“എല്ലാം കേള്‍ക്കുക എന്നത് ഇസ്ലാമില്‍ അനുവദനീയമാണ്, ശി൪ക്കിന്റെയും കുഫ്റിന്റെയും ആശയം പ്രചരിപ്പിക്കുന്ന സദസില്‍ പങ്കെടുക്കുന്നതുകൊണ്ട് കുഴപ്പമില്ല, എല്ലാം കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരെ വിശുദ്ധ ഖു൪ആന്‍ പുകഴ്ത്തിയിട്ടുണ്ട്” എന്നൊക്കെ പറയുന്ന സത്യവിശ്വാസികളെ കാണാം. അതിന്റെ അടിസ്ഥാനത്തില്‍ നിരീശ്വര-നി൪മ്മത-യുക്തി വാദക്കാരുടെ സദസ്സുകളില്‍ പങ്കെടുക്കുന്നവരുമുണ്ട്. “അവരുടെ ആശയം സ്വീകരിക്കാനല്ല, വെറുതെ കേള്‍ക്കാനാണ് അല്ലെങ്കില്‍ അവ൪ക്ക് എന്താണ് പറയാനുള്ളത് എന്നറിയാനാണ് ഞങ്ങള്‍ കേള്‍ക്കുന്നത്” എന്നാണ് ഇവ൪ ന്യായം പറയുന്നത്. അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്, അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍ എന്ന വിശുദ്ധ ഖു൪ആനിലെ വചനമാണ് (സൂറ അസ്സുമ൪:18) അതിനായി അവ൪ തെളിവ് പിടിക്കുന്നത്. അനിസ്ലാമികമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സദസ്സുകളില്‍ പങ്കെടുക്കുന്നതിന് ഈ വചനം തെളിവല്ലെന്നുള്ളത് നാം സഗൌരവം മനസ്സിലാക്കേണ്ടതാണ്.
അല്ലാഹുവിന്റെ വചനങ്ങളെയും ദൃഷ്ടാന്തങ്ങളെയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ സദസ്സില്‍ ഇരിക്കാന്‍ പോലും സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല.
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّٰلِمِينَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്. (ഖു൪ആന്‍:6/68)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: നബി (സ്വ) തിരുമേനിയെ അഭിമുഖീകരിച്ചുകൊണ്ടും, ക്വുര്‍ആന്റെ സന്ദേശങ്ങളെ പുച്ഛിച്ചു പരിഹസിക്കുന്ന മുശ്രിക്കുകളെ സംബന്ധിച്ചുമാണ് പ്രത്യക്ഷത്തില്‍ ആദ്യത്തെ വചനം നിലകൊള്ളുന്നത്. എങ്കിലും ഓരോ സത്യവിശ്വാസിക്കും ബാധകമാണ് അതിലെ കല്‍പനയെന്നും, ക്വുര്‍ആനടക്കമുള്ള അല്ലാഹുവിന്റെ ഏതു ലക്ഷ്യ ദൃഷ്ടാന്തങ്ങളെയും വ്യാജമാക്കുകയോ, പരിഹസിക്കുകയോ, ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്ന എല്ലാ കുഴപ്പക്കാരുടെ വിഷയത്തിലും പൊതുവെയുള്ള ഒരു നിയമമാണതെന്നുമുള്ളതില്‍ സംശയമില്ല. അല്ലാഹു ഉപയോഗിച്ച വാക്കുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത ആര്‍ക്കും വ്യക്തമാകുന്നതാണ്. അത്തരം വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാക്കുകളിലേക്കു ശ്രദ്ധ കൊടുക്കുന്നതും, അവരോടൊപ്പം ഇരുന്നോ മറ്റോ സമ്പര്‍ക്കം പുലര്‍ത്തുന്നതും അല്ലാഹു വിരോധിക്കുന്നു. പ്രസ്തുത അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനവും അനുകൂലവും നല്‍കലാണല്ലോ അത്. മസ്സില്‍ വെറുപ്പും പ്രതിഷേധവും ഉണ്ടായിരുന്നാല്‍ തന്നെയും ഈ ദോഷത്തില്‍നിന്നു അതു ഒഴിവാകുന്നതല്ല. ഒരു പക്ഷേ, മറവിനിമിത്തം അബദ്ധത്തില്‍ അവരുടെകൂടെ ചെന്നിരുന്നാലും ഓര്‍മ്മവന്നാല്‍ പിന്നെ ആ അക്രമികളുടെ കൂട്ടത്തില്‍ ഇരുന്നുപോകരുതെന്നു അല്ലാഹു വിരോധിച്ചതില്‍നിന്നു ഇതു മനസ്സിലാക്കാം. (അമാനി തഫ്സീ൪ – ഖു൪ആന്‍:6/68 ന്റെ വിശദീകരണത്തില്‍ നിന്ന്)
