ഉറുക്കും ഏലസ്സും : ഇസ്‌ലാമിക വിധി

കൈയ്യിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഏലസ് കെട്ടുന്ന ആളുകളുണ്ട്. മുസ്ലിംകളില്‍പെട്ട ചിലരും  ഇസ്ലാമിന്റെ വിധി മനസ്സിലാക്കാതെ അപ്രകാരം ചെയ്യുന്നത് കാണാം. ചില മഹല്‍ വ്യക്തികള്‍ക്ക് ചരടും നൂലും ഉറുക്കും ഉപയോഗിച്ച് മറ്റുള്ളവരെ വിഷ ജന്തുക്കളില്‍ നിന്ന് രക്ഷിക്കാനും പിശാച് ബാധയില്‍ നിന്ന് സുരക്ഷയേകാനും സ്നേഹവും നന്‍മയും വരുത്തുവാനും അവ൪ക്ക് ഉണ്ടായേക്കാവുന്ന തിന്‍മ തടുക്കുവാനും സാധിക്കുമെന്നും ഏലസ്സും മറ്റും കെട്ടുന്നവ൪ കരുതുന്നു. മറ്റ് ചില൪ സന്താന സൌഭാഗ്യത്തിനായി ഏലസ് ധരിക്കുന്നു. കണ്ണേറിനെ ഭയന്നും അതില്‍ നിന്നുള്ള സുരക്ഷക്കും ഏലസ് ധരിക്കുന്നവരുമുണ്ട്.  ഇങ്ങനെ ശരീരത്തില്‍ ഉറുക്കും, ഏലസ്സും കെട്ടുന്നതിന്റെ വിധി എന്താണ് ? ഈ വിഷയത്തില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

       

നന്‍മയോ ഗുണമോ വരുത്തുന്നതിനും തിന്‍മയേയോ ദോഷത്തേയോ തടുക്കുന്നതിനും ശരീരത്തില്‍ ഉറുക്കോ, ഏലസ്സോ മറ്റോ കെട്ടുന്നത് പാടില്ലാത്തതാണ്.   അവയില്‍ നിന്ന്‌ അസ്വാഭാവികമായ ചിലത്‌ അവന്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അവന്റെ വസ്ത്രത്തിലോ, മറ്റേതെങ്കിലും സ്ഥലങ്ങളിലോ ഉള്ള നൂല്‍, വളയം എന്നിവ പോലെയല്ല അവൻ ഇതിനെ പരിഗണിക്കുന്നത്‌. അപ്രകാരം ചെയ്യല്‍  രണ്ട് കാരണങ്ങളാല്‍ ശി൪ക്കാണ് അഥവാ അല്ലാഹുവില്‍ പങ്ക് ചേ൪ക്കലാണ്. 

 

ഒന്ന് : നന്‍മ വരുത്തുവാനും തിന്‍മ തടുക്കുവാനും അല്ലാഹു അല്ലാത്തവ൪ക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു. അത് അല്ലാഹുവില്‍ പങ്ക് ചേ൪ക്കലാണ്.


ۚ قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ

 

നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌. (ഖു൪ആന്‍:39/38)

 

ഇപ്രകാരം ചെയ്യുമ്പോള്‍ അല്ലാഹു അല്ലാത്തവ൪ക്ക് സ്വമേധയാതന്നെ നന്‍മ വരുത്തുവാനും തിന്‍മ തടുക്കുവാനും സാധിക്കുമെന്ന് വിശ്വസിക്കാതെ, കേവലം അതിനുള്ള കാരണമായേക്കാം എന്നു മാത്രം വിശ്വസിച്ചാലും അത് ശി൪ക്കായി മാറുന്നതാണ്. കാരണം അത് അല്ലാഹുവിനെ കുറിച്ച് അറിയാത്തത് പറയലാണത്. അത് മേല്‍ പറഞ്ഞതിന് കാരണമാകുമെന്നതിന് എന്ത് തെളിവാണുള്ളത്? അതിനാല്‍ തന്നെ മതപരമോ ഭൌതികപരമോ ആയ യാതൊരു തെളിവുമില്ലാതെ മരുന്നുപോലെ അവ കാര്യം നേടുവാനോ ബ൪ക്കത്ത് ലഭിക്കുവാനോ ഉള്ള കാരണമായേക്കാം എന്ന് വിശ്വസിക്കുന്നതും ചെറിയ ശി൪ക്കില്‍ അകപ്പെടുന്നതിന് കാരണമായേക്കാം. 

