വിശുദ്ധ ഖു൪ആനില്‍ 25 പ്രവാചകന്‍മാരുടെ പേരുകളാണ് പരാമ൪ശിച്ചിട്ടുള്ളത്. (1)ആദം, (2)ഇദ്രീസ്, (3)നൂഹ്, (4)ഹൂദ്, (5)സ്വാലിഹ്, (6)ലൂത്വ്, (7)ഇബ്രാഹിം, (8)ഇസ്ഹാഖ്, (9)ഇസ്മാഈൽ, (10)യഅ്ഖൂബ്, (11)യൂനുസ്, (12)യൂസുഫ്, (13)മൂസ, (14)ഹാറൂൻ, (15)ഇല്‍യാസ്, (16)ശുഐബ്, (17)അയ്യൂബ്, (18)അൽയസഉ്, (19)ദുൽകിഫ്ൽ, (20)ദാവൂദ്, (21)സുലൈമാൻ, (22)സക്കരിയ്യാ, (23)യഹ്യാ, (24)ഈസാ (25) മുഹമ്മദ് മുസ്തഫ ﷺ എന്നിവരാണവർ..
വിശുദ്ധ ഖു൪ആനില്‍ പല ഭാഗങ്ങളിലായി ഇവരുടെ ചരിത്രം വിശദീകരിച്ചിട്ടുണ്ട്. ചില പ്രവാചകന്‍മാരുടെ ചരിത്രം വിശദമായി പരാമ൪ശിച്ചപ്പോള്‍ മറ്റ് ചിലരുടെ ചരിത്രം ഹ്രസ്വമായിട്ടാണ് പരാമ൪ശിച്ചിട്ടുള്ളത്. ഇതില്‍ 18 പ്രവാചകന്മാരുടെ പേരുകള്‍ തുടരെ പരാമര്‍ശിച്ചിട്ടുണ്ട്.
وَتِلْكَ حُجَّتُنَآ ءَاتَيْنَٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَٰتٍ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ – وَوَهَبْنَالَهُۥٓ إِسْحَٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ – وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ ٱلصَّٰلِحِينَ – وَإِسْمَٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى ٱلْعَٰلَمِينَ
ഇബ്രാഹീമിന് തന്റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി.) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു.സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു. (ഖു൪ആന്‍:6/83-86)
ബാക്കിയിള്ള 7 പ്രവാചകന്‍മാരുടെ പേരുകള്‍ മറ്റു സ്ഥലങ്ങളില്‍ പറഞ്ഞതായും കാണാം. അവയില്‍ ചിലത് കാണുക.
ആദം(അ):
إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَٰلَمِينَ
തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. (ഖു൪ആന്‍:3/33)
ഹൂദ്(അ):
وَإِلَىٰ عَادٍ أَخَاهُمْ هُودً
ആദ് ജനതയിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (നാം നിയോഗിക്കുകയുണ്ടായി) (ഖു൪ആന്‍:11/50)
സ്വാലിഹ്(അ):
وَإِلَىٰ ثَمُودَ أَخَاهُمْ صَٰلِحًا ۚ
ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) (ഖു൪ആന്‍:11/61)
ശുഐബ്(അ):
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۚ
മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി) (ഖു൪ആന്‍:11/84)
ഇദ്‌രീസ്, ദുല്‍കിഫ്‌ലി (അ):
وَإِسْمَٰعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ ۖ كُلٌّ مِّنَ ٱلصَّٰبِرِينَ
ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുല്‍കിഫ്ലിനെയും (ഓര്‍ക്കുക) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:21/85)
മുഹമ്മദ് (സ്വ)
مُّحَمَّدٌ رَّسُولُ ٱللَّ
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. (ഖു൪ആന്‍:48/29)
മേല്‍ പറഞ്ഞിട്ടുള്ള 25 പ്രവാചകന്‍മാരില്‍ ഭൂരിഭാഗം പേരുടെയും ചരിത്രം വിശദമായി പരാമ൪ശിച്ചിട്ടുണ്ടെങ്കിലും ചിലരുടെ ചരിത്രം ഹ്രസ്വമായി സൂചിപ്പിച്ചിട്ടേയുള്ളൂ. ഇദ്രീസ് (ഖു൪ആന്‍: 19/56-57, 21/85-86) ഇല്യാസ് (ഖു൪ആന്‍: 37/123-132)അൽയസഅ് (ഖു൪ആന്‍: 6/86,38/48)ദുൽകിഫ്ൽ (ഖു൪ആന്‍: 21/85-86,38/48) എന്നീ നാല് പേരുടെ ചരിത്രം വിശുദ്ധ ഖു൪ആന്‍ ഹ്രസ്വമായിട്ടാണ് പരാമ൪ശിച്ചിട്ടുള്ളത്.