അല്ലാഹുവിന്റെ വചനങ്ങളെയും ദൃഷ്ടാന്തങ്ങളെയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരുടെ സദസ്സില്‍ അവര്‍ ആ വിഷയം മാറ്റി മറ്റു വിഷയങ്ങളില്‍ പ്രവേശിക്കുന്നതുവരെ സത്യവിശ്വാസികള്‍ ഇരിക്കാന്‍ പോലും പാടുള്ളതല്ലെന്ന് പറഞ്ഞിട്ടും തങ്ങള്‍ സത്യവിശ്വാസികളാണെന്ന് വാദിക്കുന്ന ചില൪ അവരൊന്നിച്ചു പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തു വരുന്നതിനെക്കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക. അവരോടൊപ്പം ഇരിക്കുകയാണെങ്കില്‍ ഇവരും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഓ൪മ്മിപ്പിച്ചിരിക്കുന്നു.
وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَٰبِ أَنْ إِذَا سَمِعْتُمْ ءَايَٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَٰفِقِينَ وَٱلْكَٰفِرِينَ فِى جَهَنَّمَ جَمِيعًا
അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും. (ഖു൪ആന്‍:4/140)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ‘നമ്മുടെ ആയത്തുകളില്‍ മുഴുകി കുഴപ്പമുണ്ടാക്കുന്നവരെ കണ്ടാല്‍,അവര്‍ മറ്റൊരു വിഷയത്തില്‍ മുഴുകുന്നതുവരെ അവരില്‍നിന്ന് വിട്ടുനില്‍ക്കണം. മറന്നുകൊണ്ട് അങ്ങിനെ വന്നുപോയാല്‍, ഓര്‍മ വന്നശേഷം പിന്നെ ഇരിക്കരുത്, സത്യവിശ്വാസികള്‍ വളരെ മനസ്സിരുത്തേണ്ട ഒരു തത്വമാണ് ഈ വചനത്തില്‍ അടങ്ങിയിരിക്കുന്നത്. മതപ്രമാണങ്ങളും മതസിദ്ധാന്തങ്ങളും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് പുതിയ തത്വ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയോ, മതമൂല്യങ്ങളും നിയമങ്ങളും പരിഹാസ്യവും പഴഞ്ചനുമായി ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്ന സദസ്സുകളില്‍ പങ്കെടുക്കുന്നതും , അത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതും, അത്തരം ഗ്രന്ഥങ്ങളും സാഹിത്യങ്ങളും വായിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം– ഈ വചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ -തീര്‍ച്ചയായും വര്‍ജ്ജിക്കപ്പെടേണ്ടതാണെന്ന് കാണാം. മതത്തില്‍ വേണ്ടത്ര അറിവും അടിയുറപ്പും സിദ്ധിച്ചിട്ടില്ലാത്തവര്‍ സത്യത്തില്‍നിന്ന് അകന്നു വഴി പിഴച്ചു പോകുകയായിരിക്കും അതിന്റെ ഫലം. വസ്തുനിഷ്ഠമായും കാര്യക്ഷമമായും വിഷയങ്ങളെപ്പറ്റി ചിന്തിച്ചറിയുവാന്‍ അവര്‍ക്ക് കഴിയുകയില്ലല്ലോ. ചുരുങ്ങിയപക്ഷം , അത്തരം മതദ്രോഹികള്‍ക്ക് പ്രോത്സാഹനം നല്‍കലും, അവരുടെ സംരംഭങ്ങളില്‍ അവരെ സഹായിക്കലുമായിരിക്കും അത്. അവരില്‍ നിന്ന് അകന്നു നില്‍ക്കുന്നത് തന്നെ അവരോടുളള പ്രതിഷേധവുമായിരിക്കും. നിങ്ങള്‍ അവരോട് കൂടെ ഇരുന്നാല്‍ നിങ്ങളും അവരെപ്പോലെത്തന്നെയാണ് എന്ന് അല്ലാഹു പറഞ്ഞ വാക്കിന്റെ ഗൗരവം ഒന്നാലോചിച്ചു നോക്കുക.
