ആപത്ത് പറ്റിയവനെ സമാശ്വസിപ്പിക്കലും അതു സഹിക്കുവാൻ അവനു ശക്തിപകരലുമാണ് തഅ്‌സിയത്ത്. മരണപ്പെട്ടയാളുടെ ബന്ധുക്കൾക്കേറ്റ വിഷമത്തിന് ലഘൂകരണമേകുന്ന, ക്ഷമിക്കുവാനും തൃപ്തിപ്പെടുവാനും അവരെ പ്രേരിപ്പിക്കുന്ന, തിരുനബിﷺയിൽനിന്നു സ്ഥിരപ്പെട്ടു വന്ന വചനങ്ങൾകൊണ്ട് അവരെ അനുശോചനമറിയിക്കൽ നിയമമാണ്. തിരുമൊഴികൾ മനഃപാഠമുണ്ടെങ്കിലാണ് അങ്ങനെ ചെയ്യേണ്ടത്. അല്ലെങ്കിൽ ഉദ്ദേശ്യം നിറവേറ്റുന്നതും മതത്തിന് എതിരല്ലാത്തതുമായ സൗകര്യപ്രദമായ നല്ല വചനങ്ങൾകൊണ്ടെല്ലാം തഅ്‌സിയത്താകാവുന്നതാണ്.
عن أسامة بن زيد قال: كنا عند النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فأرسلت إليه إحدى بناته تدعوه وتخبره أن صبياً لها أو ابناً لها في الموت، فقال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: ارجع إليها فأخبرها: أن لله ما أخذ وله ما أعطى، وكل شيء عنده بأجل مسمى، فمُرْها فلتصبر، ولتحتسب.
ഉസാമ ഇബ്‌നു സെയ്ദ് رضى الله عنه വിൽ നിന്നു നിവേദനം: തന്റെ കുട്ടി മരണാസന്നനാണെന്നു തിരുനബിയെ അറിയിച്ചുകൊണ്ടും തിരുമേനിയെ ക്ഷണിച്ചുകൊണ്ടും പുത്രിമാരിലൊരാൾ തിരുമേനിയുടെ അടുത്തേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു. തിരുമേനിﷺ ദൂതനോടു പറഞ്ഞു: ‘താങ്കൾ അവരിലേക്കു മടങ്ങിച്ചെല്ലുകയും ഇപ്രകാരം പറയുകയും ചെയ്യുക: ‘അല്ലാഹു നൽകിയത് അവന്റെതു മാത്രമാണ്. തിരിച്ചെടുത്തതും അവന്റെതു മാത്രമാണ്. എല്ലാ കാര്യങ്ങൾക്കും അവന്റെയടുക്കൽ ഒരു നിശ്ചിത അവധിയുണ്ട്. അതിനാൽ അവൾ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യട്ടെ. (ബുഖാരി, മുസ്ലിം)
തഅ്‌സിയത്തിന്റെ വിഷയത്തിൽ വന്ന ഏറ്റവും നല്ല പദങ്ങളാണിത്. അനുശോചനം അറിയിക്കുന്ന വേളയിൽ ജനങ്ങൾക്കിടയിൽ പ്രചരിച്ച ചില കാര്യങ്ങൾ ഒഴിവാക്കൽ അനിവാര്യമാണ്. അവയ്ക്ക് മതത്തിൽ യാതൊരു അടിസ്ഥാനവുമില്ലതന്നെ. അവയിൽ ചിലതു താഴെ:
1. കസേരകൾ നിരത്തിയും ലൈറ്റ് സജ്ജീകരിച്ചും ഓത്തുകാരെ ഏർപ്പാടാക്കിയും ഒരു പ്രത്യേക സ്ഥലത്ത് തഅ്‌സിയത്തിന് ഒരുമിച്ചുകൂടൽ.
2. തഅ്‌സിയത്തിന്റെ നാളുകളിൽ അനുശോചനം അറിയിക്കുവാനെത്തുന്നവരെ സൽകരിക്കുവാൻ മയ്യിത്തിന്റെ ബന്ധുക്കൾ ഭക്ഷണമൊരുക്കുന്നത്.
عَنْ جَرِيرِ بْنِ عَبْدِ اللَّهِ الْبَجَلِيِّ، قَالَ: كنا نعدُّ الاجتماع إلى أهل الميت وصنيعة الطعام بعد دفنه من النياحة.
ജരീർ അൽബജൽ رضى الله عنه വിൽ നിന്നു നിവേദനം: മയ്യിത്ത് മറമാടപ്പെട്ടതിനുശേഷം മയ്യിത്തിന്റെ ബന്ധുക്കളുടെ അടുക്കൽ ഒത്തുകൂടലും ഭക്ഷണമുണ്ടാക്കലും ഞങ്ങൾ നിയാഅത്തിലായിരുന്നു എണ്ണിയിരുന്നത്. (رواه ابن ماجه برقم (١٦١٢)، وصححه الألباني (صحيح ابن ماجه برقم ١٣١٨).)