 

രണ്ട് : അല്ലാഹു അല്ലാത്തവയുമായിട്ടാണ് കാര്യകാരണങ്ങള്‍ക്കതീതമായി ബന്ധപ്പെടുന്നത്. അപ്രകാരം വല്ല വസ്തുക്കളുമായി ബന്ധപ്പെടുന്നതിലൂടെ ആ വസ്തുക്കളിലാണ് ഭാരമേല്‍പ്പിക്കപ്പെടുന്നത്. അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കാതെ ജീവനില്ലാത്ത ഉറുക്കിലും ഏലസ്സിലും  ഭരമേല്‍പ്പിക്കുകയും, അതില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നത് ശി൪ക്കാണ്.

مَنْ تَعَلَّقَ شَيْئًا وُكِلَ إِلَيْهِ

നബി ﷺ പറഞ്ഞു: ആരെങ്കിലും ശരീരത്തില്‍ എന്തെങ്കിലും ബന്ധിപ്പിച്ചാല്‍ അതിന്മേല്‍ ഭരമേല്‍പ്പിക്കപ്പെട്ടു. (അഹ്മദ്)

 

ഉറുക്ക്, ഏലസ് പോലുള്ളവ എഴുതിക്കെട്ടുന്നത് പാടില്ലാത്ത കാര്യമാണെന്നും അത് ശി൪ക്കാണെന്നും ഖണ്ഢിതമായി തെളിവ് വന്നിട്ടുള്ളതാണ്. 

مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ

 നബി ﷺ പറഞ്ഞു: നിശ്ചയം വല്ലവനും ഏലസ്സ്‌ ബന്ധിച്ചാൽ അവൻ ശിർക്ക് ചെയ്തു. (ഹാകിം –  സ്വഹീഹുല്‍ ജാമിഅ് : 6394)

عَنْ عَبْدِ اللَّهِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ ‏‏

അബ്ദില്ലയിൽ(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നിശ്ചയം (അനിസ്‌ലാമിക) മന്ത്രവും (കണ്ണേറിന് രക്ഷയായി കെട്ടുന്ന) ഏലസും ഭാര്യാഭർത്താക്കൻമാർ പിണങ്ങിയാൽ അവരെ യോജിപ്പിക്കുന്ന കവചവും ശിർക്കാണ്‌. (അബൂദാവൂദ് : 3883 – സ്വഹീഹ്  അല്‍ബാനി)    

عن عمران بن حصين رضي الله عنه: أن النبي ﷺ رأى رجلاً في يده حلقة من صفر، فقال: ما هذه؟ قال: من الواهنة، فقال: انزعها فإنها لا تزيدك إلا وهناً، فإنك لو مت وهي عليك ما أفلحت أبداً

ഇമ്രാന്‍ ഇബ്നു ഹുസൈനില്‍(റ) നിവേദനം ചെയ്യുന്നു : ഒരിക്കല്‍  നബി ﷺ  ഒരു മനുഷ്യന്റെ തോള്‍ കയ്യില്‍ ചെമ്പ് കൊണ്ടുള്ള ഒരു വളയം കാണുകയുണ്ടായി. അപ്പോള്‍  നബി ﷺ ചോദിച്ചു :  എന്താണിത്? അയാള്‍ പറഞ്ഞു : വാതരോഗശ മാനത്തിനാണ്. അപ്പോള്‍  നബി ﷺ  പറഞ്ഞു : ഇത് വാതരോഗത്തെ നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നീ അത് ഊരിയെരിയുക. അതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്കലും വിജയിക്കുകയില്ല.(അഹമദ്)

 