അതേസമയത്ത് ഇസ്‌ലാമിന്റെ പ്രമാണങ്ങളെയും സിദ്ധാന്തങ്ങളെയും സംബന്ധിച്ചു അറിവും പരിചയവുമുളള വ്യക്തികള്‍ അവ കഴിവതും വീക്ഷിച്ചും മനസ്സിരുത്തിയും വരേണ്ടതും, അതിനെതിരില്‍ സത്യാവസ്ഥ തുറന്നു കാണിക്കുവാന്‍ ശ്രമിക്കേണ്ടതുമാണ് താനും. ‘എല്ലാവരും പറയുന്നത് കേള്‍ക്കണം, എന്നിട്ട് അതില്‍ നിന്ന് സത്യം തിരഞ്ഞെടുക്കണം, അതാണ് വിവേകം ‘. എന്നൊക്കെ പറഞ്ഞു എല്ലാ മതദ്രോഹികളുടെയും പിഴച്ചകക്ഷികളുടെയും പ്രസംഗങ്ങളും പ്രസ്താവനകളും കേള്‍ക്കുവാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഈ വാക്കുകള്‍ പ്രത്യക്ഷത്തില്‍ ആകര്‍ഷകമായി തോന്നുമെങ്കിലും മുന്‍കൂട്ടി സത്യാവസ്ഥ മനസ്സിലാക്കിയിട്ടില്ലാത്ത സാധാരണക്കാരില്‍ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും വരുത്തുക. (അമാനി തഫ്സീ൪ – ഖു൪ആന്‍:4/140 ന്റെ വിശദീകരണത്തില്‍ നിന്ന്)
“അവരുടെ ആശയം സ്വീകരിക്കാനല്ല, വെറുതെ കേള്‍ക്കാനാണ് അല്ലെങ്കില്‍ അവ൪ക്ക് എന്താണ് പറയാനുള്ളത് എന്നറിയാനാണ് ഞങ്ങള്‍ കേള്‍ക്കുന്നത്” എന്നൊക്കെയുള്ള ന്യായം പറഞ്ഞുകൊണ്ടുപോലും ഇത്തരം സദസ്സുകളില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് ഖു൪ആന്‍ പറയുന്നത് കാണുക.
وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَٰلُنَا وَلَكُمْ أَعْمَٰلُكُمْ سَلَٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَٰهِلِينَ
വ്യര്‍ത്ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. മൂഢന്‍മാരെ ഞങ്ങള്‍ക്ക് ആവശ്യമില്ല. (ഖു൪ആന്‍ :28/55)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ഇസ്ലാമിന്റെ വീക്ഷണത്തില്‍ അനാവശ്യവും, അനഭി ലഷണീയവുമായ എല്ലാ കാര്യവും വ്യര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. പരദൂഷണം, വ്യാജം, നിരര്‍ത്ഥമായ സംസാരം, ചീത്ത വാക്ക് മുതലായവയും, ഖുര്‍ആനെയോ, നബി (സ്വ)യെയോ, ഇസ്‌ലാമിക സിദ്ധാന്തങ്ങളെയോ സംബന്ധിച്ച് പഴിവാക്കുകള്‍ പറയുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള വല്ല രംഗങ്ങളും അവരെ അഭിമൂഖീകരിക്കുന്നപക്ഷം അവര്‍: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മം, നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മം’ (لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ) എന്നും ‘ഞങ്ങള്‍ക്കു മൂഢജനങ്ങളുടെ ആവശ്യമില്ല’ (لَا نَبْتَغِي الْجَاهِلِينَ) എന്നും പറഞ്ഞ് ‘സലാം’ കൊടുത്ത് പിരിഞ്ഞുപോ കുകയാണവര്‍ ചെയ്യുക. (അമാനി തഫ്സീ൪ – ഖു൪ആന്‍:28/55 ന്റെ വിശദീകരണത്തില്‍ നിന്ന്)
وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ
…….. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്……..(ഖു൪ആന്‍ :5/2)
ശി൪ക്കിന്റെയും കുഫ്റിന്റെയും ആശയം പ്രചരിപ്പിക്കുന്ന സദസ്സുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സത്യവിശ്വാസികളില്‍ തന്നെയും ബിദ്അത്തുകാരുടെയും സ്വലഫുകളുടെ (മുന്‍ഗാമികളുടെ) മന്‍ഹജില്‍ നിന്ന് തെറ്റിപ്പോയവരുടെയും സദസ്സുകളില്‍ പങ്കെടുക്കുന്നവരുണ്ട്. ഇത്തരം പിഴച്ച കക്ഷികളില്‍ നിന്നും അറിവ് നേടുന്നതില്‍ അവ൪ക്ക് യാതൊരു മടിയുമില്ല. എല്ലാം കേള്‍ക്കുകയും അതില്‍ നിന്ന് നല്ലത് പിന്‍പറ്റുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് ഇവരും പറയുന്നത്. ഇവരും തങ്ങളുടെ ഈ പ്രവൃത്തിക്ക് വിശുദ്ധ ഖു൪ആന്‍ സൂറ അസ്സുമ൪:18 ലെ വചനമാണ് അതിനായി അവ൪ തെളിവ് പിടിക്കുന്നത്. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മന്‍ഹജില്‍ നിന്നും തെറ്റിപ്പോയവരില്‍ നിന്ന് അറിവ് നേടുന്നതിന് ഈ വചനം തെളിവല്ലെന്നുള്ളത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. കാരണം അഹ്ലുസ്സുന്നത്തിന്റെ പണ്ഢിതന്‍മാ൪ ഈ വചനത്തെ അപ്രകാരം മനസ്സിലാക്കിയിട്ടില്ല.
وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ
സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം. (ഖു൪ആന്‍ :41/26)
ബാത്വിലിന്റെ ആളുകള്‍ പറഞ്ഞിരുന്നത് നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുതെന്നാണ്. വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യണമെന്നാണ് അല്ലാഹു പറയുന്നത്.
ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَٰبِ
അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് . അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍. (ഖു൪ആന്‍ :39/18)
ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീ൪(റഹി) പറയുന്നു:
وهذا جنس يشمل كل قول فهم يستمعون جنس القول ليميزوا بين ما ينبغي إيثاره مما ينبغي اجتنابه فلهذا من حزمهم وعقلهم أنهم يتبعون أحسنه
അവ൪ എല്ലാ സംസാരവും ശ്രദ്ധിച്ചു കേള്‍ക്കും, അതില്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് വേ൪തിരിച്ചു മനസ്സിലാക്കുന്നതിനുവേണ്ടി. അവരുടെ തന്റേടത്തിലും ബുദ്ധിയിലും പെട്ടതാണ് അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുന്നത്.
എല്ലാം കേള്‍ക്കുന്നത് നല്ലതാണ് എന്ന നിലക്കല്ല അവ൪ കേള്‍ക്കുന്നത്, സത്യവും അസത്യവും വേ൪തിരിച്ചു മനസ്സിലാക്കുന്നതിനുവേണ്ടിയാണത്. അങ്ങനെ സത്യം മനസ്സിലാക്കി സത്യത്തിന്റെ മാ൪ഗത്തില്‍ പ്രവേശിച്ച ഒരു സത്യവിശ്വാസിക്ക് പിന്നീട് അസത്യത്തിന്റെ സംസാരം ചെവികൊടുത്ത് കേള്‍ക്കാന്‍ പാടുള്ളതല്ല.
عن عقبة بن عامر الجهني، قال: سمعت رسول الله صلى الله عليه وسلم يقول: ” هلاك أمتي في الكتاب واللبن “. قالوا: يا رسول الله، ما الكتاب واللبن؟ قال: ” يتعلمون القرآن فيتأولونه على غير ما أنزل الله، ويحبون اللبن فيدعون الجماعات والجمع ويبدون.
നബി(സ്വ)പറഞ്ഞു : എന്റെ ഉമ്മത്തിന്റെ നാശം കിതാബിലും പാലിലുമാണ്. സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലെ എന്താണ് കിതാബും പാലും ? അവിടുന്ന് പറഞ്ഞു: അവർ ഖുർആൻ പഠിക്കും, പക്ഷെ, അല്ലാഹു ഏതൊന്നിന് വേണ്ടി ഇറക്കിയോ അതിനല്ലാത്ത വിധത്തിൽ അവരതിന് വ്യാഖ്യാനം നൽകും. അവർ പാല്‍ ഇഷ്ടപ്പെടുകയും ജുമുഅയും ജമാഅത്ത് നമസ്കാരവും ഒഴിവാക്കി മരുഭൂമിയിലേക്ക് പോകും. (അഹ്മദ്:17415 – സിൽസിലത്തു സ്വഹീഹ :2778)
തൌഹീദ് ഉള്‍ക്കൊള്ളാന്‍ പറ്റുകയും സുന്നത്ത് അനുസരിച്ച് ജീവിതം തിട്ടപ്പെടുത്താന്‍ പറ്റുകയും ചെയ്യുന്നുവെന്നുള്ളത് അല്ലാഹു നമുക്ക് നല്‍കിയ ഒരു സൌഭാഗ്യമാണ്. ബിദ്അത്തുകാരുടെയും സ്വലഫുകളുടെ(മുന്‍ഗാമികളുടെ) മന്‍ഹജില്‍ നിന്ന് തെറ്റിപ്പോയവരുടെയും അടുക്കല്‍ നിന്ന് അറിവ് കരസ്ഥമാക്കാന്‍ സ്വലഫുകളുടെ മന്‍ഹജില്‍ നിലകൊള്ളുന്ന ഒരാള്‍ക്ക് പാടുള്ളതല്ല. ഇസ്ലാമിക പ്രമാണങ്ങളേക്കാള്‍ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും പ്രാധാന്യം കൊടുക്കുകയും ഖു൪ആനും സുന്നത്തും സ്വലഫുകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കാതെ സ്വലഫുകളുടെ മന്‍ഹജില്‍ നിന്നും മാറി അവയെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന കക്ഷികളും ഈ ഗണത്തില്‍ പെടും. എത്രയെത്ര സ്വഹീഹായ ഹദീസുകളെയാണ് ഇക്കൂട്ട൪ തള്ളിക്കളഞ്ഞിട്ടുള്ളത്. ഇത്തരം കക്ഷികളില്‍ നിന്നൊന്നും ഇല്‍മ് നേടാന്‍ പാടുള്ളതല്ല.
ഇമാം ഇബ്ന് സീരീൻ (റ) പറഞ്ഞു.
إن هذا العلم دين فانظروا ممن تأخذون دينكم
നിശ്ചയമായും, ഈ ദീനാകുന്നു. അതിനാൽ, ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നിങ്ങൾ നോക്കിക്കൊള്ളുക. (സ്വഹീഹ് മുസ്‌ലിമിന്റെ ആമുഖത്തിൽ നിന്ന്)
ഇമാം മാലിക് (റഹി)പറഞ്ഞതായി ഖത്തീബുൽ ബാഗ്ദാദി (റഹി) ഉദ്ദരിക്കുന്നു.
خذه – يعني العلم – من أهله الذين ورثوه ممن كان قبلهم يقينا بذلك ولاتأخذ كلما تسمع قائلا بقوله
നീ ഇല്‍മിനെ(അറിവിനെ) സ്വീകരിക്കുക, അതിന്റെ ആളുകളില്‍ നിന്നും. അത് മുന്‍ഗാമികളില്‍ നിന്നും അനന്തരമായി എടുത്തവരാണവ൪. (അതല്ലാതെ) ഓരോരുത്തരും പറയുന്നതൊക്കെ (അറിവായി) നീ സ്വീകരിക്കരുത്.
