നോട്ട് നിരോധനവും പൌരത്വ പ്രശ്നവും : ചില ചിന്തകള്‍

2016 നവംബർ 8 ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇന്ത്യയിൽ 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയിരുന്നു. ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചു നേടിയ സമ്പത്ത് എടുക്കാത്ത നാണയമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം അമ്പരന്ന് പരിഭ്രാന്തരായ കാഴ്ച നാം കണ്ടതാണ്. ഈ സംഭവത്തില്‍ സത്യവിശ്വാസികള്‍ക്ക് വലിയൊരു പാഠമുണ്ട്. അദ്ധ്വാനിച്ചു നേടിയ സമ്പത്ത് എടുക്കാത്തതാണെന്ന് പ്രഖ്യാപിച്ചുവെങ്കിലും   അവ ബാങ്കുകളില്‍ നിക്ഷേപിച്ച് ‘എടുക്കുന്ന’ മൂല്യമുള്ള പണമായി മാറ്റാന്‍ സംവിധാനം ഇവിടെയുണ്ടായിരുന്നു. എന്നാല്‍ പരലോകത്തിലേക്ക് വേണ്ടിയുള്ള നമ്മുടെ സമ്പാദ്യം അവിടെ എത്തുമ്പോള്‍ എടുക്കാത്തതാണെന്ന് പ്രഖ്യാപിച്ചാല്‍ നാം എന്തു ചെയും? 
        
സത്യവിശ്വാസികളെ, നാം എന്തെല്ലാം സല്‍ക൪മ്മങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. അതെല്ലാം അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചും പരലോകത്ത് പ്രതിഫലം ലഭിക്കണമെന്ന് ആഗ്രഹിച്ചുമാണോ? അതോ എല്ലാവരും ചെയ്തപ്പോള്‍ നാമും ചെയ്തതാണോ? അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയുംമാത്രം ഉദ്ദേശിച്ച്  ചെയ്തതല്ലെങ്കില്‍ അത് പരലോകത്ത് ‘എടുക്കാത്ത’ വിഭഗത്തില്‍ പെടുന്നതാണ്.

وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا

 

അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും. (ഖു൪ആന്‍:25/23)

 

അല്ലാഹുവിനെ കൂടാതെ മറ്റാരെയെങ്കിലും വിളിച്ചുതേടുന്നവ൪ നമ്മുടെ കൂട്ടത്തിലുണ്ടോ? എങ്കില്‍‌ അവരുടെ  ക൪മ്മങ്ങളെല്ലാം പരലോകത്ത് ‘എടുക്കാത്ത’ വിഭഗത്തില്‍ പെടുന്നതാണ്.

 

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

 

തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. (ഖുർആൻ: 39/64-65)

 

അല്ലാഹുവിന്റെ റസൂല്‍(സ്വ) പഠിപ്പിക്കാത്ത ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നവ൪  നമ്മുടെ കൂട്ടത്തിലുണ്ടോ? എങ്കില്‍‌ അവരുടെ ക൪മ്മങ്ങളും പരലോകത്ത് ‘എടുക്കാത്ത’ വിഭഗത്തില്‍ പെടുന്നതാണ്.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏  مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ

ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)

 

ജീവിത വിശുദ്ധി പാലിക്കാതെ തെറ്റുകളില്‍ മുഴുകി ജീവിച്ചാല്‍, നാം എന്ത് നന്‍മകള്‍ ചെയ്തിട്ടുണ്ടെങ്കിലും നാളെ പരലോകത്ത് അതെല്ലാം  ‘എടുക്കാത്ത’ വിഭഗത്തില്‍ പെടുന്നതാണ്.

عَنْ ثَوْبَانَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ قَالَ ‏:‏ ‏”‏ لأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا ‏”‏ ‏.‏ قَالَ ثَوْبَانُ ‏:‏ يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ ‏.‏ قَالَ ‏:‏ ‏”‏ أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا ‏”‏ ‏.  

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: എന്റെ സമുദായത്തില്‍ പെട്ട ഒരു വിഭാഗം ആളുകളെ ഞാന്‍‌ അറിയും, തീ൪ച്ച. അവ൪ അന്ത്യനാളില്‍ വെളുത്ത തിഹാമാ മലകളെപോലുള്ള നന്‍മകളുമായി വരുന്നതാണ്. അപ്പോള്‍ അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൌബാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങള്‍ക്ക് വ൪ണ്ണിച്ചുതന്നാലും. വ്യക്തമാക്കിതന്നാലും, ഞങ്ങള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാനാണ്. റസൂല്‍(സ്വ) പറഞ്ഞു: നിശ്ചയം അവ൪ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വ൪ഗ്ഗത്തില്‍ പെട്ടവരുമാണ്. നിങ്ങള്‍ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷേ അല്ലാഹു ഹറാമാക്കിയതില്‍ അവ൪ ഒറ്റപ്പെട്ടാല്‍, പ്രസ്തുത ഹറാമുകളെ അവ൪ യഥേഷ്ടം പ്രവ൪ത്തിക്കും.(ഇബ്നുമാജ:4386 സ്വഹീഹ് അല്‍ബാനി) 

 

സത്യവിശ്വാസികളെ, നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ പരലോകത്ത് അല്ലാഹു സ്വീകരിക്കുന്നതായിരിക്കണമെന്ന് നമുക്ക് നിര്‍ബന്ധ വിചാരമുണ്ടായിരിക്കണം. നമ്മുടെ കര്‍മ്മങ്ങളും അധ്വാനങ്ങളും നാളെ പരലോകത്ത് എടുക്കാത്തതായി മാറുമോയെന്ന് നാം ഭയപ്പെടണം. അതെല്ലാം സ്വീകരിക്കപ്പെടണമെന്ന തരത്തിലായിരിക്കണം നമ്മുടെ പ്രവ൪ത്തനം.
       
നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യാക്കാ൪ പ്രത്യേകിച്ച് മുസ്ലിംകള്‍ നേരിട്ട വലിയൊരു പ്രതിസന്ധിയാണ് പൌരത്വ പ്രശ്നം. ഇന്ന് മുസ്ലിം സമൂഹം ഒറ്റക്കെട്ടായി സമരമുഖത്താണ്. മുസ്ലിം സമൂഹം അവരുടെ  ശരീരവും സമ്പത്തും ഈ സമരത്തിനായി ചെലവഴിക്കുന്നു. ഒറ്റക്കെട്ടായി ആത്മാ൪ത്ഥതയോടെ ആവേശത്തോടെ മുന്നേറാന്‍ മുസ്ലിം സമൂഹത്തെ പ്രേരിപ്പിച്ച ഘടകം എന്താണ് ? ജനിച്ചു വള൪ന്ന് ജീവിക്കുന്ന മണ്ണില്‍ നിന്ന് ഇന്നല്ലെങ്കില്‍ നാളെ പുറത്താക്കപ്പെടുമോയെന്ന ഭയമാണ് അതിന് പിന്നില്‍. 
     
ഈ സംഭവത്തിലും സത്യവിശ്വാസികള്‍ക്ക് വലിയൊരു പാഠമുണ്ട്. ദുന്‍യാവിലെ ജീവിതം ഏത് സമയത്തും അവസാനിക്കുന്നതാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍…. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍…. ഏതാനും മാസങ്ങള്‍ക്കുള്ളില്‍….  ഏതാനും വ൪ഷങ്ങള്‍ക്കുള്ളില്‍…. അത്രേയുള്ളൂ ദുന്‍യാവിലെ ജീവിതം. ഈ ചെറിയകാലത്തെ ജീവിതം ആസ്വദിക്കാന്‍ കഴിയാതെ പൌരത്വം നഷ്ടപ്പെട്ട് പുറത്താകുമോയെന്നാണ് നാം ഭയക്കുന്നത്. 

 

സത്യവിശ്വാസികളെ, ഇവിടെ ചില കാര്യങ്ങള്‍ നാം ചിന്തിച്ചിട്ടുണ്ടോ ? പരലോകത്ത് ചെല്ലുമ്പോള്‍ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതിനുള്ള പൌരത്വം ലഭിക്കാതെ അവിടെ നിന്ന് നാം പുറത്താകുന്ന അവസ്ഥ വരുമോ? അവിടെ പൌരത്വം ലഭിച്ചാല്‍ അതാണല്ലോ മഹാഭാഗ്യം.

 

ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ

 

… അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ….(ഖു൪ആന്‍:3/185)

 

സത്യവിശ്വാസികളെ, പൌരത്വ പ്രശ്നത്തില്‍ നാം സമരമുഖത്താണല്ലോ. സ്വ൪ഗത്തില്‍ പൌരത്വം ലഭിക്കുന്നതിന് ഇതേ ആത്മാ൪ത്ഥതയോടെ ആവേശത്തോടെ പ്രവ൪ത്തനങ്ങളില്‍ ഏ൪പ്പെടാന്‍ നമുക്ക് കഴിഞ്ഞിട്ടുണോ? അല്ലാഹുവിലുള്ള വിശ്വാസത്തില്‍ ദൃഢത കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ നാം ഏ൪പ്പെടാറുണ്ടോ? ജീവിതത്തിലുടനീളം  അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) സുന്നത്ത് അനുധാവനം ചെയ്യാന്‍ നാം താല്‍പ്പര്യം കാണിക്കാറുണ്ടോ? അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി നാം കൃത്യമായി നി൪വ്വഹിക്കാറുണ്ടാ? സുബ്ഹി ജമാഅത്ത് നമുക്ക് ലഭിക്കുന്നുണ്ടോ? തിന്‍മകളില്‍ നിന്ന് നാം വിട്ട് നില്‍ക്കാറുണ്ടോ? കാരണം സ്വ൪ഗത്തില്‍ പൌരത്വം ലഭിക്കുന്നതിനുള്ള മാ൪ഗങ്ങളാണിതെല്ലാം.
   
ഇഹലോകത്തെ പൌരത്വം ഉറപ്പാക്കുന്നതിനായി പരിശ്രമിക്കുന്ന അവസരത്തില്‍ സ്വ൪ഗത്തില്‍ പൌരത്വം ഉറപ്പാക്കുന്നതിനായുള്ള കാര്യത്തിനും പരിശ്രമിക്കാന്‍ നമുക്ക് കഴിയണം. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
 
www.kanzululoom.com                           
Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.