ഉഖ്ബത്ത് ഇബ്നു ആമിറിൽ(റ) നിന്ന് നിവേദനം: നബി ﷺ യുടെ അടുക്കല്‍ ഒരു സംഘം വരികയുണ്ടായി. അവരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരുമായി നബി ﷺ ബൈഅത്ത് ചെയ്തു. ഹസ്തദാനം നടത്തി. അപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു : താങ്കള്‍ കൂട്ടത്തില്‍ ഒമ്പത് പേരുമായി ബൈഅത്ത് ചെയ്തു. ഒരാളെ മാത്രം ഒഴിവാക്കി.  നബി ﷺ  പറഞ്ഞു : ഇദ്ദേഹത്തിന്റെ കൈയ്യില്‍ ഉറുക്ക് ഉള്ളതിനാലാണ്. അപ്പോള്‍ അത് അദ്ദേഹം മുറിച്ചു കളഞ്ഞു. അപ്പോള്‍   നബി ﷺ  അദ്ദേഹവുമായി ബൈഅത്ത് ചെയ്തു.  അപ്പോള്‍ നബി ﷺ പറഞ്ഞു: ആരെങ്കിലും ഉറുക്ക് അല്ലെങ്കില്‍ ഏലസ്സ്‌ കെട്ടിയാല്‍ അവൻ ശിർക്ക് ചെയ്തു. (അഹ്മദ്)

عن عقبة بن عامر قال : سمعت رسول الله صلى الله عليه وسلم يقول :  من تعلق تميمة فلا أتم الله له

ഉഖ്ബത്ത് ഇബ്നു ആമിറിൽ(റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ആരെങ്കിലും ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടി ഏലസ് കെട്ടി യാൽ അല്ലാഹു അത് പൂർത്തിയാക്കാതിരിക്കട്ടെ. (അബൂദാവൂദ്) 

أَنَّ أَبَا بَشِيرٍ الأَنْصَارِيّ َ ـ رضى الله عنه ـ أَخْبَرَهُ أَنَّهُ، كَانَ مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي بَعْضِ أَسْفَارِهِ .  فَأَرْسَلَ رَسُولُ اللَّهِ صلى الله عليه وسلم رَسُولاً أَنْ لاَ يَبْقَيَنَّ فِي رَقَبَةِ بَعِيرٍ قِلاَدَةٌ مِنْ وَتَرٍ أَوْ قِلاَدَةٌ إِلاَّ قُطِعَتْ‏.‏

അബൂബഷീറില്‍ (റ) നിന്ന് നിവേദനം : അദ്ദേഹം ഒരിക്കല്‍ നബിﷺയുടെ കൂടെ ഒരു യാത്രയിലായിരുന്നു. ആ അവസരത്തില്‍ നബി ﷺ  ഒരു ദൂതനെ അയക്കുകയും ഇപ്രകാരം പറയുകയും ചെയ്തു : ഒട്ടകത്തിന്റെ കഴുത്തിലും നൂല് കൊണ്ടുള്ള ഒരു വടവും അവശേഷിക്കകരുത്. അവ മുറിച്ചു കളയാതെ (ബുഖാരി) 

 

നബിﷺയില്‍ നിന്നും ദീന്‍ നേരിട്ട് പഠിച്ച അവിടുത്തെ സ്വഹാബികളും ഉറുക്ക്, ഏലസ് പോലുള്ളവ എഴുതിക്കെട്ടുന്നത് പാടില്ലാത്ത കാര്യമാണെന്നും അത് ശി൪ക്കാണെന്നും മനസ്സിലാക്കിയിരുന്നു.

أن حذيفة دخل على مريض فرأى في عضده سيرا فقطعه أو انتزعه ثم قال:  وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُونَ

ഹുദൈഫ (റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല്‍ കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി : ‘അവരില്‍ അധികമാളുകളും അല്ലാഹുവില്‍ ശിര്‍ക്ക് വെച്ച് കൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല’ [ഖു൪ആന്‍:12/106] (അബൂഹാതിം)

عَنْ يَزِيدَ ، قَالَ : أَخْبَرَنِي زَيْدُ بْنُ وَهْبٍ ، قَالَ : انْطَلَقَ حُذَيْفَةُ إِلَى رَجُلٍ مِنَ النَّخَعِ يَعُودُهُ ، فَانْطَلَقَ وَانْطَلَقْتُ مَعَهُ ، فَدَخَلَ عَلَيْهِ وَدَخَلْتُ مَعَهُ ، فَلَمَسَ عَضُدَهُ فَرَأَى فِيهِ خَيْطًا فَأَخَذَهُ فَقَطَعَهُ ، ثُمَّ قَالَ : لَوْ مِتَّ وَهَذَا فِي عَضُدِكَ مَا صَلَّيْتُ عَلَيْكَ