വിശുദ്ധ ഖു൪ആനില്‍ പേര് പറയപ്പെട്ട പ്രവാചകന്മാരുടെ എണ്ണം 25 ആണെങ്കിലും അത്രയും പ്രവാചകന്‍മാ൪ മാത്രമേയുള്ളൂവെന്ന് അ൪ത്ഥമില്ല. അല്ലാഹു പറയുന്നു:
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ
നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. ……. (ഖു൪ആന്‍:40/78)
وَرُسُلًا قَدْ قَصَصْنَٰهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًا
നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു. (ഖു൪ആന്‍:4/164)
ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَٰهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ
പിന്നെ നാം നമ്മുടെ ദൂതന്‍മാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവരെ ഒന്നിനുപുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാരവിഷയമാക്കിത്തീര്‍ക്കുകയും ചെയ്തു. ആകയാല്‍ വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് നാശം!(ഖു൪ആന്‍:23/44)
വിശുദ്ധ ഖു൪ആനില്‍ പേര് പറയപ്പെടാത്ത ധാരാളം പ്രവാചകന്‍മാരുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. 1,24,000 പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ടെന്നും അതില്‍ മുന്നൂറ്റി പതിമൂന്നോ മുന്നൂറ്റി പതിനഞ്ചോ മുര്‍സലുകള്‍ ഉണ്ട് എന്നൊക്കെ അറിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാണാം. എന്നാല്‍ അവയുടെ സ്വീകാര്യതയില്‍ പണ്ഢിതന്‍മാ൪ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
വിശുദ്ധ ഖു൪ആന്‍:4/164 ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു അത്വിയ്യ്(റ്വ) പറയുന്നു: ”അല്ലാഹു പറയുന്നു: ‘അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല…’ (ഈ സൂക്തം) നബിമാരുടെ ആധിക്യത്തെയാണ് കുറിക്കുന്നത്. (അവരുടെ) എണ്ണം ക്ലിപ്തമല്ല, അല്ലാഹു പറയുന്നു: ‘ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല’ (ഖു൪ആന്‍:35/24). ‘അതിന്നിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്) (ഖു൪ആന്‍:25/38). പ്രവാചകന്മാരുടെ എണ്ണം പറഞ്ഞതൊന്നും സ്വീകാര്യയോഗ്യമല്ല. അവരുടെ എണ്ണത്തെ കുറിച്ച് നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്.”
ലജ്‌നതുദ്ദാഇമയുടെ ഒരു ഫത്വയില്‍ ഇപ്രകാരം കാണാം.:
അവരുടെ (നബിമാരുടെ) എണ്ണം അല്ലാഹുവിനല്ലാതെ അറിയില്ല. അല്ലാഹു പറയുന്നു: ‘നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല’ (ഖു൪ആന്‍:40/78). അവരില്‍ അറിയപ്പെട്ടവര്‍ ഖുര്‍ആനിലും സ്വഹീഹായ ഹദീസുകളിലും പറയപ്പെട്ടവരാണ്. (ഫതാവാ ലജ്‌നതുദ്ദാഇമ 3/256).
ഖള്വിര്‍(അ) നബിയാണോ ?
ഇസ്രായീല്യരിലെ പ്രവാചകനായ മൂസാ നബി(അ) ഒരിക്കല്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കെ, ഒരാള്‍ അദ്ദേഹത്തോടു ഇങ്ങിനെ ചോദിക്കുകയുണ്ടായി: ‘താങ്കളേക്കാള്‍ അറിവുള്ള മറ്റു വല്ലവരെയും താങ്കള്‍ക്കറിയാമോ?’ അദ്ദേഹം ഉത്തരം പറഞ്ഞത് ‘ഇല്ല’ എന്നായിരുന്നു. ‘അല്ലാഹുവിനറിയാം’ (الله أعلم) എന്നു പറയുകയുണ്ടായില്ല. (അദ്ദേഹത്തിന്റെ നിലപാടിനു യോജിച്ചതു അതായിരുന്നു). ഇതിനെതുടര്‍ന്ന് ‘ഉണ്ട് , എന്റെ ഒരു അടിയാന്‍ നിന്നെക്കാള്‍ അറിവുള്ളവനുണ്ട് – രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തുവെച്ചു അദ്ദേഹത്തെ കാണാം’ എന്നു അല്ലാഹു മൂസാ നബിക്ക്(അ) വഹ്’യ് നല്‍കി. ഒരു മത്സ്യം കൂടെ കൊണ്ടു പോകണമെന്നും, അത് കാണാതാവുന്ന സ്ഥലത്ത് അദ്ദേഹം ഉണ്ടായിരിക്കുമെന്നും അറിയിച്ചു. (അമാനി തഫ്സീ൪ : ഖു൪ആന്‍:18/65 ന്റെ വിശദീകരണത്തില്‍ നിന്നും)
