) ഇഫ്‌രീത്തിനോട്‌ പറഞ്ഞു.താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാനത് കൊണ്ടു വരാം. അപ്രകാരം സിംഹാസനം അവിടെ കൊണ്ടു വരികയും ചെയ്തു. മുഅജിസത്തായിട്ടാണ് സുലൈമാന്‍(അ) സിംഹാസനം കൊണ്ട് വന്നത്. ഈ മുഅജിസത്ത് വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇപ്രകാരം വെല്ലുവിളി വെളിപ്പെടുത്തിയത്.
 
സുലൈമാന്‍ നബി (അ) തന്നെയാണ് സിംഹാസനം കൊണ്ടുവന്നതെന്ന അഭിപ്രായമാണ് സത്യത്തോട് കൂടുതല്‍ അടുത്തതെന്നാണ് ഇമാം റാസി (റഹി) പറയുന്നത്.ഇതിന് വേണ്ടി അ‍ഞ്ച് കാരണങ്ങള്‍ ഇമാം റാസി (റഹി) തന്റെ തഫ്സീറില്‍ ചൂണ്ടിക്കാണിക്കുന്നു.ഇതില്‍ ഒന്നാമത്തേതായി അദ്ധേഹം പറയുന്നത്, ഒരു നബി ജീവിച്ചിരിപ്പുള്ള ഒരു സദസ്സില്‍ ‘വേദഗ്രന്ഥത്തില്‍ നിന്ന് അറിവ് നേടിയിട്ടുള്ള ഒരാള്‍’ എന്നതില്‍ ഒന്നാമത്തെ ഉദ്ദേശം ആ നബി തന്നെ ആയിരിക്കും. കാരണം ആ നബി പഠിപ്പിച്ചു കൊടുത്ത അറിവേ മറ്റുള്ളവ൪ക്ക് ഉണ്ടാകുകയുള്ളൂ.അതുകൊണ്ട് തന്നെ ‘വേദഗ്രന്ഥത്തില്‍ നിന്ന് അറിവ് നേടിയിട്ടുള്ള ഒരാള്‍’ എന്നത് സുലൈമാന്‍ നബിയെ(അ) കുറിച്ചാണെന്നും അദ്ധേഹം തന്നെയാണ് സിംഹാസനം കൊണ്ടുവന്നതെന്നും ഇമാം റാസി (റഹി) പറയുന്നു.
 
ഏകദേശം 1500 കി.മീ. അപ്പുറത്തുള്ള സിംഹാസനം ഇഫ്‌രീത്ത് ഏതാനും മണിക്കൂറുകള്‍ക്കകവും ആസഫ്‌ ബിൻ ബർഖിയാ (റ) കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പും കൊണ്ടുതരാമെന്ന് പറഞ്ഞതില്‍ നിന്ന് അല്ലാഹു അല്ലാത്തവ൪ക്കും അഭൌതികമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും നമുക്കും അല്ലാഹുവിന്റെ ഔലിയാക്കളോട് ഇസ്തിഗാസ നടത്താവുന്നതുമാണെന്നാണ് നമ്മുടെ നാട്ടിലെ ശി൪ക്കന്‍ വിശ്വാസങ്ങള്‍ വെച്ചു പുല൪ത്തുന്നവ൪ പ്രചരിപ്പിക്കുന്നത്. സുലൈമാന്‍(അ) വരെ അല്ലാഹു അല്ലാത്തവരോട് അഭൌതികമായ സഹായം ചോദിച്ചുവെന്നും ഇക്കൂട്ട൪ വാദിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതാണ്.
 