യസീദില്‍(റ) നിന്ന്  നിവേദനം : അദ്ദേഹം പറഞ്ഞു : ഒരിക്കല്‍ ഹുദൈഫത് (റ) ഒരു രോഗിയെ സന്ദര്‍ശിച്ചു. ഞാനും അദ്ദേഹത്തോടൊപ്പം പോയി. അദ്ദേഹം രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ കയ്യിന്മേല്‍ ഒരു നൂലുള്ളതായി അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു : എന്താണിത്? രോഗി പറഞ്ഞു : മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ നബി (സ) യുടെ അനുചരനായ അദ്ദേഹം അത് മുറിച്ചു മാറ്റി. ശേഷം അദ്ദേഹം പറഞ്ഞു : ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത് നമസ്ക്കരിക്കുകയില്ല. (അബൂഹാതിം)

عَنْ زَيْنَب اِمْرَأَة عَبْد اللَّه بْن مَسْعُود قَالَتْ :  كَانَ عَبْد اللَّه إِذَا جَاءَ مِنْ حَاجَة فَانْتَهَى إِلَى الْبَاب تَنَحْنَحَ وَبَزَقَ كَرَاهَة أَنْ يَهْجُم مِنَّا عَلَى أَمْر يَكْرَههُ قَالَتْ لِأَنَّهُ جَاءَ ذَات يَوْم فَتَنَحْنَحَ وَعِنْدِي عَجُوز تَرْقِينِي مِنْ الْحُمْرَة فَأَدْخَلْتهَا تَحْت السَّرِير قَالَتْ فَدَخَلَ فَجَلَسَ إِلَى جَانِبِي فَرَأَى فِي عُنُقِي خَيْطًا فَقَالَ : مَا هَذَا الْخَيْط ؟ قَالَتْ : قُلْت خَيْط رُقًى لِي فِيهِ فَأَخَذَهُ فَقَطَعَهُ ثُمَّ قَالَ إِنَّ آل عَبْد اللَّه لَأَغْنِيَاء عَنْ الشِّرْك سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول إِنَّ الرُّقَى وَالتَّمَائِم وَالتِّوَلَة شِرْك

അബ്ദുല്ലാ ഇബ്നു മസ്ഊദിന്റെ(റ)  ഭാര്യ സൈനബ് (റ) പറയുന്നു: ഞങ്ങളുടെ വീട്ടില്‍ കടന്നുവരാറുണ്ടായിരുന്ന ഒരു കിഴവി ചെങ്കണ്ണിന് മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് നീണ്ട കാലുകളുള്ള ഒരു കട്ടിലുണ്ടായിരുന്നു. അബ്ദുല്ല വീട്ടില്‍ കടന്നു വരുമ്പോള്‍ തൊണ്ടയനക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം ഒരിക്കല്‍ കടന്നു വരുമ്പോള്‍ അദ്ദേഹത്തിന്റെം ശബ്ദംകേട്ട് ആ കിഴവി മറഞ്ഞിരുന്നു. അദ്ദേഹം വന്ന് എന്റെ അരികില്‍ ഇരുന്നു. എന്നെ തൊട്ടപ്പോള്‍ ഒരു നൂലിന്റെ സ്പ൪ശം  അദ്ദേഹത്തിന് അനുഭവപ്പെട്ടു. അദ്ദേഹം ചോദിച്ചു; ഇതെന്താണ്? ഞാന്‍ പറഞ്ഞു: എനിക്ക് ചെങ്കണ്ണിന് മന്ത്രിച്ചതാണ്. അദ്ദേഹം അത് വലിച്ചറുത്ത് എറിഞ്ഞു കളഞ്ഞു. തുടര്ന്ന്  അദ്ദേഹം പറഞ്ഞു; തീ൪ച്ചയായും അബ്ദുല്ലയുടെ കുടുംബം ശി൪ക്കിനെ ആശ്രയിക്കേണ്ട ആവശ്യമില്ലാത്തവരായിട്ടുണ്ട്. നബി ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: നിശ്ചയം (അനിസ്‌ലാമിക) മന്ത്രവും  ഏലസും ഭാര്യാഭർത്താക്കൻമാർ പിണങ്ങിയാൽ അവരെ യോജിപ്പിക്കുന്ന കവചവും ശിർക്കാണ്‌. (അഹ്മദ്:1/381)