قال الامام مالك رحمه الله:إن هذا العلم هو لحمك ودمك، وعنه تسأل يوم القيامة، فانظر عمن تأخذه
ഇമാം മാലിക് رحمه الله പറഞ്ഞു :തീർച്ചയായും ഈ ( മത) വിജ്ഞാനം നിന്റെ മാംസവും രക്തവുമാണ്, നീ അതിനെപ്പറ്റി പരലോകത്ത് ചോദിക്കപ്പെടുക തന്നെ ചെയ്യും, അതിനാൽ നീ ഈ വിജ്ഞാനത്തെ ആരിൽ നിന്നാണ് സ്വീകരിക്കുന്നത് എന്ന് നോക്കിക്കൊള്ളുക.(അൽ കിഫായ ഈ ഇൽമിർരിവായ : 21)
ബിദ്അത്തുകാരുടെയും സ്വലഫുകളുടെ മന്‍ഹജില്‍ നിന്ന് തെറ്റിപ്പോയവരുടെയും ഗ്രന്ഥങ്ങള്‍ വായിക്കാനോ, അവരുടെ പ്രസംഗങ്ങളുടെ കേസറ്റുകള്‍ കേള്‍ക്കുന്നതോ തൌഹീദും സുന്നത്തും ഉള്‍ക്കൊണ്ടിട്ടുള്ള സാധാരണക്കാ൪ മുതിരരുത്. അത് ചിലപ്പോള്‍ അവരുടെ ഹൃദയങ്ങളില്‍ സ്വാധീനമുണ്ടാക്കിയേക്കാം. അങ്ങനെ കാര്യങ്ങള്‍ അവന് അവ്യക്തമാവുകയും, ക്രമേണ അതിന്റെ തിന്മ അവനെ ബാധിക്കുകയും ചെയ്തേക്കാം. പിഴച്ച കക്ഷികളില്‍ നിന്നും അറിവ് നേടുന്നത് അത് ഗുണത്തേക്കാളെറെ ദോഷമാണ് വരിക. അത്തരം പിഴച്ച കക്ഷികളുടെ നിലപാടായിരിക്കും നമ്മുടെയും നിലപാട്, അവരുടെ ആദ൪ശമായിരിക്കും നമ്മുടെയും ആദ൪ശം, അവരുടെ മന്‍ഹജായിരിക്കും നമ്മുടെയും മന്‍ഹജ്. അതായിരിക്കും നമ്മുടെ സ്വ൪ഗ-നരകങ്ങളെ നിശ്ചയിക്കുന്നത്.
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: അല്ലാമാശൗകാനീ (റഹി ) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ചെയ്തിട്ടുള്ള ഒരു പ്രസ്താവന ഗൗനിക്കുന്നതു സന്ദര്‍ഭോചിതമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിച്ചും, അവന്റെ കിതാവും അവന്റെ റസൂലിന്റെ സുന്നത്തും കൊണ്ടു കളിയാടിയും, അവയെല്ലാം തങ്ങളുടെ വഴിപിഴപ്പിക്കുന്ന ആശയങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനുസരിച്ചു വ്യാഖ്യാനിച്ചും കൊണ്ടിരിക്കുന്ന പുത്തന്‍വാദക്കാരുമായി സമ്പര്‍ക്കം നടത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറുള്ളവര്‍ക്കു ഈ വചനത്തില്‍ വലിയൊരു ഉപദേശം അടങ്ങിയിരിക്കുന്നു. അവരോടു പ്രതിഷേധിക്കുകയും, അവരില്‍ മാറ്റം വരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, കുറഞ്ഞപക്ഷം അവരോടു സഹകരിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതാകുന്നു. അതു പ്രയാസമില്ലാത്ത കാര്യമാണല്ലോ. അവരുടെ കൃത്രിമ വാദങ്ങളില്‍നിന്നു ഇവര്‍ ശുദ്ധരായിരുന്നാല്‍ തന്നെയും അവരുടെ രംഗങ്ങളില്‍ ഇവര്‍ ഹാജറുണ്ടാകുന്നതിനെ ചൂഷണം ചെയ്തുകൊണ്ട് അവര്‍ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ ശ്രമിക്കുന്നതാണ്. ഇതാകട്ടെ, അവയെ കേള്‍ക്കുന്നതിനേക്കാള്‍ നാശകരവുമാണു. ശപിക്കപ്പെട്ട