  1. സുലൈമാന്‍(അ) അഭൌതിക മാ൪ഗ്ഗത്തില്‍ സഹായതേട്ടം നടത്തുകയോ അതു വഴി ശി൪ക്ക് ചെയ്യുകയോ ചെയ്തിട്ടില്ല.രാജ്ഞിയും സംഘവും മുസ്ലീംകള്‍ ആയി വരുന്നതിന് മുമ്പ് സിംഹാസനം കൊണ്ടു വരുന്നതാരാണെന്ന് മാത്രമാണ് അദ്ധേഹം ചോദിച്ചത്.ഇത് അഭൌതികമായ ചോദ്യം അല്ല.കണ്ണ്ചിമ്മി തുറക്കുന്നതിന് മുമ്പ് സിംഹാസനം കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല.
  2. സുലൈമാന്‍(അ) തന്റെ സദസ്സിലുള്ളവരോട് സഹായ തേട്ടമല്ല നടത്തിയിട്ടുള്ളത്. ഇബ്നു കസീ൪ (റ) പറഞ്ഞതു പോലെ അദ്ദേഹം തന്റെ കീഴിലുള്ളവരോട് ഉത്തരവിടുകയോ ഇമാം റാസി (റ) പറഞ്ഞതു പോലെ മുഅജിസത്ത് വെളിപ്പെടുത്തുന്നതിന് വേണ്ടി വെല്ലുവിളി നടത്തുകയോ ആണ് ചെയ്തിട്ടുള്ളത്.
  3. ഇബ്നു കസീ൪ (റ) പറഞ്ഞതു പോലെ ആസഫ്‌ ബിൻ ബർഖിയാ (റ) ആണ് സിംഹാസനം കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പ് കൊണ്ടുതരാമെന്ന് പറഞ്ഞതെങ്കില്‍ അത് ഇസ്തിഗാസക്കുള്ള തെളിവല്ല.കാരണം സിംഹാസനം കൊണ്ടു വന്നത് ആസിഫിന്റെ കഴിവല്ല.അദ്ധേഹം ദുആ ചെയ്തു.അല്ലാഹു സിംഹാസനം കൊണ്ടുവന്നു.ഇത് കറാമത്താണ്.ഒരു വലിയ്യ് ഉദ്ദേശിക്കുന്ന സമയത്ത് കറാമത്ത് പ്രകടിപ്പിക്കാന്‍ കഴിയില്ല.കാരണം കറാമത്തിന് പിന്നില്‍ പ്രവ൪ത്തിക്കുന്നത് അല്ലാഹുവാണ്. ഇവിടെ ആസഫിന്’അല്ലാഹുവിന്റെ അതിമഹത്തായ ചില നാമങ്ങള്‍’ ( اسم الله الاظيم ) കൊണ്ട് ദുആ ചെയ്താല്‍ ഉത്തരം ലഭിക്കുമെന്ന് അറിയാമായിരുന്നു. അപ്രകാരം ദുആ ചെയ്തപ്പോള്‍ ഉത്തരം കിട്ടി.ഇത് ആസിഫിന്റെ കഴിവല്ല.അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ ഔലിയാക്കളോട് അഭൌതിക കാര്യങ്ങള്‍ ചോദിക്കാമെന്ന (പ്രാ൪ത്ഥന നടത്താമെന്ന) വാദത്തിന് ഇതില്‍ തെളിവില്ല.
  4. ഇമാം റാസി (റ) പറഞ്ഞതു പോലെ സുലൈമാന്‍(അ) ആണ് സിംഹാസനം കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പ് കൊണ്ടുതരാമെന്ന് തരാമെന്ന് പറഞ്ഞതെങ്കില്‍ അതും ഇസ്തിഗാസക്കുള്ള തെളിവല്ല.മുഅജിസത്തായിട്ടാണ് സുലൈമാന്‍(അ) സിംഹാസനം കൊണ്ട് വന്നത്. ഈ മുഅജിസത്ത് വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇപ്രകാരം വെല്ലുവിളി വെളിപ്പെടുത്തിയത്.ഒരു പ്രവാചകന്‍ ഉദ്ദേശിക്കുന്ന സമയത്ത് മുഅജിസത്ത് പ്രകടിപ്പിക്കാന്‍ കഴിയില്ല.കാരണം മുഅജിസത്തിന് പിന്നില്‍ പ്രവ൪ത്തിക്കുന്നത് അല്ലാഹുവാണ്. അല്ലാഹു മുഅജിസത്ത് സുലൈമാനിലൂടെ പ്രകടിപ്പിച്ച് സിംഹാസനം കൊണ്ടുവന്നതാണ്.അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ പ്രവാചകന്‍മാരോട് അഭൌതിക കാര്യങ്ങള്‍ ചോദിക്കാമെന്ന (പ്രാ൪ത്ഥന നടത്താമെന്ന) വാദത്തിനും ഇതില്‍ തെളിവില്ല.