عن سعيد بن جبير قال: من قطع تميمة كان كعدل رقبة

സഈദ് ഇബ്നു ജുബൈർ(റ) പറഞ്ഞു: ആരിൽ നിന്നെങ്കിലും ഒരു ഏലസ് പൊട്ടിച്ചു കളയുകയാണെങ്കിൽ ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലം അയാൾക്ക് ഉണ്ടായിരിക്കും.(വകീഹ്)

ഇസ്ലാമില്‍ മന്ത്രം അനുവദനീയമല്ലേ ?

 

ഖുർആൻ കൊണ്ടും മതപരമായ മറ്റ് ദിക്‌റുകൾ കൊണ്ടും മന്ത്രിക്കുന്നത്‌ ഇസ്ലാമികമാണ്‌. ഉറങ്ങാൻ കിടക്കുമ്പോൾ നബി ﷺ കയ്യിൽ ഊതി ശരീരത്തിൽ തടവേണ്ട പ്രത്യേക മന്ത്രവും പ്രാർത്ഥനയും പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രം എന്ന പേരിൽ പല അനാചാരങ്ങളും സമൂഹത്തിൽ നടക്കുന്നുണ്ട്. എന്താണ്‌ അർത്ഥം എന്നുപോലും അറിയപ്പെടാത്ത പല ശബ്ദങ്ങളും ഉരുവിട്ടു കൊണ്ട്‌ പല മന്ത്രവാദങ്ങളും പ്രചാരത്തിലുണ്ട്‌. അതെല്ലാം അനിസ്ലാമികമാണ്. ഖുർആൻ കൊണ്ടും മതപരമായ മറ്റ് ദിക്‌റുകൾ കൊണ്ടുമുള്ള മന്ത്രംതന്നെയും എഴുതിക്കെട്ടുന്നത് നബി ﷺ പഠിപ്പിച്ചതല്ല. 

 

ഖു൪ആന്‍ ഓതി കെട്ടുന്നവരോട്

 

ഉറുക്ക്, ഏലസ് പോലുള്ളവ എഴുതിക്കെട്ടുന്നത് പാടില്ലാത്ത കാര്യമാണെന്നും അത് ശി൪ക്കാണെന്നും പറയുമ്പോള്‍ ഞങ്ങള്‍ ഖു൪ആന്‍ ഓതി കെട്ടിയതാണെന്ന് പറയുന്ന ആളുകളുണ്ട്. അതും മതത്തില്‍ പാടില്ലാത്തതാണ്. ഖു൪ആന്‍ അവതരിക്കപ്പെട്ട നബിﷺയോ നബിﷺയില്‍ നിന്നും നേരിട്ട് ദീന്‍ പടിച്ച സ്വഹാബത്തോ ഇപ്രകാരം ഖു൪ആന്‍ ഓതി കെട്ടിയിട്ടില്ല. സ്വഹാബികളെ കുറിച്ച് അവരെ കണ്ടിട്ടുള്ള ഇബ്രാഹീമുന്നഖ്ഈ (റ) പറയുന്നത് കാണുക : 

قال إبراهيم: كانوا يكرهون التمائم كلها من القرآن وغير القرآن

ഇബ്റാഹീം(റ) പറയുന്നു: അവ൪ ഏലസുകളെ മുഴുവന്‍ വെറുത്തിരുന്നു.  ഖുർആനിൽ നിന്നുള്ളതായിരുന്നാലും  ഖുർആന്‍ കൊണ്ടല്ലാത്തതായാലും. (വക്വീഅ്)

 