ഇത്തരം സദസ്സുകള്‍ നാം കണ്ടിട്ടുള്ളതിനു കണക്കില്ല. യഥാര്‍ത്ഥത്തെ സഹായിക്കുവാനും അയഥാര്‍ത്ഥത്തെ തടയുവാനും നമ്മുടെ കഴിവനുസരിച്ചു നാം ശ്രമിച്ചിട്ടുമുണ്ട്. ഈ പരിശുദ്ധ ശരീഅത്തിനെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാം, ഹറാമായ (നിഷിദ്ധമായ) കാര്യങ്ങള്‍ പ്രവര്‍ത്തിച്ച് അല്ലാഹുവിനോടു അനുസരണക്കേട് കാണിക്കുന്ന ആളുകളുമായി സഹകരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ആപല്‍ക്കരമാണു വഴിപിഴപ്പിക്കുന്ന പുത്തന്‍ വാദക്കാരുമായി സഹകരിക്കുന്നതെന്നു. ക്വുര്‍ആനെയും സുന്നത്തിനെയും കുറിച്ചു അടിയുറച്ച അറിവു കരസ്ഥമാക്കിയിട്ടില്ലാത്തവര്‍ക്കു പ്രത്യേകിച്ചും അതു ദോഷകരമത്രെ. കാരണം, അവരുടെ വ്യാജ സമര്‍ത്ഥനങ്ങളും വാദങ്ങളും – അവയുടെ കൊള്ളരുതായ്മ ശരിക്കു വ്യക്തമായിരുന്നാല്‍പോലും – പലപ്പോഴും ഇവരില്‍ ചിലവായെന്നു വരും. പിന്നീടതു മാറ്റുവാന്‍ പ്രയാസകരമായിത്തീരുകയും ചെയ്യും. അങ്ങനെ, അങ്ങേഅറ്റം വ്യാജമായ കാര്യത്തെ വളരെ സത്യമായി വിശ്വസിച്ചുകൊണ്ട് അവര്‍ മരണം പ്രാപിക്കുകയും ചെയ്തേക്കും. (اهفتح القدير) (അമാനി തഫ്സീ൪ – ഖു൪ആന്‍:6/68 ന്റെ വിശദീകരണത്തില്‍ നിന്ന്)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:………………. മതത്തിലെ അംഗീകൃത തത്വങ്ങള്‍ക്കു വിരുദ്ധമായ ആദര്‍ശങ്ങളും, ആ ആദര്‍ശങ്ങളെ ന്യായീകരിക്കുന്ന ദുര്‍വ്യാഖ്യാനങ്ങളും ശ്രദ്ധിക്കുന്നതും, അവയുടെ സ്ഥാപനത്തിനും പ്രചാരണത്തിനുംവേണ്ടി നടത്തപ്പെടുന്ന പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും ഗൗനിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം സത്യവിശ്വാസികള്‍ വര്‍ജ്ജിക്കേണ്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്. മതതത്വങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്ത സാധാരണക്കാര്‍ വിശേഷിച്ചും മനസ്സിരുത്തേണ്ടതാണിത്. ………… എന്നാല്‍ മത പ്രമാണങ്ങളില്‍ നിന്നു സത്യാവസ്ഥ മനസ്സിലാക്കുവാനും, സത്യവിരുദ്ധമായ വാദഗതികളും, ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറിയുവാനും കഴിയുന്ന പണ്ഡിതന്‍മാരെ സംബന്ധിച്ചിടത്തോളം – അവയെ ഖണ്ഡിക്കുവാന്‍ വേണ്ടിയും, പൊതുജനങ്ങളില്‍ അവ മൂല ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്‌വാന്‍ വേണ്ടിയും – അത്തരം പ്രസ്താവനകളില്‍ ശ്രദ്ധ പതിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല. അതു അത്യാവശ്യം കൂടിയായിരിക്കും താനും.(അമാനി തഫ്സീ൪ – ഖു൪ആന്‍:6/68 ന്റെ വിശദീകരണത്തില്‍ നിന്ന്)
kanzululoom.com