പ്രവാചകന്‍ കരഞ്ഞ നിമിഷങ്ങള്‍

വൈകാരികാവസ്ഥയനുസരിച്ച് മനുഷ്യരിൽ നടക്കുന്ന പ്രതികരണ പ്രവർത്തനമാണ് കരച്ചിൽ. ഒരു മനുഷ്യനിലെ ഹൃദയ നൈര്‍മല്യത്തിന്റെ തെളിവാണ് അവന്റെ കരച്ചില്‍. മനുഷ്യന് കരയാനുള്ള അവസ്ഥ ഏ൪പ്പെടുത്തിയത് അല്ലാഹുവാണ്.

 

وَأَنَّهُ هُوَ أَضْحَكَ وَأَبْكَىٰ

 

അവന്‍(അല്ലാഹു) തന്നെയാണ് ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്നത്. (ഖു൪ആന്‍:53/43)

     
നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) അവിടുത്തെ ജീവിതത്തിലെ പല ഘട്ടങ്ങളിലും കരഞ്ഞിട്ടുണ്ട്. അവിടുന്ന് കരഞ്ഞിട്ടുള്ള ചില സന്ദ൪ഭങ്ങളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

 

1.നമസ്കാരത്തില്‍

 

നമസ്കാരം അല്ലാഹുവിനോടുള്ള മുനാജാത്ത് അഥവാ അഭിമുഖ സംഭാഷണമാണ്. 

عَنْ أَنَسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: إِنَّ أَحَدَكُمْ إِذَا صَلَّى يُنَاجِي رَبَّهُ

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: നിങ്ങളിലൊരാൾ നമസ്കരിക്കുമ്പോൾ തന്റെ നാഥനുമായി അഭിമുഖ സംഭാഷണത്തിലാണുള്ളത്.(ബുഖാരി:531)

عَنْ مُطَرِّفٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي وَفِي صَدْرِهِ أَزِيزٌ كَأَزِيزِ الرَّحَى مِنَ الْبُكَاءِ صلى الله عليه وسلم

മുത്വറഫി്ല‍(റ) നിന്ന് നിവേദനം: അദ്ദേഹം തന്റെ പിതാവില്‍ നിന്ന് ഉദ്ദരിക്കുന്നു:  നബി(സ്വ) നമസ്കരിക്കുന്നത് ഞാന്‍ കണ്ടു, (നമസ്കരിക്കുമ്പോള്‍) അദ്ദേഹത്തിന്റെ നെഞ്ചിൽ നിന്ന് ഒരു ശബ്ദം കേൾക്കാം, ചൂടുള്ള ഒരു ചട്ടിയിൽ വെള്ളം ഒഴിച്ചാൽ ഉണ്ടാകുന്നതു പോലെയുള്ള ശബ്ദം. (അബൂദാവൂദ് : 904 – സ്വഹീഹ് അല്‍ബാനി)

 

ഒരു രാത്രി നമസ്കാരത്തില്‍ നബി(സ്വ) കരഞ്ഞിട്ടുള്ളതായി കാണാം. അന്ന് രാത്രി നബിയോടൊപ്പം(സ്വ) ആയിശയാണ്(റ) ഉണ്ടായിരുന്നത്.

عن عائشة رضي الله عنها قالت: لما كان ليلة من الليالي، قال رسول الله صلى الله عليه وسلم: ((يا عائشة، ذريني أتعبد الليلة لربي))، قلت: والله إني لأحب قربك، وأحب ما يسرُّك، قالت: فقام فتطهر، ثم قام يصلي، قالت: فلم يزل يبكي حتى بلَّ حجره، قالت: وكان جالسًا، فلم يزل يبكي حتى بل لحيته، ثم بكى حتى بل الأرض، فجاء بلال يؤذِنُه بالصلاة، فلما رآه يبكي، قال: يا رسول الله، تبكي وقد غفر الله لك ما تقدم من ذنبك وما تأخر؟ قال: ((أفلا أكون عبدًا شكورًا؟ لقد نزلت عليَّ الليلة آية، ويل لمن قرأها ولم يتفكر فيها: ﴿ إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ ﴾ [آل عمران: 190]))

ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: എനിക്ക് അനുവദിക്കപ്പെട്ടിരുന്ന ഒരു രാത്രിയില്‍ നബി(സ്വ)പറഞ്ഞു: ആയിശാ, എന്റെ റബ്ബിന് രാത്രി ഇബാദത്ത് ചെയ്യുവാന്‍ എന്നെ അനുവദിച്ചാലും. ഞാന്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണെ സത്യം, അങ്ങയുടെ സാന്നിദ്ധ്യം ഞാന്‍ ഇഷ്ടപ്പെടുന്നു, (അതോടൊപ്പം) അങ്ങയെ സന്തോഷിപ്പിക്കുന്ന കാര്യത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ആയിശ(റ) പറയുന്നു: അങ്ങനെ നബി(സ്വ) എഴുന്നേറ്റ് വുളൂ ചെയ്തു, ശേഷം നിന്ന് നമസ്കരിച്ചു. ആയിശ(റ) പറയുന്നു: നബിയുടെ(സ്വ) മടിത്തട്ട് നനയുവോളം അവിടുന്ന് നമസ്കാരത്തില്‍ കരഞ്ഞു. അവിടുത്തെ താടി നനയുവോളം അവിടുന്ന്  കരഞ്ഞു. തറ നനയുവോളം അവിടുന്ന് കരഞ്ഞു. ബിലാല്‍(റ) (സുബ്ഹി) നമസ്കാരത്തിന് ബാങ്ക് വിളിക്കാനായി വന്നു. നബി(സ്വ) കരയുന്നത് കണ്ട് ബിലാല്‍(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ എന്തിനാണ് കരയുന്നത്, താങ്കളുടെ കഴിഞ്ഞതും വരാനുള്ളതുമായ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തന്നിട്ടുണ്ടല്ലോ? നബി(സ്വ) പറഞ്ഞു: ഞാന്‍ നന്ദിയുള്ള ഒരു അടിമയാകണ്ടെയോ. ഈ രാത്രിയില്‍ എനിക്ക് ചില വചങ്ങള്‍ അവതരിച്ചിട്ടുണ്ട്. അത് പാരായണം ചെയ്യുകയും എന്നാല്‍ അതിനെ കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവന് നാശം. إن في خلق السموات والأرض മുതലുള്ള മുഴുവന്‍ വചനങ്ങളുമാണവ. (ഖു൪ആന്‍ : 3/190-200) (ഇബ്നുഹിബ്ബാന്‍:620)
     
പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാള്‍ക്കും നിഷ്’പ്രയാസം യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ സാധിക്കുമാറ് സുവ്യക്തങ്ങളായ അടയാളങ്ങള്‍ പ്രപഞ്ചത്തിലുണ്ട്.  ഉപരിഭാഗത്ത് സ്ഥിതിചെയ്യുന്ന അനന്തവിശാലമായ ആകാശത്തെയും അതിലെ സകലതിനെയും ഈ ഭൂമിയെയും അതിലെ സകലതിനെയും അതേപോലെ മാറിവരുന്ന രാവും പകലും എന്നിവയെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് സൃഷ്ടി കര്‍ത്താവും സര്‍വ്വ നിയന്താവുമായ അല്ലാഹുവിന്‍റെ ഏകത്വം, സര്‍വ്വജ്ഞത, സര്‍വ്വശക്തി, സൃഷ്ടിവൈഭവം തുടങ്ങിയ അത്യുല്‍കൃഷ്ടങ്ങളായ മഹല്‍ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. പ്രപഞ്ച രഹസ്യത്തെയും പ്രാപഞ്ചിക വ്യവസ്ഥയെയും കുറിച്ചു ചിന്തിക്കുന്തോറും പരലോകത്തിലും അതിന്റെ ആവശ്യകതയിലുമുള്ള വിശ്വാസം കൂടിക്കൂടി വരുന്നതാണ്. ഇതിനെ കുറിച്ചാണ്  ഖു൪ആന്‍ : 3/190 മുതലുള്ള വചനങ്ങള്‍ സൂചിപ്പിക്കുന്നത്.ഈ സൂക്തങ്ങളാണ് കരുണാനിധിയായ പ്രവാചകനെ പ്രകമ്പനം കൊള്ളിച്ചത്.
  