മൂസാനബിയും(അ) സഹായിയും കൂടി ഖള്വിര്‍(അ) നെ കണ്ടെത്തുന്ന രംഗം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നു:
فَوَجَدَا عَبْدًا مِّنْ عِبَادِنَآ ءَاتَيْنَٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًا
അപ്പോള്‍ അവര്‍ രണ്ടുപേരും(മൂസാനബിയും സഹായിയും) നമ്മുടെ ദാസന്‍മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (ഖു൪ആന്‍:18/65)
വിശുദ്ധ ഖു൪ആനില്‍ 25 പ്രവാചകന്‍മാരുടെ പേരുകളാണ് പരാമ൪ശിച്ചിട്ടുള്ളത്. ഇതുപോലെ വിശുദ്ധ ഖുര്‍ആനില്‍ പേര് പറഞ്ഞിട്ടില്ലെങ്കിലും മേല്‍ കൊടുത്ത് ആയത്തില്‍ നിന്ന് നബിയാണെന്ന് മനസ്സിലാക്കപ്പെടുന്ന വ്യക്തിയാണ് ഖള്വിര്‍(അ) എന്ന് ഭൂരിഭാഗം പണ്ഢിതന്‍മാരു പറയുന്നു. അവ൪ നല്‍കുന്ന വിശദീകരണത്തിന്റെ ചുരുക്കും ഇപ്രകാരമാണ്.
(1) ഈ ആയത്തിലുള്ള റഹ്മത്ത് കൊണ്ടുള്ള ഉദ്ദേശം വഹ്‌യാണ്.
(2) നമ്മുടെ അടുക്കല്‍നിന്നു നാം അദ്ദേഹത്തിന് ഒരു പ്രത്യേകജ്ഞാനം പഠിപ്പിച്ചിരിക്കുന്നുവെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു.
(3) മൂസാനബിയോട്(അ) ഖള്വിര്‍ (അ) ”ഞാന്‍ ഇതൊന്നും എന്റെ അഭിപ്രായപ്രകാരമല്ല ചെയ്തത് ” (ഖു൪ആന്‍:18/82) എന്ന് പറഞ്ഞത്.
(4) അല്ലാഹു മൂസാനബി(അ)യോട് താങ്കളെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ട് എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹത്തെയും തേടിയാണല്ലോ മൂസാ(അ) യാത്രയായത്. ഒരു പ്രവാചകനെക്കാള്‍ കൂടുതല്‍ അറിവുള്ളവരായി പ്രവാചകന്മാരല്ലാതെ വേറൊരാള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല.
എന്നാല്‍ ഖള്വിര്‍(അ) പ്രവാചകനല്ല ഒരു വലിയ്യ് ആണ് എന്ന അഭിപ്രായവും പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട് . الله اعلم
തുബ്ബഅ്, ദുല്‍ക്വര്‍നയ്ന്‍ എന്നിവ൪ നബിമാരാണോ?
തുബ്ബഅ്, ദുല്‍ക്വര്‍നയ്ന്‍ തുടങ്ങിയ പേരുകള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടവയാണ്. എന്നാല്‍ ഇവര്‍ പ്രവാചകന്മാരാണെന്ന് പറയാന്‍ നിര്‍വ്വാഹമില്ല.
عَنْ أَبِى هُرَيْرَةَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا أَدْرِي أَتُبَّعٌ أَنَبِيّاً كانَ أَمْ لاَ ، وَمَا أَدْرِي ذَا الْقَرْنَيْنِ أَنَبِيّاً كانَ أَمْ لاَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: തുബ്ബഅ് നബിയാണോ അല്ലേ എന്ന് എനിക്കറിയില്ല, ദുല്‍ക്വര്‍നയ്‌നിയും നബിയാണോ അല്ലേ എന്ന് എനിക്കറിയില്ല. (ഹാകിം)
അതേപോലെ വിശുദ്ധ ഖുര്‍ആനില്‍ പേര് പറയപ്പെട്ട 25 പ്രവാചകന്മാരല്ലാത്ത ചില പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. ഉദാഹരണം ശീസ്, യൂശഅ് ബ്‌നു നൂന്‍, ശംവീല്‍… ഇവരെല്ലാം നബിമാരാണെന്ന് ചില ഹദീസുകളുടെ വെളിച്ചത്തില്‍ വിവരിക്കപ്പെട്ടത് കാണാം. എന്നാല്‍ ഈ ഹദീസുകളുടെ സ്വീകാര്യത സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഇവര്‍ നബിമാരാണോയെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. الله اعلم
kanzululoom.com