3.തഅ്‌സിയ്യത്ത് ആവർത്തിക്കൽ. ചിലർ മയ്യിത്തിന്റെ ബന്ധുക്കളിലേക്ക് ഒന്നിലധികം തവണ ചെല്ലുകയും അനുശോചനമറിയിക്കുകയും ചെയ്യും. തഅ്‌സിയത്ത് ഒരു തവണ മത്രമാവുകയെന്നതാണ് അടിസ്ഥാനം. എന്നാൽ തഅ്‌സിയത്ത് ആവർത്തിക്കുന്നതിലെ ഉദ്ദേശ്യം ബോധവൽകരണവും ക്ഷമിക്കുവാനും ക്വദ്വാ-ക്വദ്‌റിൽ തൃപ്തിപ്പെടുവാനുമുള്ള അനുശാസനയുമാണെങ്കിൽ അതിൽ കുഴപ്പമില്ല. ഈ ഉദ്ദേശ്യമില്ലെങ്കിൽ തഅ്‌സിയത്ത് ആവർത്തിക്കരുത്. കാരണം, അപ്രകാരം തിരുനബിﷺയിൽ നിന്നും സ്വഹാബത്തിൽനിന്നും സ്ഥിരപ്പെട്ടിട്ടില്ല.
അടുത്ത ബന്ധുക്കളും അയൽവാസികളും മയ്യിത്തിന്റെ ബന്ധുക്കൾക്ക് ഭക്ഷണമുണ്ടാക്കി നൽകലാണ് സുന്നത്തായത്. തിരുമേനിﷺ പറഞ്ഞു:
اصنعوا لآل جعفر طعاماً فقد أتاهم أمر يشغلهم -أو أتاهم ما يشغلهم
ജഅ്ഫറിന്റെ കുടുംബത്തിന് നിങ്ങൾ ഭക്ഷണമുണ്ടാക്കുക. നിശ്ചയം അവരെ വ്യാപൃതമാക്കുന്ന കാര്യം അവർക്ക് വന്നിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ)
എന്നാൽ മയ്യിത്തിന്റെ പേരിൽ ദുഃഖിക്കുന്നതുകൊണ്ടും കരയുന്നതുകൊണ്ടും കുഴപ്പമില്ല. മിക്കവാറും അതു സംഭവിക്കും. കൃത്രിമത്വമില്ലാത്ത ശുദ്ധപ്രകൃതി അതാണു പറയുന്നത്. തന്റെ പുത്രൻ ഇബ്‌റാഹീം മരണപ്പെട്ടപ്പോൾ തിരുമേനിﷺ കരഞ്ഞു. അവിടുന്ന് പറഞ്ഞു:
إن العين تدمع، والقلب يحزن، ولا نقول إلا ما يرضي ربنا …
നിശ്ചയം, കണ്ണു കരയും. ക്വൽബ് ദുഃഖിക്കും. നമ്മുടെ റബ്ബിനെ പ്രീതിപ്പെടുത്തുന്നതല്ലാത്തത് നാം പറയില്ല. (ബുഖാരി)
എന്നാൽ അത് കോപം, പൊറുതികേട്, ആവലാതിപ്പെടൽ എന്നിവ പ്രകടിപ്പിച്ചുകൊണ്ടാവരുത്. ആർത്തുവിലപിക്കലും അട്ടഹാസവും കവിളത്തടിക്കലും മാറിടം പിളർത്തലും ഹറാമാകുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم:ليس منا من لطم الخدود، وشق الجيوب، ودعا بدعوى الجاهلية
തിരുനബി പറഞ്ഞു: മയ്യിത്തിന്റെ പേരിൽ (വിലപിച്ചുകൊണ്ട്) മുഖത്തടിക്കുകയും കുപ്പായമാറ് കീറുകയും ജാഹിലിയ്യാകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല. (ബുഖാരി, മുസ്ലിം)
‘എനിക്കു നാശമേ,’ ‘എന്റെ കഷ്ടമേ’ പോലുള്ള വാക്കുകൾ അതിന്നുദാഹരണമാകുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم: النائحة إذا لم تتب قبل موتها تقام يوم القيامة، وعليها سربال من قطران، ودرع من جَرَب
തിരുനബിﷺ പറഞ്ഞു: മയ്യിത്തിന്റെ പേരിൽ ആർത്തട്ടഹസിച്ചവൾ മരിക്കുന്നതിന് മുമ്പായി തൗബ ചെയ്തില്ലെങ്കിൽ അന്ത്യനാളിൽ ഉരുക്കിയ ടാറിന്റെ ആവരണവും ശരീരം മുഴുവൻ ചൊറിയുന്ന ഒരു അങ്കിയുമായിട്ടായിരിക്കും അവൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുക. (മുസ്ലിം)
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com