ഒരു ഗ്രഹണ നമസ്കാരത്തില്‍ നബി(സ്വ) കരഞ്ഞിട്ടുള്ളതായി കാണാം. അന്തരീക്ഷത്തിലെ മാറ്റം പ്രവാചകനെ ഏറെ ഭയപ്പെടുത്തിയിരുന്നു. ശക്തമായ കാറ്റും മഴയുമുള്ള സാഹചര്യങ്ങളില്‍ അവിടുന്ന് അല്ലാഹുവിലേക്ക് കൂടുതല്‍ മടങ്ങിയിരുന്നു. ഗ്രഹണം സംഭവിക്കുന്ന സാഹചര്യങ്ങളിലും അവിടുന്ന് അപ്രകാരമായിരുന്നു.

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ يُخَوِّفُ اللَّهُ بِهِمَا عِبَادَهُ

അബൂ മസ്ഊദ് അല്‍ അന്‍സാരി നിവേദനം: റസൂല്‍ (സ) പറഞ്ഞു: “സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുമുഖേന തന്‍റെ ദാസന്മാരെ അവന്‍ ഭയവിഹ്വലരാക്കുന്നു ……(മുസ്ലിം: 911)

عَنْ أَبِي مُوسَى، قَالَ خَسَفَتِ الشَّمْسُ، فَقَامَ النَّبِيُّ صلى الله عليه وسلم فَزِعًا، يَخْشَى أَنْ تَكُونَ السَّاعَةُ، فَأَتَى الْمَسْجِدَ، فَصَلَّى بِأَطْوَلِ قِيَامٍ وَرُكُوعٍ وَسُجُودٍ رَأَيْتُهُ قَطُّ يَفْعَلُهُ

അബൂമൂസയില്‍(റ) നിന്ന് നിവേദനം നിവേദനം: ഒരിക്കല്‍ സൂര്യന് ഗ്രഹണം ബാധിച്ചപ്പോള്‍ അന്ത്യദിനം സംഭവിക്കുകയാണോ എന്ന് ഭയപ്പെടുന്ന അവസ്ഥയില്‍ നബി(സ്വ) പരിഭ്രമിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. പള്ളിയില്‍ വന്നു ദീര്‍ഘമായി സുജൂദും റുകുഉം ഖിയാമും നിര്‍വ്വഹിച്ചുകൊണ്ട് നബി(സ്വ) നമസ്കരിച്ചു. അപ്രകാരം നബി(സ്വ) ചെയ്യുന്നത് ഞാന്‍ തീരെ കണ്ടിട്ടില്ല.…… (ബുഖാരി:1059)

عَنْ أَبِي هُرَيْرَةَ، قَالَ قَالَرَسُولُ اللَّهِ ـ صلى الله عليه وسلم ـ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلاً، وَلَبَكَيْتُمْ كَثِيرًا ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: ഞാന്‍ അറിയുന്ന കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ അറിയുകയാണെങ്കില്‍ നിങ്ങള്‍ അല്‍പം മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി:6485)

عَنْ عَبْدِ اللهِ بْنِ عَمْرٍو، قَالَ‏:‏ انْكسفَتِ الشَّمْسُ يَوْمًا عَلَى عَهْدِ رَسُولِ اللهِ صلى الله عليه وسلم، فَقَامَ رَسُولُ اللهِ صلى الله عليه وسلم يُصَلِّي، حَتَّى لَمْ يَكَدْ يَرْكَعُ ثُمَّ رَكَعَ، فَلَمْ يَكَدْ يَرْفَعُ رَأْسَهُ، ثُمَّ رَفَعَ رَأْسَهُ، فَلَمْ يَكَدْ أَنْ يَسْجُدَ، ثُمَّ سَجَدَ فَلَمْ يَكَدْ أَنْ يَرْفَعَ رَأْسَهُ، ثُمَّ رَفَعَ رَأْسَهُ، فَلَمْ يَكَدْ أَنْ يَسْجُدَ، ثُمَّ سَجَدَ فَلَمْ يَكَدْ أَنْ يَرْفَعَ رَأْسَهُ، فَجَعَلَ يَنْفُخُ وَيَبْكِي، وَيَقُولُ‏:‏ رَبِّ أَلَمْ تَعِدْنِي أَنْ لا تُعَذِّبَهُمْ وَأَنَا فِيهِمْ‏؟‏ رَبِّ أَلَمْ تَعِدْنِي أَنْ لا تُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ‏؟‏ وَنَحْنُ نَسْتَغْفِرُكَ فَلَمَّا صَلَّى رَكْعَتَيْنِ انْجَلَتِ الشَّمْسُ، فَقَامَ فَحَمِدَ اللَّهَ تَعَالَى، وَأَثْنَى عَلَيْهِ، ثُمَّ قَالَ‏:‏ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللهِ لا يَنْكَسِفَانِ لِمَوْتِ أَحَدٍ وَلا لِحَيَاتِهِ، فَإِذَا انْكَسَفَا، فَافْزَعُوا إِلَى ذِكْرِ اللهِ تَعَالَى‏.‏

അബ്ദില്ലാഹിബ്നു അംറില്‍ (റ) നിന്ന് നിവേദനം: നബിയുടെ (സ്വ)  കാലത്ത് സൂര്യഗ്രഹണം സംഭവിച്ചു. അങ്ങനെ അദ്ദേഹം എഴുന്നേറ്റ് നിന്ന് നമസ്കരിച്ചു. റുകൂഅ് ചെയ്യുകയില്ലെന്ന് തോന്നുന്ന രീതിയില്‍ ദീ൪ഘമായി നമസ്കരിച്ചു. ശേഷം റുകൂഅ് ചെയ്തു.  തല ഉയ൪ത്തുകയില്ലെന്ന് തോന്നുന്ന രീതിയില്‍ ദീ൪ഘമായി റുകൂഅ് ചെയ്തു. ശേഷം തല ഉയ൪ത്തി. സുജൂദ് ചെയ്യുകയില്ലെന്ന് തോന്നുന്ന രീതിയില്‍ നില്‍ക്കുകയും ശേഷം സുജൂദ് ചെയ്യുകയും ചെയ്തു. സുജൂദില്‍ നിന്ന് തല ഉയ൪ത്തുകയില്ലെന്ന്  തോന്നുന്ന രീതിയില്‍ സുജൂദ് ചെയ്തു. അദ്ദേഹം ഏങ്ങിയേങ്ങി കരയുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: എന്റെ റബ്ബേ, ഞാന്‍ അവരുടെ കൂടെയുള്ളപ്പോള്‍ അവരെ ശിക്ഷിക്കുകയില്ലെന്ന് നീ എനിക്ക് വാഗ്ദാനം ചെയ്തിട്ടില്ലെയോ? എന്റെ റബ്ബേ, അവ൪ പാപമോചനം തേടുന്ന അവസരത്തിലും  അവരെ ശിക്ഷിക്കുകയില്ലെന്ന് നീ എനിക്ക് വാഗ്ദാനം ചെയ്തിട്ടില്ലെയോ? ഞങ്ങളിതാ നിന്നോട് പാപമോചനം തേടുന്നു. രണ്ട് റക്അത്ത് നമസ്കരിച്ച് കഴിഞ്ഞപ്പോള്‍ സൂര്യഗ്രഹണം മാറിയിരുന്നു. അവിടുന്ന് എഴുന്നേറ്റ് അല്ലാഹുവിനെ സ്തുതിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടേയും മരണവും ജനനവും  കാരണം അവക്ക് ഗ്രഹണം ബാധിക്കുകയില്ല. അതുകൊണ്ട് അവക്ക് ഗ്രഹണം ബാധിച്ചാല്‍ അല്ലാഹുനെ കുറിച്ചുള്ള ദിക്റിലേക്കും, ധൃതി കാണിച്ചുകൊള്ളുക. (كتاب الشمائل المحمدية للترمذي رحمه الله)
2.     നബി(സ്വ) സ്വീകരിച്ച നടപടിയെ ആക്ഷേപിച്ചുകൊണ്ട് ആല്ലാഹു ആയത്തിറക്കിയ അവസരത്തില്‍ 
     
ബദ്ര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍  ബന്ധനസ്ഥരാക്കിയവരെ എന്തുചെയ്യണമെന്നതിനെക്കുറിച്ച് യുദ്ധാനന്തരം സ്വഹാബത്തുമായി നബി(സ്വ) കൂടിയാലോചിച്ചു. അവരില്‍ നിന്ന് പിഴ  വാങ്ങിയശേഷം അവരെ വിടണമെന്ന് അബൂബക്ക൪(റ) അഭിപ്രായപ്പെട്ടു. എന്നാല്‍ അവരെ വധിച്ചുകളയണമെന്നായിരുന്നു ഉമറിന്റെ(റ) അഭിപ്രായം. നബി (സ്വ) ഫിദ്‌യ വാങ്ങി വിട്ടയക്കാന്‍ തീരുമാനിച്ചു. ഈ നടപടിയെ ആക്ഷേപിച്ച് ആല്ലാഹു ആയത്തിറക്കി.