  5. സുലൈമാന്‍(അ) തന്റെ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി സിംഹാസനം കൊണ്ട് വരാമെന്ന് ഇഫ്‌രീത്ത് പറഞ്ഞപ്പോള്‍ അതിന് തനിക്ക് കഴിവുണ്ടെന്ന് കൂടി പറഞ്ഞിരുന്നു.എന്നാല്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പ് സിംഹാസനം കൊണ്ടുവരാമെന്ന് ആസഫോ സുലൈമാന്‍ നബിയോ പറയുമ്പോള്‍ അതിന് തനിക്ക് കഴിവുണ്ടെന്ന് പറയുന്നില്ലെന്നത് ശ്രദ്ധേയമാണ് .അവ൪ക്ക് അതിന് കഴിവില്ല. കാരണം ഇത് അഭൌതികമായ രീതിയിലാണ് (കാര്യ കാരണങ്ങള്‍ക്കതീതമായിട്ടാണ്) കൊണ്ടു വരുന്നത്. കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പ് 1500 കി.മീ. അപ്പുറത്തുള്ള സിംഹാസനം കൊണ്ട് വരുന്നത് അഭൌതികമായ രീതിയില്‍ മാത്രമാണ്. അത് അല്ലാഹുവിന് മാത്രമുള്ള കഴിവാണ്.ഈ കഴിവ് അല്ലാഹു മറ്റാര്‍ക്കും നല്‍കിയിട്ടില്ല.
  6. ഈ ലോകത്ത് ഏതൊരു കാര്യം നടക്കാനും അല്ലാഹു ഒരു കാരണം നിശ്ചയിട്ടുണ്ട്.ഈ കാര്യകാരണ ബന്ധങ്ങളിലൂടെയാണ് അല്ലാഹു പ്രപഞ്ചത്തിന്റെ നിലനില്പ് സംവിധാനിച്ചിട്ടുള്ളത്. കാരണങ്ങളിലൂടെ കാര്യത്തില്‍ എത്തിച്ചേരുക എന്നതാണ് പ്രപഞ്ചത്തിലെ അവന്റെ ചര്യ.ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.മലക്കുകള്‍, ജിന്നുകള്‍ എന്നീ സൃഷ്ടികളടെ കഴിവുകളുടേയും പ്രവ൪ത്തനങ്ങളുടേയും കാര്യകാരണ ബന്ധങ്ങള്‍ നമുക്ക് പിടികിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അതുകൊണ്ടുതന്നെ അതിനെ കുറിച്ച് അഭൌതികമെന്നോ കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമെന്നോ പറയാന്‍ പാടില്ല.
മനുഷ്യന് 1500 കി.മീ. ല്‍ അധികം യാത്ര ചെയ്ത് തിരിച്ച് വരണമെങ്കില്‍ അന്നത്തെ യാത്രാസൌകര്യങ്ങള്‍ അനുസരിച്ച് ദിവസങ്ങള്‍ / മാസങ്ങള്‍ വേണ്ടി വരും.അല്ലാഹു നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥിതി ആണത്. എന്നാല്‍ ഇഫ്‌രീത്തിന് ഇതിന് ഏതാനും മണിക്കൂറുകള്‍ മാത്രം മതി.ഇത് അവന് അല്ലാഹു നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥിതിയാണ്.ഇവിടെ ഒരു മനുഷ്യന്‍ ദിവസങ്ങള്‍ / മാസങ്ങള്‍ യാത്ര ചെയ്ത് സിംഹാസനം കൊണ്ടുവന്നാലും ഇഫ്‌രീത്ത് ഏതാനും മണിക്കൂറുകള്‍ സഞ്ചരിച്ച് സിംഹാസനം കൊണ്ടുവന്നാലും അത് കാര്യകാരണങ്ങള്‍ക്ക് വിധേയമായിട്ടാണ് കൊണ്ടു വരുന്നത്.സുലൈമാന്‍(അ) തന്റെ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി സിംഹാസനം കൊണ്ട് വരാമെന്ന് ഇഫ്‌രീത്ത് പറഞ്ഞത് അഭൌതികമായ (കാര്യകാരണങ്ങള്‍ക്കതീതമായ) രീതിയിലല്ലെന്ന് മനസ്സിലാക്കാം. കാര്യകാരണങ്ങള്‍ക്ക് വിധേയമായിട്ടാണ് അത് കൊണ്ടുവരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഏകദേശം 3000 ല്‍ അധികം കി.മീ. ഏതാനും മണിക്കൂറുകള്‍ കൊണ്ട് സഞ്ചരിക്കാന്‍ ഇഫ്‌രീത്തിന് കഴിയും.അത് അവന്‍ കണക്കുകൂട്ടിയാണ് സുലൈമാന്‍ നബി സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പെന്ന് പറഞ്ഞത്. അതിന് അവന് കഴിവ് ലഭിച്ചിട്ടുണ്ട്.’തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു’ എന്നവന്‍ പറഞ്ഞത് അതുകൊണ്ടാണ്.മറ്റുള്ള ജിന്നുകള്‍ അങ്ങനെ പറഞ്ഞിട്ടുമില്ല.അല്ലാഹു അല്ലാത്തവ൪ക്കും അഭൌതികമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന വാദത്തിനും ഇതില്‍ തെളിവില്ല.
 
അഭൌതികമായ മാർഗത്തിൽ കാര്യം സാധിച്ചു തരാനുള്ള ആവശ്യപ്പെടലാണ് പ്രാർത്ഥന. അഭൌതികമായ മാ൪ഗ്ഗമെന്നത് കാര്യകാരണങ്ങള്‍ക്കതീതമായ മാ൪ഗ്ഗമാണ്. മനുഷ്യനും ജിന്നും മലക്കുമെല്ലാം കാര്യകാരണങ്ങള്‍ക്ക് വിധേയമായിട്ടാണ് പ്രവ൪ത്തിക്കുന്നത്. അല്ലാഹു മാത്രമാണ് കാര്യകാരണങ്ങള്‍ക്കതീതമായി മറഞ്ഞ വഴിയില്‍ പ്രവ൪ത്തിക്കുന്നവന്‍. അല്ലാഹുവിനെ സംബന്ധിച്ച് അവന്‍ ഒരു കാര്യം നടപ്പാന്‍ ഉദ്ദേശിച്ചാല്‍ അപ്പോള്‍ തന്നെ അത് നടപ്പാക്കും.അല്ലാഹു പറയുന്നു.
 
ﺇِﻧَّﻤَﺎٓ ﺃَﻣْﺮُﻩُۥٓ ﺇِﺫَآ ﺃَﺭَاﺩَ ﺷَﻴْـًٔﺎ ﺃَﻥ ﻳَﻘُﻮﻝَ ﻟَﻪُۥ ﻛُﻦ ﻓَﻴَﻜُﻮﻥُ
താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.(ഖു൪ആന്‍ :36/82)
 
അല്ലാഹു ഒരു കാര്യം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അതിന് വേണ്ടി അവന് കാരണങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല.അപ്പോള്‍ തന്നെ അത് ഉണ്ടാകുന്നു. മറിയം(അ) ഈസാ നബിയെ(അ) ഗ൪ഭം ധരിച്ചത് അതിന് ഉദാഹരണമാണ്. ഇവിടെ മറിയം(അ) ഒരു ഗ൪ഭം ധരിക്കുന്നതിനാവശ്യമായ കാരണങ്ങളിലേക്ക് പോയിട്ടില്ല. അല്ലാഹു അത് ഉദ്ദേശിച്ചപ്പോള്‍ അവന്‍ അത് നടപ്പാക്കുകയാണ് ചെയ്തിട്ടുള്ളത്.അതെ, കാര്യകാരണങ്ങള്‍ക്കതീതമായ കാര്യം നടത്തുന്നവന്‍ അല്ലാഹു മാത്രം.

 

kanzululoom.com     

Leave a Reply

Your email address will not be published. Required fields are marked *