മാത്രമല്ല, മുകളില്‍ ഉദ്ധരിച്ച ഹദീസുകളില്‍ നിന്നും നബി ﷺ യോ സ്വഹാബികളോ ഒരാളുടെയോ ഒരു മൃഗത്തിന്റെയോ ശരീരത്തില്‍ മന്ത്രിച്ചു കെട്ടിയ നൂലോ ഏലസ്സോ ഉറുക്കോ മറ്റോ കണ്ടാല്‍ അത് ഖുര്‍ആന്‍ കൊണ്ടാണോ അല്ലയോ എന്ന് അന്വേഷിക്കാറില്ലെന്നും നിരുപാധികം അവയെ വിരോധിക്കുകയാണ് പതിവെന്നും വ്യക്തമായി. ഒറ്റ ഹദീസുപോലും ഇപ്രകാരം അന്വേഷിച്ചത് കാണാന്‍ സാധിക്കുകയില്ല. 

 

മന്ത്രത്തിന്റെ വിഷയം പറഞ്ഞപ്പോള്‍ നബി ﷺ ശി൪ക്കന്‍ മന്ത്രം ഒഴിവാക്കി, ശറഇയ്യായ  മന്ത്രം അനുവദിച്ചു നല്‍കി. ഈ വിഷയത്തില്‍ ധാരാളം ഹദീസുകള്‍ കാണാന്‍ കഴിയും.

  عَوْفِ بْنِ مَالِكٍ الأَشْجَعِيِّ، قَالَ كُنَّا نَرْقِي فِي الْجَاهِلِيَّةِ فَقُلْنَا يَا رَسُولَ اللَّهِ كَيْفَ تَرَى فِي ذَلِكَ فَقَالَ ‏ : اعْرِضُوا عَلَىَّ رُقَاكُمْ لاَ بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ ‏

ഔഫ് ബ്‌നു മാലികില്‍(റ) നിന്ന്  നിവേദനം : അദ്ദേഹം പറഞ്ഞു : ‘ഞങ്ങള്‍ ജാഹിലിയ്യത്തില്‍ മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് അതില്‍ താങ്കളുടെ അഭിപ്രായം? നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ചുതരിക. ശിര്‍ക്കില്ലാത്ത മന്ത്രത്തിന് കുഴപ്പമില്ല.’ (മുസ്ലിം:2200)

 

എന്നാല്‍ ഉറുക്കിന്റെയും ഏലസ്സിന്റെയും നൂലിന്റെയും വിഷയം പറഞ്ഞപ്പോള്‍ ഖു൪ആനില്‍ നിന്ന് എന്തെങ്കിലും ഓതി  കെട്ടുന്നതിന് നബി ﷺ അനുവവാദം നല്‍കിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

 

കണ്ണേറില്‍ നിന്നുള്ള രക്ഷ ലഭിക്കാന്‍ ഏലസ് കെട്ടുന്നവരോട്

 

കണ്ണേറിന് ശക്തമായ സ്വാധീനമുണ്ടെന്നും അതിന് ഉപദ്രവങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ കണ്ണേറിനെ ഭയന്ന് ജീവിക്കേണ്ടതുണ്ടോ? അതിന്റെ ആവശ്യമില്ല. കാരണം കണ്ണേറിന് അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാന്‍ കഴിയില്ല. അതിനാല്‍ ഒരു സത്യവിശ്വാസി അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും, അവന്റെ ശക്തിയിലും കഴിവിലും വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. അല്ലാതെ, കണ്ണേറിനെ ഭയന്ന് ശിര്‍ക്കന്‍ വഴികളിലും ബിദ്ഈ രീതികളിലും അവന്‍ രക്ഷ തേടരുത്. 

 

കണ്ണേറ് ബാധിക്കാതിരിക്കുന്നതിന് വേണ്ടി ചില കോലങ്ങള്‍ നാട്ടിവെക്കുന്നതും ഏലസ്സ് ഉറുക്ക് എന്നിവ അണിയുന്നതും മന്ത്രവാദം നടത്തുന്നതും ഇസ്ലാമികമല്ല.കണ്ണേറ് ബാധിക്കാതിരിക്കുന്നതിന്  അല്ലാഹുവിനോട് അടുക്കുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും അവനോട് പ്രാ൪ത്ഥിക്കുകയും അല്ലാഹുവിന്റെ റസൂല്‍  ﷺ പഠിപ്പിച്ചിട്ടുള്ള ദിക്റുകള്‍ പ്രാവ൪ത്തികമാക്കുകയുമാണ് വേണ്ടത്.