 

مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْءَاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌ – لَّوْلَا كِتَٰبٌ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌ – فَكُلُوا۟ مِمَّا غَنِمْتُمْ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

 

ഒരു പ്രവാചകനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്‍റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:8/67-69)

 

നബി(സ്വ) സ്വീകരിച്ച നടപടിയെ ആക്ഷേപിച്ചുകൊണ്ട് ആല്ലാഹു ആയത്തിറക്കിയ അവസരത്തില്‍ നബി(സ്വ) കരഞ്ഞു.

عَنْ عُمَرُ بْنُ الْخَطَّابِ،‏ …..  فَلَمَّا أَسَرُوا الأُسَارَى – يعني في غزوة بدر – قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَبِي بَكْرٍ وَعُمَرَ ‏”‏ مَا تَرَوْنَ فِي هَؤُلاَءِ الأُسَارَى ‏”‏ ‏.‏ فَقَالَ أَبُو بَكْرٍ يَا نَبِيَّ اللَّهِ هُمْ بَنُو الْعَمِّ وَالْعَشِيرَةِ أَرَى أَنْ تَأْخُذَ مِنْهُمْ فِدْيَةً فَتَكُونُ لَنَا قُوَّةً عَلَى الْكُفَّارِ فَعَسَى اللَّهُ أَنْ يَهْدِيَهُمْ لِلإِسْلاَمِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا تَرَى يَا ابْنَ الْخَطَّابِ ‏”‏ ‏.‏ قُلْتُ لاَ وَاللَّهِ يَا رَسُولَ اللَّهِ مَا أَرَى الَّذِي رَأَى أَبُو بَكْرٍ وَلَكِنِّي أَرَى أَنْ تُمَكِّنَّا فَنَضْرِبَ أَعْنَاقَهُمْ فَتُمَكِّنَ عَلِيًّا مِنْ عَقِيلٍ فَيَضْرِبَ عُنُقَهُ وَتُمَكِّنِّي مِنْ فُلاَنٍ – نَسِيبًا لِعُمَرَ – فَأَضْرِبَ عُنُقَهُ فَإِنَّ هَؤُلاَءِ أَئِمَّةُ الْكُفْرِ وَصَنَادِيدُهَا فَهَوِيَ رَسُولُ اللَّهِ صلى الله عليه وسلم مَا قَالَ أَبُو بَكْرٍ وَلَمْ يَهْوَ مَا قُلْتُ فَلَمَّا كَانَ مِنَ الْغَدِ جِئْتُ فَإِذَا رَسُولُ اللَّهِ صلى الله عليه وسلم وَأَبُو بَكْرٍ قَاعِدَيْنِ يَبْكِيَانِ قُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي مِنْ أَىِّ شَىْءٍ تَبْكِي أَنْتَ وَصَاحِبُكَ فَإِنْ وَجَدْتُ بُكَاءً بَكَيْتُ وَإِنْ لَمْ أَجِدْ بُكَاءً تَبَاكَيْتُ لِبُكَائِكُمَا ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَبْكِي لِلَّذِي عَرَضَ عَلَىَّ أَصْحَابُكَ مِنْ أَخْذِهِمُ الْفِدَاءَ لَقَدْ عُرِضَ عَلَىَّ عَذَابُهُمْ أَدْنَى مِنْ هَذِهِ الشَّجَرَةِ ‏”‏ ‏.‏ شَجَرَةٍ قَرِيبَةٍ مِنْ نَبِيِّ اللَّهِ صلى الله عليه وسلم ‏.‏ وَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ مَا كَانَ لِنَبِيٍّ أَنْ يَكُونَ لَهُ أَسْرَى حَتَّى يُثْخِنَ فِي الأَرْضِ‏}‏ إِلَى قَوْلِهِ ‏{‏ فَكُلُوا مِمَّا غَنِمْتُمْ حَلاَلاً طَيِّبًا‏}‏ فَأَحَلَّ اللَّهُ الْغَنِيمَةَ لَهُمْ ‏.‏

ഉമ൪ ബിന്‍ ഖത്വാബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:  ബദ്ര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ ബന്ധനസ്ഥരാക്കിയവരുടെ വിഷയത്തില്‍ നബി(സ്വ) അവരുമായി ആലോചന നടത്തി. നബി(സ്വ) അബൂബക്കറിനോട്(റ) ചോദിച്ചു: ഈ ബന്ധികളുടെ താങ്കളുടെ അഭിപ്രായം എന്താണ് ?  അബൂബക്കര്‍ (റ) പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഇവരൊക്കെ (നമ്മുടെ) പിതൃവ്യ പുത്രന്‍മാരും കുടുംബബന്ധമുള്ളവരുമാണല്ലോ. ഇവരില്‍ നിന്നും തെണ്ടം (മോചനമൂല്യം) വാങ്ങി വിട്ടയക്കണമെന്നാണ് എന്റെ അഭിപ്രായം. അത് അവിശ്വാസികള്‍ക്കെതിരെ നമുക്ക് ശക്തി നല്‍കുന്നതുമായിരിക്കും. അല്ലാഹു അവ൪ക്ക് ഇസ്ലാമിലേക്ക് വഴി കാണിച്ച് കൊടുത്തേക്കാം.  നബി(സ്വ) ചോദിച്ചു: ഉമറിന്റെ അഭിപ്രായം എന്താണ്? ഞാന്‍ പറഞ്ഞു: ഇല്ല, അല്ലാഹുവിനെ തന്നെ സത്യം, അബൂബക്കറിന്റെ അഭിപ്രായമല്ല എന്റെ അഭിപ്രായം. അവരെ കൊലപ്പെടുത്തുവാന്‍ ഞങ്ങളെ അനുവദിക്കണം, ഓരോരുത്തര്‍ അവരുമായി അധികം ബന്ധപ്പെട്ടവരെ വധിക്കട്ടെ, ഇവരെല്ലാം അവിശ്വാസികളുടെ നേതാക്കളും പ്രമാണികളുമാണു എന്നായിരുന്നു അദ്ദേഹം പറഞ്ഞതു. അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ അഭിപ്രായമായിരുന്നു നബി (സ്വ) ഇഷ്ടപ്പെട്ടതു. പിറ്റേ ദിവസം ഞാന്‍ ചെന്നപ്പോള്‍, റസൂലും അബൂബക്കറും (റ) കരയുകയായിരുന്നു. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങും അങ്ങയുടെ കൂട്ടുകാരനും എന്തിനാണ് കരയുന്നതെന്ന് എന്നോട് പറഞ്ഞാലും. എങ്കില്‍ എനിക്കും അതില്‍ പങ്കുകൊള്ളാമായിരുന്നുവെന്നു. അപ്പോള്‍  നബി (സ്വ)പറഞ്ഞു: താങ്കളുടെ സ്നേഹിതന്‍മാര്‍ (ബന്ധനസ്ഥരില്‍ നിന്ന്) തെണ്ടം വാങ്ങിവിട്ടതു നിമിത്തമാണ്. അവരുടെ ശിക്ഷ ഈ വൃക്ഷത്തെക്കാള്‍ അടുത്ത് നില്‍ക്കുന്നതായി എനിക്ക് കാണിക്കപ്പെടുകയും ചെയ്തു. അവിടുന്ന് ഒരു വൃക്ഷത്തിന്റെ സമീപത്തായിരുന്നു. അങ്ങനെ അല്ലാഹു مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ എന്ന ആയത്ത് അവതരിപ്പിച്ചു. (മുസ്ലിം:1763)

 

3. ബദ്ര്‍ യുദ്ധത്തിന്റെ തലേന്ന് രാത്രി 
        
ബദ്ര്‍ യുദ്ധത്തിന്റെ തലേന്ന് രാത്രിയില്‍ മുസ്‌ലിം സൈനികരെല്ലാം സമാധാനപൂര്‍വം ഗാഢമായുറങ്ങി. നബി(സ്വ) ആ രാത്രി ദിക്റിലും പ്രാര്‍ഥനയിലുമാണ്  ചെലവഴിച്ചത്. 

 

عن علي قال: ما كان فينا فارس يوم بدر غير المقداد، ولقد رأيتُنا وما فينا إلا نائم، إلا رسول الله تحت شجرة يصلي ويبكي حتى أصبح

അലിയ്യില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:  ‘ബദ്ര്‍ യുദ്ധ ദിനത്തില്‍ ഞങ്ങളോടൊപ്പം ശേഷിച്ച അശ്വഭടന്‍ മിഖ്ദാദ് മാത്രമായിരുന്നു. പ്രവാചകനൊഴിച്ച് ഞങ്ങളില്‍ പെട്ട എല്ലാവരും ഗാഢനിദ്രയിലാണ്ടു കിടക്കുന്നത് കണ്ടത് എനിക്കോര്‍മയുണ്ട്. പ്രവാചകന്‍ പ്രാര്‍ഥിച്ചുകൊണ്ടും കരഞ്ഞ് കൊണ്ടും പുലരുവോളം ഒരു മരച്ചുവട്ടിലിരിക്കുകയായിരുന്നു. (അഹ്മദ് :4/125)

 

4. ഇബ്‌നു മസ്ഊദില്‍ നിന്നും ഖര്‍ആന്‍ കേട്ടപ്പോള്‍

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ اقْرَأْ عَلَىَّ ‏”‏‏.‏ قُلْتُ يَا رَسُولَ اللَّهِ آقْرَأُ عَلَيْكَ وَعَلَيْكَ أُنْزِلَ قَالَ ‏”‏ نَعَمْ ‏”‏‏.‏ فَقَرَأْتُ سُورَةَ النِّسَاءِ حَتَّى أَتَيْتُ إِلَى هَذِهِ الآيَةِ ‏{‏فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا‏}‏ قَالَ ‏”‏ حَسْبُكَ الآنَ ‏”‏‏.‏ فَالْتَفَتُّ إِلَيْهِ فَإِذَا عَيْنَاهُ تَذْرِفَانِ‏.‏

ഇബ്‌നു മസ്ഊദില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ‘എനിക്ക് താങ്കള്‍ ഖര്‍ആന്‍ ഓതിക്കേള്‍പ്പിക്കണ’മെന്ന് നബി (സ്വ) എന്നോട് പറയുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങേക്ക് ഓതിത്തരികയോ? നബി(സ്വ) പറഞ്ഞു: ‘അതെ, അങ്ങനെ, ഞാന്‍ സൂറത്തുന്നിസാഅ് ഓതി. فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدً (എല്ലാ സമുദായത്തില്‍ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ കൊണ്ടുവരുകയും ചെയ്താല്‍ എങ്ങിനെയിരിക്കും) എന്ന ആയത്ത് (4/41) എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: حسبك الان (ഇപ്പോള്‍ മതി). തിരുമേനിയുടെ രണ്ടു കണ്ണുകളും കണ്ണുനീര്‍ ഒഴുക്കുന്നുണ്ടായിരുന്നു.’ (ബുഖാരി:5050)

 

മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരം കാണാം. 

فبكى رسول الله عَلَيْةِ وسلم حتى اضطرب لحياه فقال أي رب شهدت على من أن بين ظهريه فكيف بمن لم أره.

അങ്ങനെ നബി(സ്വ) കരഞ്ഞു, അദ്ദേഹത്തിന്റെ താടി ഇളകിക്കൊണ്ടിരുന്നു.  നബി(സ്വ) ചോദിച്ചു: എന്റെ റബ്ബേ, ഞാന്‍ എങ്ങനെയാണ് സാക്ഷി പറയുന്നത്. എന്റെ കൂടെ സഹവസിച്ചവരെ കുറിച്ച് ഞാന്‍ സാക്ഷി പറയാം. എന്നാല്‍  ഞാന്‍ കാണാത്തവരെ കുറിച്ച് ഞാന്‍ എങ്ങനെയാണ് സാക്ഷി പറയുന്നത്.

 

5.തന്റെ സമുദായത്തെ ഓ൪ത്ത്

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ النَّبِيَّ صلى الله عليه وسلم تَلاَ قَوْلَ اللَّهِ عَزَّ وَجَلَّ فِي إِبْرَاهِيمَ ‏{‏ رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ فَمَنْ تَبِعَنِي فَإِنَّهُ مِنِّي‏}‏ الآيَةَ ‏.‏ وَقَالَ عِيسَى عَلَيْهِ السَّلاَمُ ‏{‏ إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ‏}‏ فَرَفَعَ يَدَيْهِ وَقَالَ ‏”‏ اللَّهُمَّ أُمَّتِي أُمَّتِي ‏”‏ ‏.‏ وَبَكَى فَقَالَ اللَّهُ عَزَّ وَجَلَّ يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ وَرَبُّكَ أَعْلَمُ فَسَلْهُ مَا يُبْكِيكَ فَأَتَاهُ جِبْرِيلُ – عَلَيْهِ الصَّلاَةُ وَالسَّلاَمُ – فَسَأَلَهُ فَأَخْبَرَهُ رَسُولُ اللَّهِ صلى الله عليه وسلم بِمَا قَالَ ‏.‏ وَهُوَ أَعْلَمُ ‏.‏ فَقَالَ اللَّهُ يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ فَقُلْ إِنَّا سَنُرْضِيكَ فِي أُمَّتِكَ وَلاَ نَسُوءُكَ ‏.‏

അബ്ദില്ലാഹീബ്നു അംറി ബ്ന് ആസില്‍(റ) നിന്ന് നിവേദനം: നബി(സ്വ),  ഇബ്റാഹീമിന്റെ(റ) വചനവും (എന്റെ റബ്ബേ, നിശ്ചയമായും അവ -വിഗ്രഹങ്ങള്‍- മനുഷ്യരില്‍ നിന്നു വളരെ ആളുകളെ വഴിപിഴപ്പിച്ചിരിക്കുന്നു. അതിനാല്‍ എന്നെ ആര് പിന്‍തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു – ഖു൪ആന്‍:14/36) ഈസായുടെ(റ) വചനവും (നീ അവരെ ശിക്ഷിക്കുന്ന പക്ഷം, അവര്‍ നിന്റെ അടിയാന്മാരാകുന്നു, നീ അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കില്‍, നീ തന്നെയാണല്ലോ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍ – ഖു൪ആന്‍:5/121) പാരായണം ചെയ്തു. എന്നിട്ട് തന്റെ രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുവേ, എന്റെ സമുദായം എന്റെ സമുദായം. നബി(സ്വ) കരയുകയും ചെയ്തു. അപ്പോള്‍ അല്ലാഹു ജിബ്‌രീല്‍ (അ)നോട് പറഞ്ഞു: നിന്റെ റബ്ബിന് നല്ലവണ്ണം അറിയാം, എന്നാലും നീ മുഹമ്മദിന്റെ അടുക്കല്‍ ചെന്നു കരയുവാന്‍ കാരണമെന്തെന്ന് ചോദിക്കുക’. അങ്ങനെ, ജിബ്‌രീല്‍ (അ) വന്നു ചോദിച്ചു. തിരുമേനി വിവരം അറിയിച്ചു. അപ്പോള്‍ അല്ലാഹു ജിബ്‌രീലിനോട് പറഞ്ഞു: ‘നീ മുഹമ്മദിന്റെ അടുക്കല്‍ ചെന്നു പറയുക: നിന്‍റെ സമുദായത്തിന്റെ കാര്യത്തില്‍ നാം നിന്നെ തൃപ്തിപ്പെടുത്തിത്തന്നേക്കും. നിന്നെ നാം പ്രയാസപ്പെടുത്തുകയില്ല’. (മുസ്ലിം:202)
6. പ്രസംഗത്തിനിടെ

عَنْ مُعَاذَ بْنَ رِفَاعَةَ،  عَنْ أَبِيهِ، قَالَ قَامَ أَبُو بَكْرٍ الصِّدِّيقُ عَلَى الْمِنْبَرِ ثُمَّ بَكَى فَقَالَ قَامَ رَسُولُ اللَّهِ صلى الله عليه وسلم عَامَ الأَوَّلِ عَلَى الْمِنْبَرِ ثُمَّ بَكَى فَقَالَ :‏ سَلُوا اللَّهَ الْعَفْوَ وَالْعَافِيَةَ فَإِنَّ أَحَدًا لَمْ يُعْطَ بَعْدَ الْيَقِينِ خَيْرًا مِنَ الْعَافِيَةِ ‏ ‏

മുആദ് ബ്നു രിഫാഅ(റ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: അബൂബക്കർ  (റ) മിമ്പറില്‍ കയറി നിന്നു, ശേഷം കരഞ്ഞു: അബൂബക്കർ  (റ) പറയുന്നു: ഹിജ്‌റ ഒന്നാം വർഷം റസൂൽﷺ ഞങ്ങളെ അഭിസംബോധന ചെയ്യാൻ വേണ്ടി എഴുന്നേറ്റുനിന്നു. ശേഷം കരഞ്ഞു. അവിടുന്ന് പറഞ്ഞു:നിങ്ങൾ അല്ലാഹുവിനോട് മാപ്പും സൗഖ്യവും ചോദിക്കുക. ദൃഢവിശ്വാസത്തിന് ശേഷം  ആഫിയത്ത്(സൌഖ്യം) പോലൊരു അനുഗ്രഹം ആർക്കും നൽകപ്പെട്ടിട്ടില്ല. (തിർമിദി:3558)

 

7. മകന്‍ ഇബ്‌റാഹീം മരണപ്പെട്ടപ്പോള്‍ 

 عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ دَخَلْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم عَلَى أَبِي سَيْفٍ الْقَيْنِ ـ وَكَانَ ظِئْرًا لإِبْرَاهِيمَ ـ عَلَيْهِ السَّلاَمُ ـ فَأَخَذَ رَسُولُ اللَّهِ صلى الله عليه وسلم إِبْرَاهِيمَ فَقَبَّلَهُ وَشَمَّهُ، ثُمَّ دَخَلْنَا عَلَيْهِ بَعْدَ ذَلِكَ، وَإِبْرَاهِيمُ يَجُودُ بِنَفْسِهِ، فَجَعَلَتْ عَيْنَا رَسُولِ اللَّهِ صلى الله عليه وسلم تَذْرِفَانِ‏.‏ فَقَالَ لَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ ـ رضى الله عنه ـ وَأَنْتَ يَا رَسُولَ اللَّهِ فَقَالَ ‏”‏ يَا ابْنَ عَوْفٍ إِنَّهَا رَحْمَةٌ ‏”‏‏.‏ ثُمَّ أَتْبَعَهَا بِأُخْرَى فَقَالَ صلى الله عليه وسلم ‏”‏ إِنَّ الْعَيْنَ تَدْمَعُ، وَالْقَلْبَ يَحْزَنُ، وَلاَ نَقُولُ إِلاَّ مَا يَرْضَى رَبُّنَا، وَإِنَّا بِفِرَاقِكَ يَا إِبْرَاهِيمُ لَمَحْزُونُونَ ‏”‏‏

അനസില്‍(റ) നിന്ന് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബിയുടെ(സ്വ) കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബിയുടെ(സ്വ)  പുത്രന്‍ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി(സ്വ) ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തു പ്രവേശിച്ചു. നബിയുടെ(സ്വ)  കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ്(റ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, അങ്ങുന്നു കരയുകയാണോ? ഇബ്നുഔഫ്, ഇത് കൃപയാണ്, വീണ്ടും നബി(സ്വ) കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. അവിടുന്ന് പറഞ്ഞു: കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം, നിന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ്  (ബുഖാരി.:1303)

 

8. മകള്‍  മരണപ്പെട്ടപ്പോള്‍ 
       
മകള്‍  മരണപ്പെട്ടപ്പോഴും  നബി(സ്വ) കരഞ്ഞതായി അനസ്(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

عَنِ ابْنِ عَبَّاسٍ، قَالَ‏:‏ أَخَذَ رَسُولُ اللهِ صلى الله عليه وسلم ابْنَةً لَهُ تَقْضِي فَاحْتَضَنَهَا فَوَضَعَهَا بَيْنَ يَدَيْهِ، فَمَاتَتْ وَهِيَ بَيْنَ يَدَيْهِ وَصَاحَتْ أُمُّ أَيْمَنَ، فَقَالَ يَعْنِي صلى الله عليه وسلم‏:‏ أَتَبْكِينَ عِنْدَ رَسُولِ اللهِ‏؟‏ فَقَالَتْ‏:‏ أَلَسْتُ أَرَاكَ تَبْكِي‏؟‏ قَالَ‏:‏ إِنِّي لَسْتُ أَبْكِي، إِنَّمَا هِيَ رَحْمَةٌ، إِنَّ الْمُؤْمِنَ بِكُلِّ خَيْرٍ عَلَى كُلِّ حَالٍ، إِنَّ نَفْسَهُ تُنْزَعُ مِنْ بَيْنِ جَنْبَيْهِ، وَهُوَ يَحْمَدُ اللَّهَ تعالى ‏.‏

ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം:  അദ്ദേഹം പറഞ്ഞു: മരണാസന്നമായി കിടക്കുന്ന ഒരു മകളെ, നബി(സ്വ) എടുത്ത് ചേ൪ത്തുപിടിക്കുകയും തന്റെ മുമ്പില്‍ കിടത്തുകയും ചെയ്തു. നബിയുടെ(സ്വ) സാന്നിദ്ധ്യത്തില്‍ അവ൪ മരണപ്പെട്ടു. ഉമ്മുഅയ്മന്‍(റ) ഉച്ചത്തില്‍ നിലവിളിച്ചു. നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) അടുക്കല്‍വെച്ച് നിങ്ങള്‍ (ഉച്ചത്തില്‍) കരയുകയാണോ? ഉമ്മുഅയ്മന്‍(റ) പറഞ്ഞു: താങ്കള്‍ കരയുന്നത് ഞാന്‍ കണ്ടല്ലോ? നബി(സ്വ) പറഞ്ഞു: തീ൪ച്ചയായും ‍ഞാന്‍ കരഞ്ഞതല്ല, ഇത് കാരുണ്യമാണ്. (അഥവാ അനുവദിക്കപ്പെട്ട രീതിയിലാണ് കരഞ്ഞത്) ഒരു സത്യവിശ്വാസിക്ക് എല്ലാ അവസ്ഥയും ഗുണമാണ്. തീ൪ച്ചയായും അവന്റെ ആത്മാവ് അവന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പിടിക്കപ്പെടും, അവന്‍ അല്ലാഹുവിനെ സ്തുതിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയില്‍.  (كتاب الشمائل المحمدية للترمذي رحمه الله)

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ شَهِدْنَا بِنْتًا لِرَسُولِ اللَّهِ صلى الله عليه وسلم قَالَ وَرَسُولُ اللَّهِ صلى الله عليه وسلم جَالِسٌ عَلَى الْقَبْرِ ـ قَالَ فَرَأَيْتُ عَيْنَيْهِ تَدْمَعَانِ قَالَ ـ فَقَالَ ‏”‏ هَلْ مِنْكُمْ رَجُلٌ لَمْ يُقَارِفِ اللَّيْلَةَ ‏”‏‏.‏ فَقَالَ أَبُو طَلْحَةَ أَنَا‏.‏ قَالَ ‏”‏ فَانْزِلْ ‏”‏‏.‏ قَالَ فَنَزَلَ فِي قَبْرِهَا‏.‏

അനസില്‍(റ) നിന്ന് നിവേദനം: നബിയുടെ(സ്വ) ഒരു പുത്രിയുടെ ജനാസയില്‍ ഞങ്ങള്‍ സന്നിഹിതരായിരുന്നു. നബി(സ്വ) ഖബ്റിന് അരികില്‍ ഇരിക്കുകയാണ്. അനസ്(റ) പറയുന്നു: അവിടുത്തെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീരൊഴുകുന്നത് ഞാന്‍ കണ്ടു. നബി(സ്വ)ചോദിച്ചു. നിങ്ങളുടെ കൂട്ടത്തില്‍ ഇന്നലെ രാത്രി ഭാര്യയുമായി സഹവസിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അബൂത്വല്‍ഹ(റ) പറഞ്ഞു: ഞാന്‍ ഉണ്ട്. നബി(സ്വ) പറഞ്ഞു: എങ്കില്‍ നീ ഇറങ്ങുക. അദ്ദേഹം അവരുടെ ഖബറില്‍ ഇറങ്ങി. (ബുഖാരി:1285)

 

9. മകളുടെ മകന്‍  മരണപ്പെട്ടപ്പോള്‍ 

عَنْ  أُسَامَةُ بْنُ زَيْدٍ ـ رضى الله عنهما ـ قَالَ أَرْسَلَتِ ابْنَةُ النَّبِيِّ صلى الله عليه وسلم إِلَيْهِ إِنَّ ابْنًا لِي قُبِضَ فَائْتِنَا‏.‏ فَأَرْسَلَ يُقْرِئُ السَّلاَمَ وَيَقُولُ ‏”‏ إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى، فَلْتَصْبِرْ وَلْتَحْتَسِبْ ‏”‏‏.‏ فَأَرْسَلَتْ إِلَيْهِ تُقْسِمُ عَلَيْهِ لَيَأْتِيَنَّهَا، فَقَامَ وَمَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ وَأُبَىُّ بْنُ كَعْبٍ وَزَيْدُ بْنُ ثَابِتٍ وَرِجَالٌ، فَرُفِعَ إِلَى رَسُولِ اللَّهِ صلى الله عليه وسلم الصَّبِيُّ وَنَفْسُهُ تَتَقَعْقَعُ ـ قَالَ حَسِبْتُهُ أَنَّهُ قَالَ ـ كَأَنَّهَا شَنٌّ‏.‏ فَفَاضَتْ عَيْنَاهُ‏.‏ فَقَالَ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا فَقَالَ ‏”‏ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ‏”‏‏.‏

ഉസാമയില്‍(റ) നിന്ന് നിവേദനം: തന്‍റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍ (സൈനബ) നബിയുടെ(സ്വ) അടുക്കലേക്ക് ആളയച്ചു. നബി(സ്വ)യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി(സ്വ) വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട് അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ്വ) പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബിയുടെ(സ്വ) ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ്(റ) ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ഇതെന്താണ് (അങ്ങ് കരയുകയോ!)  നബി(സ്വ) പറഞ്ഞു: ഇത് അല്ലാഹു അവന്‍റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്‍റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക. (ബുഖാരി:1284)

 

10. ഉസ്മാനുബ്‌നു മദ്ഊന്‍(റ)   മരണപ്പെട്ടപ്പോള്‍ 

عَنْ عَائِشَةَ، قَالَتْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يُقَبِّلُ عُثْمَانَ بْنَ مَظْعُونٍ وَهُوَ مَيِّتٌ حَتَّى رَأَيْتُ الدُّمُوعَ تَسِيلُ ‏.‏

ആഇശയില്‍(റ) നിന്ന് നിവേദനം:  അവ൪ പറഞ്ഞു: ഉസ്മാനുബ്‌നു മദ്ഊന്‍(റ) മരണപ്പെട്ടപ്പോള്‍ നബി ﷺ അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ അരികില്‍ ചെന്ന്  അദ്ദേഹത്തെ ചുംബിച്ചു. അദ്ദേഹത്തിന്റെ കവിളുകളിലൂടെ കണ്ണുനീ൪ ഒഴുകുന്നത് ഞാന്‍ കണ്ടു. (അബൂദാവൂദ് : 3163 – സ്വഹീഹ് അല്‍ബാനി)

عَنْ عَائِشَةَ، أَنَّ رَسُولَ اللهِ صلى الله عليه وسلم، قَبَّلَ عُثْمَانَ بْنَ مَظْعُونٍ وَهُوَ مَيِّتٌ وَهُوَ يَبْكِي أَوْ قَالَ‏:‏ عَيْنَاهُ تَهْرَاقَانِ‏.‏

ആഇശയില്‍(റ) നിന്ന് നിവേദനം:  അവ൪ പറഞ്ഞു: ‘ഉസ്മാനുബ്‌നു മദ്ഊന്‍(റ) മരണപ്പെട്ടപ്പോള്‍ നബി ﷺ അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ അരികില്‍ ചെന്ന്  അദ്ദേഹത്തെ ചുംബിച്ചു. അദ്ദേഹം കരഞ്ഞു. അദ്ദേഹത്തിന്റെ കണ്ണിലൂടെ കണ്ണുനീ൪ ഒഴുകുന്നുണ്ടായിരുന്നു. ( كتاب الشمائل المحمدية للترمذي رحمه الله  : 45/326 )

 

ആഇശയില്‍(റ) നിന്നുള്ള മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരം കാണാം.

فرأيت دموع النبي صلى الله عليه وسلم تسيل على خد عثمان بن مظعون

ഉസ്മാനുബ്‌നു മദ്ഊനിന്റെ(റ) കവിളിലൂടെ നബിയുടെ(സ്വ) കണ്ണുനീ൪ ഒലിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു.

عن ابن عباس أن النبي  دخل على عثمان بن مظعون حين مات فانكب عليه فرفع رأسه فكأنهم رأوا أثر البكاء في عينه ثم حنى عليه الثانية ثم رفع رأسه فرأوه يبكي ثم حنى عليه الثالثة ثم رفع رأسه وله شهيق فعرفوا أنه يبكي فبكى القوم 

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം:   ‘ഉസ്മാനുബ്‌നു മദ്ഊന്‍(റ) മരണപ്പെട്ടപ്പോള്‍ നബി ﷺ അദ്ദേഹത്തിന്റെ അടുക്കല്‍ പ്രവേശിച്ച് അദ്ദേഹത്തെ ചുംബിച്ചു. അവിടുന്ന് തല ഉയ൪ത്തിയപ്പോള്‍  കരഞ്ഞതിന്റെ അടയാളം അവിടുത്തെ കണ്ണുകളില്‍ അവ൪ കണ്ടു. ശേഷം രണ്ടാമതും അവിടുന്ന് ചുംബിച്ചു. ശേഷം അദ്ദേഹം തല ഉയ൪ത്തിയപ്പോള്‍ അവിടുന്ന് കരയുന്നതായി അവ൪ കണ്ടു. ശേഷം മൂന്നാമതും അവിടുന്ന് ചുംബിച്ചു. ശേഷം അവിടുന്ന് തല ഉയ൪ത്തിയപ്പോള്‍  അവിടുന്ന് നെടുവീ൪പ്പിടുന്നതായി അവ൪ കണ്ടു. അവിടുന്ന് കരയുന്നതായി അവ൪ മനസ്സിലാക്കി.അപ്പോള്‍ ജനങ്ങളും കരഞ്‍ഞു. 

 

11. ഹംസ(റ) കൊല്ലപ്പെട്ടപ്പോള്‍ 
പിതൃവ്യന്‍ ഹംസയുടെ രക്തസാക്ഷിത്വം പ്രവാചകനെ ഏറെ കരയിച്ച സംഭവമായിരുന്നു. ഉഹുദ്‌ യുദ്ധത്തില്‍ രക്തസാക്ഷിയായ അദ്ദേഹത്തിന്റെ മൃതശരീരം ശത്രുക്കള്‍ അംഗഭംഗം വരുത്തുകയും അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ്‌ കരള്‍ പുറത്തെടുത്ത്‌ ചവച്ചു തുപ്പുകയും ചെയ്‌തിരുന്നു. 

عن جابر قال‏:‏ لما بلغ النبي صلى الله عليه وسلم قتل حمزة بكى فلما نظر إليه شهق

ജാബിറില്‍(റ) നിന്ന് നിവേദനം: ഹംസ(റ) കൊല്ലപ്പെട്ടത്  നബി(സ്വ) അറിഞ്ഞപ്പോള്‍ അവിടുന്ന് കരഞ്ഞു. അതിലേക്ക് നോക്കിയപ്പോള്‍ അവിടുന്ന് ഒരു നെടുവീ൪പ്പിട്ടു.

12.  മുഅ്‌ത യുദ്ധത്തില്‍ തന്റെ  അനുചരന്മാ൪ കൊല്ലപ്പെട്ടപ്പോള്‍
  
കിഴക്കൻ റോമാ സാമ്രാജ്യവും (ബൈസന്റൈൻ സാമ്രാജ്യം) മുസ്‌ലിംകളും തമ്മിൽ നടന്ന പ്രഥമ യുദ്ധമാണ് മുഅ്ത യുദ്ധം. 

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَمَّرَ رَسُولُ اللَّهِ صلى الله عليه وسلم فِي غَزْوَةِ مُوتَةَ زَيْدَ بْنَ حَارِثَةَ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنْ قُتِلَ زَيْدٌ فَجَعْفَرٌ، وَإِنْ قُتِلَ جَعْفَرٌ فَعَبْدُ اللَّهِ بْنُ رَوَاحَةَ ‏”‏‏.‏ قَالَ عَبْدُ اللَّهِ كُنْتُ فِيهِمْ فِي تِلْكَ الْغَزْوَةِ فَالْتَمَسْنَا جَعْفَرَ بْنَ أَبِي طَالِبٍ، فَوَجَدْنَاهُ فِي الْقَتْلَى، وَوَجَدْنَا مَا فِي جَسَدِهِ بِضْعًا وَتِسْعِينَ مِنْ طَعْنَةٍ وَرَمْيَةٍ‏.‏

ഇബ്നു ഉമറില്‍(റ) നിവേദനം :മുഅ്ത യുദ്ധത്തില്‍ നബി(സ്വ) സൈദ് ഇബ്ന് ഹാരിസിനെ സർവ്വ സൈന്യാധിപൻ ആയി നിയമിച്ചു. എന്നിട്ട് പറഞ്ഞു : സൈദ് വധിക്കപ്പെട്ടാൽ ജഅ്ഫർ ഇബ്ന് അബീതാലിബ് അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കണം. ജഅ്ഫറും വധിക്കപ്പെട്ടാൽ ആ സ്ഥാനം അബ്ദുള്ളാഹിബ്നു റവാഹ ഏറ്റെടുക്കണം. ഇബ്നു ഉമർ തുടര്‍ന്ന് പറയുകയാണ് : ഞാന്‍ ആ യുദ്ധത്തില്‍ സന്നിഹിതനായിരുന്നു. ഞാന്‍ ജഅ്ഫറിന്റെ ശരീരം ഒരു കൂട്ടം രക്തസാക്ഷികളുടെ കൂട്ടത്തില്‍ കണ്ടെത്തുകയുണ്ടായി. ആയുധങ്ങള്‍ കൊണ്ടുണ്ടായ തൊണ്ണൂറിലധികം മുറിവിന്റെ പാടുകള്‍ ആ ശരീരത്തില്‍ ഉണ്ടായിരുന്നു. (ബുഖാരി:4261)
    
മുഅ്‌ത യുദ്ധത്തില്‍ വധിക്കപ്പെട്ട തന്റെ അടുത്ത അനുചരന്മാരുടെ പേരിലും അദ്ദേഹം കരയുകയുണ്ടായി.

عَنْ أَنَسٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم نَعَى زَيْدًا وَجَعْفَرًا وَابْنَ رَوَاحَةَ لِلنَّاسِ، قَبْلَ أَنْ يَأْتِيَهُمْ خَبَرُهُمْ فَقَالَ ‏ “‏ أَخَذَ الرَّايَةَ زَيْدٌ فَأُصِيبَ، ثُمَّ أَخَذَ جَعْفَرٌ فَأُصِيبَ، ثُمَّ أَخَذَ ابْنُ رَوَاحَةَ فَأُصِيبَ ـ وَعَيْنَاهُ تَذْرِفَانِ ـ حَتَّى أَخَذَ الرَّايَةَ سَيْفٌ مِنْ سُيُوفِ اللَّهِ حَتَّى فَتَحَ اللَّهُ عَلَيْهِمْ ‏”‏‏.‏

അനസില്‍(റ) നിന്ന് നിവേദനം :സൈദ് , ജഅ്ഫർ , റവാഹ എന്നിവർ രക്ത സാക്ഷികള് ആയ വിവരം, അവരുടെ മരണ വാർത്തകള്‍ ഞങ്ങളിലേക്ക് എത്തും മുന്നേ നബി(സ്വ)  ജനങ്ങളെ അറിയിച്ചു: നബി(സ്വ) പറഞ്ഞു :മുസ്ലിം സഹോദരങ്ങളേ , സിറിയൻ അതിർത്തിയിലേക്ക് നീങ്ങിയ സൈന്യത്തെ പറ്റി ഞാന്‍ നിങ്ങളെ അറിയിക്കാം: അവർ ശത്രുക്കള്‍ക്ക് എതിരിൽ ഉറച്ചു നിന്ന് പൊരുതി. സൈദ് സൈന്യാധിപന്റെ പതാകയേന്തി. തുടര്‍ന്ന് അദ്ദേഹം രക്തസാക്ഷിയായി. പിന്നീട് ആ പതാക ജഅ്ഫർ ഏറ്റെടുത്തു. ജഅ്ഫറും രക്തസാക്ഷ്യം വരിച്ചു. പിന്നീട് പതാക ഏറ്റെടുത്തത് അബ്ദുള്ളാഹിബ്നു റവാഹയാണ്. അദ്ദേഹവും രക്തസാക്ഷിയായി. അന്നേരം നബി(സ്വ)  കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നത് ഞങ്ങള്‍ കണ്ടു: പിന്നീട് ആ പതാക അല്ലാഹുവിന്റെ വാളുകളിൽ ഒരു വാള് (ഖാലിദ് ഇബ്നു വലീദ്) ഏറ്റെടുത്തു. അദ്ദേഹം മുസ്ലിം സൈന്യത്തെ രക്ഷിച്ചു മടങ്ങിയിരിക്കുകയാണ്. (ബുഖാരി:4262)

 

13.ഹുസൈന്‍ കൊല്ലപ്പെടുമെന്ന വാ൪ത്ത നബി അറിഞ്ഞപ്പോള്‍

 

നബിക്ക്(സ്വ) തന്റെ പൌത്രന്‍മാരായ ഹസന്‍, ഹുസൈന്‍ എന്നിവരെ ഏറെ ഇഷ്ടമായിരുന്നു. അവരുമായി അവിടുന്ന് കളിക്കുന്നതിനെ കുറിച്ചും അവരെ ചുംബിക്കുന്നതിനെ കുറിച്ചുമെല്ലാം ഹദീസുകളില്‍ കാണാം. ഒരിക്കല്‍  നബിയുടെ(സ്വ) അടുത്ത് ഹുസൈന്‍(റ) ഉണ്ടായിരിക്കെ, അദ്ദേഹം മുസ്ലിംകളാല്‍ കൊല്ലപ്പെടുമെന്ന വാ൪ത്ത നബിക്ക് ജിബ്രീല്‍ അറിയിച്ച് കൊടുത്തു.

فقال جبريل : إن امتك ستقتله . قال : يقتلونه وهم مؤمنون ؟ قال : نعم 

ജിബ്രീല്‍ പറഞ്ഞു: താങ്കളുടെ സമുദായം ഇദ്ദേഹത്തെ കൊലപ്പെടുത്തും.  നബി(സ്വ) ചോദിച്ചു: അവ൪ സത്യവിശ്വാസികളായിരിക്കെ, അവ൪ ഇദ്ദേഹത്തെ കൊലപ്പെടുത്തുമോ? ജിബ്രീല്‍ പറഞ്ഞു: അതെ.

 

ഈ സംഭവം  നബിയെ(സ്വ) ഏറെ വിഷമിപ്പിച്ചു. അദ്ദേഹം കരഞ്ഞതായി ഹദീസുകളില്‍ കാണാം.

 

14. അബ്ദുൽ മുത്വലിബ്   മരണപ്പെട്ടപ്പോള്‍ 

وقد قيل له يَة: يا رسول الله أتذكر موت عبد المطلب ؟ قال نعم وأنا يومئذ ابن ثمان سنين. وعن أم أيمن أنها كانت تحدث أن رسول الله يَة كان يبكي خلف سرير عبد المطلب وهو ابن ثمان لمسنين

 

ഒരിക്കൽ നബി(സ്വ) ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ(സ്വ), അബ്ദുൽ മുത്വലിബിന്റെ മരണം താങ്കൾ ഓർക്കുന്നുവോ? നബി(സ്വ) പറഞ്ഞു: ഓർക്കുന്നു, എനിക്ക് അന്ന് എട്ട് വയസായിരുന്നു പ്രായം. ഉമ്മു അയ്മൻ(റ) പറയുന്നു: അബ്ദുൽ മുത്വലിബിന്റെ (ജനാസ കിടത്തിയിരുന്ന) കട്ടിലിന്റെ പിറകിൽ നിന്ന് അവിടുന്ന് കരയുന്നുണ്ടായിരുന്നു.

 

15.ഉമ്മയുടെ ഖബ്൪ സന്ദ൪ശിച്ചപ്പോള്‍

:عَنْ أَبِي هُرَيْرَةَ، قَالَ زَارَ النَّبِيُّ صلى الله عليه وسلم قَبْرَ أُمِّهِ فَبَكَى وَأَبْكَى مَنْ حَوْلَهُ فَقَالَ ‏ ‏ اسْتَأْذَنْتُ رَبِّي فِي أَنْ أَسْتَغْفِرَ لَهَا فَلَمْ يُؤْذَنْ لِي وَاسْتَأْذَنْتُهُ فِي أَنْ أَزُورَ قَبْرَهَا فَأُذِنَ لِي فَزُورُوا الْقُبُورَ فَإِنَّهَا تُذَكِّرُ الْمَوْتَ  ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : ‘നബി ﷺ ഒരിക്കല്‍ തന്റെ അനുചരന്മാരോടൊപ്പം മാതാവിന്റെ ഖബ്ര്‍ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം കരഞ്ഞു. ഒപ്പമുള്ളവരും കരഞ്ഞു. നബി ﷺ പറഞ്ഞു:എന്റെ ഉമ്മക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കാന്‍ അല്ലാഹുവിനോട് ഞാന്‍ അനുവാദം ചോദിച്ചു, എനിക്ക് അനുവാദം നല്‍കപ്പെട്ടില്ല . അവരുടെ ഖബ്൪ സന്ദ൪ശിക്കാന്‍ അല്ലാഹുവിനോട് ഞാന്‍ അനുവാദം ചോദിച്ചു. എനിക്ക് അനുവാദം നല്‍കപ്പെട്ടു. നിങ്ങള്‍ ഖബ്റുകള്‍ സന്ദ൪ശിക്കൂ, തീ൪ച്ചയായും അത് മരണത്തെ ഓ൪മ്മിപ്പിക്കും.  (മുസ്‌ലിം:976)

 

16.സഅ്ദ് ബ്നു ഉബാദ(റ)  രോഗിയായിരിക്കവെ അദ്ദേഹത്തെ  നബി ﷺ സന്ദ൪ശിച്ചപ്പോള്‍

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ اشْتَكَى سَعْدُ بْنُ عُبَادَةَ شَكْوَى لَهُ فَأَتَاهُ النَّبِيُّ صلى الله عليه وسلم يَعُودُهُ مَعَ عَبْدِ الرَّحْمَنِ بْنِ عَوْفٍ وَسَعْدِ بْنِ أَبِي وَقَّاصٍ وَعَبْدِ اللَّهِ بْنِ مَسْعُودٍ ـ رضى الله عنهم ـ فَلَمَّا دَخَلَ عَلَيْهِ فَوَجَدَهُ فِي غَاشِيَةِ أَهْلِهِ فَقَالَ ‏”‏ قَدْ قَضَى ‏”‏‏.‏ قَالُوا لاَ يَا رَسُولَ اللَّهِ‏.‏ فَبَكَى النَّبِيُّ صلى الله عليه وسلم فَلَمَّا رَأَى الْقَوْمُ بُكَاءَ النَّبِيِّ صلى الله عليه وسلم بَكَوْا فَقَالَ ‏”‏ أَلاَ تَسْمَعُونَ إِنَّ اللَّهَ لاَ يُعَذِّبُ بِدَمْعِ الْعَيْنِ، وَلاَ بِحُزْنِ الْقَلْبِ، وَلَكِنْ يُعَذِّبُ بِهَذَا ـ وَأَشَارَ إِلَى لِسَانِهِ ـ أَوْ يَرْحَمُ وَإِنَّ الْمَيِّتَ يُعَذَّبُ بِبُكَاءِ أَهْلِهِ عَلَيْهِ ‏”‏‏.‏ وَكَانَ عُمَرُ ـ رضى الله عنه ـ يَضْرِبُ فِيهِ بِالْعَصَا، وَيَرْمِي بِالْحِجَارَةِ وَيَحْثِي بِالتُّرَابِ‏.‏

ഇബ്നുഉമറില്‍(റ)  നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:  ഒരിക്കൽ സഅ്ദ്ബ്നു ഉബാദയെ(റ) രോഗം ബാധിച്ചു. അപ്പോൾ നബി(സ്വ) അബ്ദുർറഹ്മാനുബ്നു ഔഫ്(റ), സഅ്ദ്ബ്നു അബീ വഖാസ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാൻ ചെന്നു. നബി(സ്വ) അദ്ദേഹത്തിന്റെയടുത്ത് പ്രവേശിച്ചപ്പോൾ കുടുംബങ്ങൾ ചുറ്റും കൂടി നിൽക്കുന്നത് കണ്ടു. നബി(സ്വ) ചോദിച്ചു: കഴിഞ്ഞോ? അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇല്ല. അപ്പോൾ നബി(സ്വ) കരഞ്ഞു. നബിയുടെ(സ്വ) കരച്ചിൽ കണ്ടു സദസ്യരും കരഞ്ഞു. അവിടുന്നു അരുളി: നിങ്ങൾ ശ്രവിക്കുന്നില്ലേ? നിശ്ചയം അല്ലാഹു കണ്ണുനീരിന്റെ പേരിലോ മനസ്സിലെ ദു:ഖം കാരണമോ ശിക്ഷിക്കുകയില്ല. പക്ഷെ ഇതിന്റെ – നബി(സ്വ) നാവിലേക്ക് ചൂണ്ടിക്കൊണ്ട് – പേരിലാണ് അല്ലാഹു ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുക. മയ്യിത്ത് അതിന്റെ കുടുംബക്കാരുടെ കരച്ചിൽ മൂലം ശിക്ഷിക്കപ്പെടും. ഉമർ(റ) ഉറക്കെ കരയുന്നവരെ വടി കൊണ്ട് അടിക്കുകയും കല്ലൂകൊണ്ട് എറിയുകയും മണ്ണ് വാരിയിടുകയും ചെയ്യാറുണ്ട്. (ബുഖാരി:1304)

 

17. ജനാസ സംസ്കരണത്തില്‍

عَنِ الْبَرَاءِ، قَالَ كُنَّا مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فِي جِنَازَةٍ فَجَلَسَ عَلَى شَفِيرِ الْقَبْرِ فَبَكَى حَتَّى بَلَّ الثَّرَى ثُمَّ قَالَ ‏ “‏ يَا إِخْوَانِي لِمِثْلِ هَذَا فَأَعِدُّوا ‏”‏ ‏.‏

ബറാഇല്‍(റ) നിന്ന് നിവേദനം:  അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബിയുടെ(സ്വ) കൂടെ ഒരു ജനാസ സംസ്കരണത്തിലായിരുന്നു. നബി(സ്വ) ഖബ്റിന്റെ വക്കിലായിരുന്നു. തറ നനയുവോളം അവിടുന്ന് കരഞ്ഞു. ശേഷം പറഞ്ഞു: സഹോദരങ്ങളെ, ഇതേ പോലെയുള്ള (യാത്രക്ക്)  സ്വയം തയ്യാറായിരിക്കുക. (ഇബ്നുമാജ: 37/4335)
              
kanzululoom.com    

Leave a Reply

Your email address will not be published. Required fields are marked *