     

അതേപോലെകണ്ണേറ് ബാധിച്ചുവെന്ന് സംശയം തോന്നിയാല്‍  നബി ﷺ പഠിപ്പിച്ച ദിക്റുകളും മന്ത്രങ്ങളും നടത്തിയും ഖുര്‍ആന്‍ പാരായണം ചെയ്തുമാണ് ചികില്‍സിക്കേണ്ടത്. അല്ലാതെ  ഏലസ്സ്, ഉറുക്ക് എന്നിവ ധരിച്ചുകൊണ്ട് ചികില്‍സിക്കരുത്.

       

എന്തെങ്കിലും രോഗങ്ങളോ പ്രയസങ്ങളോ ഉണ്ടാകുമ്പോഴാണ് അധികം ആളുകളും നൂലും ഏലസ്സും ഉറുക്കും ധരിക്കുന്നത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് എന്ത് ബുദ്ധിമുട്ടും പ്രയാസങ്ങളും ബാധിച്ചാലും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുകയാണ് വേണ്ടത്.


وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ 

 

ആര് അല്ലാഹുവിന്റെ മേൽ (കാര്യങ്ങളെല്ലാം) ഭരമേൽപ്പിക്കുന്നുവോ അവന്  അല്ലാഹു തന്നെ മതിയാകും. (ഖു൪ആന്‍:65/3)

 

ഏതൊരു കാര്യവും അല്ലാഹുവില്‍ ഏല്‍പിച്ചാല്‍ അത് ഇഹപര വിജയത്തിന്റെ അടിസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഐക്കല്ല്, ഏലസ്സ്, ഉറുക്ക്,  തുടങ്ങിയവയിലൊന്നും കാര്യങ്ങള്‍ ഏല്‍പിക്കാന്‍ പാടില്ല. ഇഹലോകവും പരലോകവും അതിലൂടെ നഷ്ടപ്പെടും. ഐക്കല്ലും ഏലസ്സും ഒക്കെയാണ് ദുരിതങ്ങളെ അകറ്റുന്നതെന്ന് വിശ്വസിച്ചാല്‍ ആ വിശ്വാസം വലിയ ശിര്‍ക്കില്‍ പെട്ടതാണ്. ഐക്കല്ലുകള്‍ കാരണങ്ങളും അല്ലാഹു മുസബ്ബിബുമാണെന്ന് (കാരണം നിശ്ചയിച്ചവര്‍) വിശ്വസിച്ചാല്‍ അത് ചെറിയ ശിര്‍ക്കുമാണ്.

 

രോഗം വരുന്നതിന് മുമ്പ് ഐക്കല്ലും ഏലസ്സും കെട്ടല്‍ രോഗം വന്നതിന് ശേഷം കെട്ടുന്നതിനെക്കാള്‍ ഗൗരവമുള്ളതാണ്. കാരണം, അല്ലാഹുവിന്റെ തീരുമാനങ്ങളെ മറികടക്കാന്‍ ഉപാധികള്‍ കണ്ടെത്തുകയാണിത്. ഐക്കല്ല്, ഏലസ്സ് തുടങ്ങിയവയുടെ രൂപത്തിലുള്ള ആഭരണങ്ങള്‍ ചിലര്‍ ധരിക്കാറുണ്ട് ഭംഗിക്ക്. വേണ്ടിയാണിത് ചെയ്യുന്നത്. ചിലര്‍ കൈകളില്‍ ഈതിക്കെട്ടുന്ന നൂലിനോട് സാദൃശ്യമുള്ള റിംഗുകള്‍ ധരിക്കാറുണ്ട്; ഹറാമിന്റെ പരിധിയിലാണിതുവരുക. കാരണം ശിര്‍ക്കിന്റെ ആളുകളോടും ശിര്‍ക്കിന്റെ അടയാളങ്ങളോടും സാദൃശ്യപ്പെടലാണിത്.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്‌.(അബൂദാവൂദ്‌:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

  

           

   kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *