അമാനി തഫ്‌സീര്‍: രചനയും ആധികാരികതയും

സ്വലഫുകളുടെ (മുൻഗാമികളുടെ) മൻഹജിൽ നിന്നുകൊണ്ട് തഫ്സീർ ഇബ്നു ജരീർ, തഫ്സീർ ഇബ്നു കസീർ 14 തഫ്സീറുകൾ അവലംബിച്ച് തയ്യാറാക്കിയ വിശുദ്ധ ഖുർആനിന്റെ മലയാളത്തിലെ വിശദീകരണ ഗ്രന്ഥമാണ് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണം (അമാനി തഫ്സീർ). കേരളത്തില്‍ സംഘടനാ വ്യത്യാസങ്ങള്‍ക്കുമപ്പുറം വായിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു ഗ്രന്ഥമാണ് ‘അമാനി തഫ്‌സീര്‍’ എന്നത് അതിന്റെ സവിശേഷതയാണ്.
   
അമാനി തഫ്‌സീര്‍ ഒരു സുപ്രഭാതത്തില്‍ നമ്മുടെ കൈകളിലേക്കെത്തിയ ഒരു ഗ്രന്ഥമല്ല. മറിച്ച് അതിന്റെ പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെയും ജീവിത സമര്‍പ്പണത്തിന്റെയും ഒരു വലിയ ചരിത്രമുണ്ട്. വിശുദ്ധ ക്വുര്‍ആനിന്റെ യഥാര്‍ഥ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ദൗത്യം ജീവിത ചര്യയായി സ്വീകരിച്ച മഹാന്മാരായ ഒട്ടനവധി നിസ്വാര്‍ഥരായ പണ്ഡിതന്മാരുടെ ത്യാഗത്തിന്റെയും വിയര്‍പ്പിന്റെയും ചരിത്രമാണ് അതിന് പറയാനുള്ളത്.
    
കെ. ഉമര്‍ മൗലവി 1959ല്‍ അറബി മലയാളത്തില്‍ പുറത്തിറക്കിയ ‘തര്‍ജുമാനുല്‍ ക്വുര്‍ആന്‍’ ആണ് പൂര്‍ണമായും പ്രസിദ്ധീകരിച്ച ക്വുര്‍ആന്‍ പരിഭാഷ. ഇതേ കാലഘട്ടത്തിലായിരുന്നു സി.എന്‍. അഹ്മദ് മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയുടെ പ്രവര്‍ത്തനവും നടന്നുവന്നിരുന്നത്. മുന്‍ഗാമികളായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിച്ചുപോന്ന അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് അദ്ദേഹം നടത്തിയ രചന പൊതുവില്‍ ഇസ്‌ലാമിക പണ്ഡിതന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പ്രവാചകന്മാരുടെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ക്ക് (മുഅ്ജിസത്തുകള്‍ക്ക്) ഭൗതികമായ വ്യാഖ്യാനം നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ രചന സലഫുകള്‍ സ്വീകരിച്ചുവന്ന ശൈലികള്‍ക്ക് കടകവിരുദ്ധമായിരുന്നു. ഒരുവശത്ത് ക്വുര്‍ആനിനോട് മുഖംതിരിച്ചു നടക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യം; മറുവശത്ത് ക്വുര്‍ആനിനെ സ്വന്തം യുക്തി ഉപയോഗിച്ചുകൊണ്ട് വ്യാഖ്യാനിച്ച് ശരിയായ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചുപോകുന്ന പുരോഗമനവാദികള്‍. എന്നാല്‍ ഇതിന് രണ്ടിനുമിടയിലാണ് യാഥാര്‍ത്ഥ്യമെന്ന് തിരിച്ചറിഞ്ഞ മതബോധമുള്ള ധാരാളം ആളുകള്‍ മലയാളികള്‍ക്കിടയില്‍ അന്ന് ഉണ്ടായിരുന്നു. അവര്‍ക്ക് ദിശാബോധം നല്‍കാന്‍ സലഫുകളുടെ മാര്‍ഗത്തില്‍ ഉറച്ചുനിന്നിരുന്ന ഒരുപറ്റം നിസ്വാര്‍ത്ഥരായ പണ്ഡിതകേസരികള്‍ അന്നുണ്ടായിരുന്നു. അവരുടെയെല്ലാം പരിശ്രമഫലമായാണ് ‘അമാനി തഫ്‌സീര്‍’ മലയാളികളുടെ കരങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്.

 

വിശുദ്ധ ക്വുര്‍ആന്‍ ജനങ്ങളില്‍ എത്തിക്കണമെന്ന അതിയായ ആഗ്രഹമുള്ള വ്യക്തിത്വമായിരുന്നു കെ.എം. മൗലവി. ഫാറൂഖ് കോളേജ് കമ്മിറ്റി പ്രഥമ പ്രസിഡണ്ട് ആയിരുന്ന ഖാന്‍ ബഹദൂര്‍ വി.കെ ഉണ്ണിക്കമ്മു സാഹിബിന്റെ മകന്‍ ഒലവക്കോട്ടെ കെ.പി മുഹമ്മദ് സാഹിബിന്റെ  ഒരു എഴുത്ത് 1959ല്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. സാധാരണക്കാരായ മലയാളികള്‍ക്ക് ക്വുര്‍ആനിന്റെ ആശയം മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു വ്യാഖ്യാന ഗ്രന്ഥം എഴുതിത്തരണമെന്നും അതിന്റെ പ്രസിദ്ധീകരണത്തിന് വേണ്ട എല്ലാ ചെലവുകളും അദ്ദേഹം വഹിച്ചുകൊള്ളാമെന്നുമായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. കെ. എം. മൗലവിയുടെ മനസ്സ് വളരെയധികം സന്തോഷിച്ചു. തന്റെ ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഉമര്‍ മൗലവിയുടേതടക്കമുള്ള ഒറ്റപ്പെട്ട പരിഭാഷകള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പൗരാണികരുടെ വ്യാഖ്യാന രീതി അവലംബമാക്കിയിട്ടുള്ള ഒരു സമ്പൂര്‍ണ ക്വുര്‍ആന്‍ വിവരണ ഗ്രന്ഥം  മലയാളത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഒരു വ്യാഖ്യാന ഗ്രന്ഥം എഴുതുക അത്ര എളുപ്പമായിരുന്നില്ല. 1959ല്‍ കത്ത് ലഭിക്കുമ്പോള്‍ കെ.എം. മൗലവിക്ക് 73 വയസ്സുണ്ട്. വയോധികനായ അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മറ്റ് പണ്ഡിതന്മാരുടെ സഹായവും സഹകരണവും ഉറപ്പാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 

 

ഇസ്‌ലാമിക വിജ്ഞാനത്തിന് ഏറെ പ്രാമുഖ്യം നല്‍കിയിരുന്ന കെ.എം മൗലവി  സ്ഥാപിച്ച തിരൂരങ്ങാടി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും പണ്ഡിതന്മാരാല്‍ ധന്യമായിരുന്നു. 1959 മുഹമ്മദ് അമാനി മൗലവി തിരൂരങ്ങാടി യതീംഖാനയുടെ മാനേജരായി ജോലി ചെയ്യുന്ന കാലമാണ്. തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനുമായിരുന്നു.  ക്വുര്‍ആന്‍ വ്യാഖ്യാനം എഴുതുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അമാനി മൗലവിയുമായി ചര്‍ച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അമാനി മൗലവിക്ക് പുറമെ പി. കെ.മൂസ മൗലവി (1889-1991), എടവണ്ണ എ. അലവി മൗലവി (1911-1976) എന്നിവരെ കൂടി ഉള്‍പ്പെടുത്തി പരിഭാഷ സമിതി രൂപീകരിച്ചു. കല്ലായിയില്‍ കെ.പി.സഹോദരങ്ങള്‍ അതിനായി ഒരു ഓഫീസ് ഏര്‍പ്പാടാക്കി. 1960 സെപ്റ്റംബര്‍ 7ന് ബുധന്‍ പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് കെ. എം. മൗലവി ഇങ്ങനെ പറഞ്ഞതായി അമാനി മൗലവി അനുസ്മരിക്കുന്നു: ”നിങ്ങള്‍ എഴുതുന്ന ഓരോ എഴുത്തിനും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം നല്‍കേണ്ടി വരുമെന്ന ബോധത്തോടെ എഴുതണം”(കെ. എം. മൗലവി സ്മരണികയില്‍ നിന്ന്).

 

കെ.എം മൗലവിയുടെ മരണശേഷം, അദ്ദേഹം പറഞ്ഞ ഈ വാചകം നിറംമങ്ങാതെ അവശേഷിക്കാറുണ്ടായിരുന്നുവെന്ന് അമാനി മൗലവി പറയുകയുണ്ടായി. കെ.എം മൗലവിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇനി ഇങ്ങനെയൊക്കെ ഞങ്ങളോട് ഗൗരവത്തോടെ പറയാന്‍ ആരുണ്ട് എന്ന് മരണവാര്‍ത്ത അറിയിച്ച വ്യക്തിയോട് അമാനി മൗലവി ചോദിക്കുകയുണ്ടായി.

 

അല്‍കഹ്ഫ് മുതല്‍ അന്നാസ് വരെയുള്ള രണ്ടാം പകുതിയാണ് അവര്‍ തുടങ്ങിവച്ചത്. 1961 സെപ്റ്റംബറില്‍ പി.കെ. മൂസ മൗലവി അനാരോഗ്യം കാരണം പിന്‍വാങ്ങി. അപ്പോഴേക്കും സൂറത്തുന്നംല് വരെ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ഒരു വര്‍ഷം കൂടി കഴിഞ്ഞ്, 1962 സെപ്റ്റംബര്‍ 28നു വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായി സൂറത്തുന്നാസ് വരെ എത്തി രണ്ടാം പകുതിയുടെ എഴുത്ത് പൂര്‍ത്തിയാക്കി. ഇന്നത്തെ പോലെ വലിയ സൗകര്യമില്ലാതിരുന്ന ആ കാലത്ത് ഒരു റഫറന്‍സ് ഗ്രന്ഥം ലഭിക്കണമെങ്കില്‍ വളരെയധികം പ്രയാസപ്പെടേണ്ടിയിരുന്നു. പള്ളികളിലെ കുതുബ്ഖാനകള്‍, കോളേജ് ലൈബ്രറികള്‍, വ്യക്തികളുടെ കയ്യിലുള്ള അപൂര്‍വഗ്രന്ഥങ്ങള്‍ എന്നിവയായിരുന്നു അവലംബം. അവ പരിശോധിച്ച് കുറിച്ചെടുക്കുകയായിരുന്നു പതിവ്. ശേഷം മറ്റു പണ്ഡിതന്മാരുമായി എഴുത്തുകുത്തുകളിലൂടെയും വളരെദൂരം യാത്ര ചെയ്ത് അവരെ നേരിട്ടു കണ്ടുമൊക്കെയാണ് ആ മഹാന്മാര്‍ ഈ ദൗത്യം നിര്‍വഹിച്ചുവന്നത്. ശേഖരിച്ച കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് അപ്പപ്പോള്‍ കെ. എം. മൗലവിക്ക് വായിച്ച് കേള്‍പ്പിക്കുകയും ശേഷം അസ്സല്‍ തയ്യാറാക്കുകയുമായിരുന്നു പതിവ്.

 

രണ്ടാം പകുതി ആറു വാള്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. ആദ്യത്തെ വാള്യം 1963ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള വാള്യങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് പ്രിന്റ് ചെയ്തത്. ആദ്യത്തെ നാല് വാള്യങ്ങള്‍ കെ. പി. ബ്രദേഴ്‌സും സാമ്പത്തികമായി അവര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ പിന്നീടുള്ള രണ്ട് വാള്യങ്ങള്‍ കൊച്ചിയിലെ മുജാഹിദീന്‍ ട്രസ്റ്റുമാണ് പുറത്തിറക്കിയത്. തിരൂരിലെ ജമാലിയ പ്രസ്സിലായിരുന്നു അച്ചടി. മാറ്റര്‍ പ്രസ്സില്‍ എത്തിക്കുക, പ്രൂഫ് നോക്കുക, ഇടക്കിടെ തിരൂരില്‍ പോയി പ്രിന്റിങ്ങിന്റെ പുരോഗതി പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ നിര്‍വഹിച്ചിരുന്നത് അമാനി മൗലവി ഒറ്റക്കായിരുന്നു. ആറാം വാള്യം പുറത്തിറങ്ങിയപ്പോഴേക്കും 1974 ആയി. ദീര്‍ഘമായ 11 വര്‍ഷം! സുദീര്‍ഘമായ ഈ കാലയളവില്‍ ഇതിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത് പ്രധാനമായും കെ.എം മൗലവിയുടെ മകനും മദീന യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന ശൈഖ് അബ്ദുസ്സമദ് അല്‍കാതിബും (അബ്ദുസ്സമദ് മൗലവി), എം. സഅദുദ്ദീന്‍ മൗലവിയും (മദീനയിലെ ഡോ: അഷ്‌റഫ് മൗലവിയുടെ ഭാര്യാപിതാവ്) ആയിരുന്നുവെന്ന് ചരിത്രകാരന്‍ കെ. കെ. മുഹമ്മദ് അബ്ദുല്‍കരീം കെ. എം. മൗലവിയുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 

രണ്ടാം പകുതിയുടെ മുഴുവന്‍ പരിശോധനയും 1963ല്‍ തന്നെ പൂര്‍ത്തിയായതുകൊണ്ട് കെ. എം. മൗലവിക്ക് അവതാരിക എഴുതാന്‍ സാധിച്ചു. 1964 ജൂണ്‍ 6നാണ് അദ്ദേഹം അവതാരിക എഴുതിയത്. മൂന്നു മാസം കഴിഞ്ഞ് 1964 സെപ്റ്റംബര്‍ 10നു കെ.എം മൗലവി മരണപ്പെട്ടു. അദ്ദേഹത്തിന്റെ അവതാരികയില്‍ ഒരു കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതാണ് അമാനി തഫ്‌സീറിന്റെ ആധികാരികതയെ പ്രോജ്വലമാക്കുന്നത്. കെ.എം മൗലവി പറഞ്ഞു: ”ഈ ഗ്രന്ഥം എഴുതിവന്നത് മേല്‍പ്പറഞ്ഞ മൂന്നു സ്‌നേഹിതന്മാരാണെങ്കിലും ഇതിന്റെ പ്രവര്‍ത്തനത്തില്‍ പല നിലയ്ക്കും ഞാനും ബന്ധപ്പെട്ടുകൊണ്ടിരുന്നതിനാല്‍ ഈ പരിഭാഷയും ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം സലഫീങ്ങളുടെ മാതൃകയനുസരിച്ചു കൊണ്ടുള്ളതാണെന്ന് എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയുന്നതാണ്. പൗരാണിക മഹാന്മാരുടെ മാതൃക പിന്‍പറ്റുന്നതിലാണ് നമ്മുടെയെല്ലാം നന്മയും സ്ഥിതിചെയ്യുന്നത്. പിന്‍കാലക്കാരുടെ പുത്തന്‍ നിര്‍മാണങ്ങളിലാണ് എല്ലാ തിന്മയും നിലകൊള്ളുന്നത്.”

 

1961ല്‍ മൂസ മൗലവി അനാരോഗ്യം കാരണം പിന്‍വാങ്ങിയത് നേരത്തെ സൂചിപ്പിച്ചുവല്ലോ. കെ. എം. മൗലവി 1964ല്‍ മരണപ്പെടുകയും ചെയ്തു. മരണത്തിന് മുമ്പായി അദ്ദേഹത്തിന് രണ്ടാം പകുതിയുടെ കയ്യെഴുത്തു പ്രതി പൂര്‍ണമായും കാണാന്‍ സാധിച്ചിട്ടുണ്ട്. 1974ല്‍ ആണ് രണ്ടാം പകുതിയുടെ പ്രിന്റിങ് പൂര്‍ത്തിയായത്. അലവി മൗലവി മരണപ്പെട്ടത് 1976ല്‍ ആയിരുന്നത് കൊണ്ട് അദ്ദേഹത്തിന് രണ്ടാം പകുതി പ്രിന്റ് ചെയ്ത ഭാഗം കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അതിനു മുമ്പേ അനാരോഗ്യം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നതുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിക്കേണ്ടി വന്നു.

 

അവശേഷിക്കുന്ന ഒന്നാം പകുതി അഥവാ സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്ത് ഇസ്‌റാഅ് വരെയുള്ള ഭാഗം മുഹമ്മദ് അമാനി മൗലവിയ്ക്ക് ഒറ്റയ്ക്ക് എഴുതി പൂര്‍ത്തിയാക്കേണ്ടി വന്നു. 1975 സെപ്റ്റംബര്‍ 14ന് ആരംഭിച്ച എഴുത്ത് 1977 സെപ്റ്റംബര്‍ 27നു പൂര്‍ത്തിയായി. രണ്ടാം പകുതി പരിശോധിച്ചിരുന്നത് കെ.എം. മൗലവി ആയിരുന്നല്ലോ. ഒന്നാം പകുതിയും ഒരു പണ്ഡിതന്‍ പരിശോധിക്കണമെന്നു അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ആ ഉത്തരവാദിത്തം കെ.പി. മുഹമ്മദ് മൗലവി ഏറ്റെടുത്തു. ഒന്നാം പകുതി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് വളരെയധികം പ്രയാസപ്പെടേണ്ടിവന്നു. സൗകര്യങ്ങള്‍ വളരെ പരിമിതമായ വാണിയമ്പലത്തെ സ്വന്തം വീട്ടിലും വാണിയമ്പലം അങ്ങാടിയിലെ പീടികമുറിയിലുമായിരുന്നു അദ്ദേഹം അതിനായി അത്യദ്ധ്വാനം ചെയ്തത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ ഇടുങ്ങിയ മുറിയില്‍ ഒരു ബെഞ്ചില്‍ ചുമരും ചാരിയിരുന്നായിരുന്നു ജോലിയത്രയും ചെയ്തിരുന്നത്. ഇടക്ക് കെ.പിക്ക് വായിച്ചു കേള്‍പ്പിക്കാന്‍ അമാനി മൗലവി അരീക്കോട്ടും വളവന്നൂരിലും പോകുമായിരുന്നു. ചില ദിവസങ്ങളില്‍ കെ.പി, അമാനി മൗലവിയുടെ വീട്ടിലും വന്നു താമസിക്കുമായിരുന്നു. 1977 സെപ്തംബറില്‍ രചന പൂര്‍ത്തിയായെങ്കിലും പ്രിന്റ് ചെയ്യാന്‍ പ്രസാധകര്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതി പ്രിന്റ് ചെയ്ത കെ.പി ബ്രദേഴ്‌സും കൊച്ചി മുജാഹിദീന്‍ ട്രസ്റ്റുമെല്ലാം സാമ്പത്തികമായി തളര്‍ന്നിരിക്കുകയായിരുന്നു. അദ്ദേഹം മഹാനായ എം.കെ ഹാജിയെ സമീപിച്ചു. ഹാജി സാഹിബ് കെ.പിയെ തന്നെ കാണുവാനും പ്രസാധനം കേരള നദ്‌വത്തുല്‍ മുജാഹിദീനോട് തന്നെ ഏറ്റെടുക്കാന്‍ ആവശ്യപ്പെടാനും പറഞ്ഞു. കെ.പി ഉടന്‍ പി.കെ അലി അബ്ദുറസാഖ് മദനിയെ ചുമതലപ്പെടുത്തി. എന്ത് വിഷമം സഹിച്ചും നാം അതേറ്റെടുത്തേ പറ്റൂവെന്ന് കെ.പി മുഹമ്മദ് മൗലവി, അലി അബ്ദുറസാഖ് മൗലവിയോട് ആവശ്യപ്പെട്ടു. അദ്ദേഹം വളരെ സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. 1978 അവസാനത്തിലായിരുന്നു അത്. ആറ് വാള്യങ്ങളിലായി ചിട്ടപ്പെടുത്തിയ ഒന്നാം പകുതിയുടെ ഒന്നാം വാള്യം 1979ല്‍ പ്രസിദ്ധീകരിച്ചു. ആറാം വാള്യം 1985ലാണ് പ്രസിദ്ധീകരിച്ചത്. കെ.പിയുടെ നിതാന്തജാഗ്രതയും റസാഖ് മൗലവിയുടെ ചടുലതയുമായിരുന്നു തഫ്‌സീറിന്റെ പ്രസിദ്ധീകരണം എളുപ്പമാക്കിയത്. ഒന്നാം പകുതിയുടെ ആറു വാള്യങ്ങളും രണ്ടാം പകുതിയുടെ ആറു വാള്യങ്ങളും ചേര്‍ത്ത് 1987 മെയ് 12ന് വലിയ നാല് വാള്യങ്ങളാക്കി പുനഃപ്രസിദ്ധീകരിച്ചു. 2012 ഡിസംബര്‍ 27 ന് ഇത് എട്ട്  വാള്യങ്ങളാക്കി മനോഹരമായ രീതിയില്‍ കമ്പ്യൂട്ടര്‍ പ്രിന്റില്‍ പുനഃപ്രസിദ്ധീകരിച്ചു.

 

ക്വുര്‍ആനിലെ വിവിധ ചരിത്രങ്ങളുമായി ബന്ധപ്പെട്ട മേപ്പുകളും മറ്റു ചിത്രങ്ങളും തഫ്‌സീറില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇവയെല്ലാം ആദ്യം വരച്ചിരുന്നത് പ്രസിദ്ധ മാപ്പിള കവിയും ഗായകനുമായ വി.എം കുട്ടി സാഹിബായിരുന്നു. പിന്നീടുള്ള പുനഃപ്രസിദ്ധീകരണവേളയില്‍ അവ വരച്ചത് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരാണ്. മാത്രമല്ല അമാനി മൗലവിയുടെ തഫ്‌സീറുകളുടെ പുറം ചട്ടകള്‍ ഡിസൈന്‍ ചെയ്തതും പറപ്പൂര്‍ തന്നെയായിരുന്നു.

 

അമാനി തഫ്‌സീറിന്റെ മുഖവുര (മുഖദ്ദിമ) വളരെ പ്രസിദ്ധമാണ്. ക്വുര്‍ആനുമായി ബന്ധപ്പെട്ട മുഴുവന്‍ വിജ്ഞാനങ്ങളും അതിലുണ്ട്. ക്വുര്‍ആനിന്റെ അവതരണം, ക്രോഡീകരണം, പാരായണ മര്യാദകള്‍, എഴുത്ത്, ഉലൂമുല്‍ ക്വുര്‍ആന്‍ (വിജ്ഞാനങ്ങള്‍), ക്വുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട രീതി, ക്വുര്‍ആന്‍ ഭാഷാന്തരം ചെയ്യല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ അതില്‍ നല്‍കിയിട്ടുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പൗരാണിക (സലഫുകളുടെ) രീതി വിശദീകരിക്കാന്‍ അദ്ദേഹം അവലംബമാക്കിയത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ ഇബ്‌നു ജരീറു ത്വബ്‌രിയെയും ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു കഥീറിനെയുമാണ്. മൊത്തം 14 അറബി തഫ്സീറുകള്‍ അമാനി തഫ്സീറില്‍ അവലംബിച്ചിട്ടുണ്ട്. ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുക, നബി ﷺ  യുടെ വിശദീകരണങ്ങളിലൂടെ വ്യാഖ്യാനിക്കുക, അത് ലഭിച്ചില്ലെങ്കില്‍ സ്വഹാബികളിലേക്ക് മടക്കുക, അവിടെയും കണ്ടില്ലെങ്കില്‍ താബിഉകളിലേക്ക് മടക്കുക എന്ന സലഫുകള്‍ അംഗീകരിച്ച ശൈലിയാണ് അമാനി മൗലവിയും മൂസ മൗലവിയും അലവി മൗലവിയും സംയുക്തമായി രചിച്ച മുഖദ്ദിമ വ്യക്തമാക്കുന്നത്. ആധുനിക വ്യാഖ്യാതാക്കളില്‍ പലരും സ്വന്തം അഭിപ്രായങ്ങള്‍ക്കനുസരിച്ച് വ്യാഖാനിക്കുന്ന പ്രവണത വര്‍ധിച്ചപ്പോള്‍ അമാനി തഫ്‌സീര്‍ അത്തരം പോരായ്മകളില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്ന് മാത്രമല്ല സലഫുകളുടെ വ്യാഖ്യാന മാര്‍ഗങ്ങളെ മാത്രം അവലംബിക്കുന്ന സൂക്ഷ്മവും പക്വവും സത്യസന്ധവുമായ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. അമാനി തഫ്‌സീറിന്റെ ആധികാരികത നമുക്ക് ഇതിലൂടെ ബോധ്യപ്പെടും.

 

മുഹമ്മദ് അമാനി മൗലവിയെ(1909-1987) കുറിച്ച്

 

മുഹമ്മദ് അമാനി മൗലവിയുടെ ജനനം 1909 ലാണ്. പട്ടിക്കാട്ടെ അമാനത്ത് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് അമാനത്ത് ഹസന്‍കുട്ടി മുസ്‌ല്യാരും നല്ലൊരു പണ്ഡിതനായിരുന്നു. ചാലിലകത്തിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. ഉമ്മ വിളക്കണ്ടത്തില്‍ ആമിന തിരൂരങ്ങാടിയില്‍ നടന്ന മലബാര്‍ യുദ്ധഭൂമിയിലെ കര്‍മപോരാളിയായിരുന്ന ആലി മുസ്‌ല്യാരുടെ ബന്ധുവായിരുന്നു. പിതാവില്‍ നിന്നു ലഭിച്ച മതവിജ്ഞാന താല്‍പര്യം മുഹമ്മദ് അമാനിയെ ഒരു വിജ്ഞാന കുതുകിയാക്കി മാറ്റി. ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴിലുള്ള സ്‌കൂളില്‍ എട്ടാംതരം വരെ പഠിച്ചു. എഴുത്തിലും വായനയിലും അതീവ തല്‍പ്പരനായിരുന്ന അദ്ദേഹം കേരളത്തിലെ വിവിധ പള്ളിദര്‍സുകളില്‍ അധ്യയനം പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ രാജഗിരി അല്‍മദ്‌റസതുല്‍ ഖാസിമിയ്യയില്‍ നിന്നു 1936ല്‍ ‘ആലിം’ ബിരുദം നേടി. അറബി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ അവഗാഹം നേടിയ അദ്ദേഹത്തിന് ഇംഗ്ലീഷിലും സാമാന്യ പരിജ്ഞാനം ഉണ്ടായിരുന്നു.

 

 1936 മുതല്‍ 1945 വരെ സ്വന്തം നാട്ടിലും സമീപപ്രദേശങ്ങളിലുമുള്ള പള്ളിദര്‍സുകളില്‍ മുദര്‍രിസായി സേവനം ചെയ്തു. മൊറയൂരില്‍ അദ്ദേഹം തുടങ്ങിയ ‘റിലീജിയസ് സ്‌കൂളില്‍’ ഗ്ലോബുകളുടെയും അറ്റ്‌ലസിന്റെയുമൊക്കെ സഹായത്തോടെ അറബിയില്‍ ഭൂമിശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം പഠിപ്പിച്ചിരുന്നുവത്രെ! അധ്യയന രംഗത്തെ ശാസ്ത്രീയ സമീപനത്തോടുള്ള അതീവ താല്‍പര്യം അദ്ദേഹത്തെ 1946ല്‍ റൗദത്തുല്‍ ഉലൂം അറബിക്കോളേജില്‍ എത്തിച്ചു. അന്ന് മഞ്ചേരിയിലായിരുന്നു റൗദത്തുല്‍ ഉലൂം. ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഗ്രന്ഥരചനകളോടും ഗ്രന്ഥശാലാ നടത്തിപ്പിനോടുമൊക്കെയായിരുന്നു കൂടുതല്‍ അഭിനിവേശമുണ്ടായിരുന്നത്. റൗദത്തുല്‍ ഉലൂമില്‍ ജോലി ചെയ്യവെ മഞ്ചേരിയില്‍ അദ്ദേഹം സ്വന്തമായി ‘അമാനിയാ ബുക്സ്റ്റാള്‍’ എന്ന പേരില്‍ ഗ്രന്ഥശാല തുടങ്ങുകയും അതിന്റെ പേരില്‍ ലഘുകൃതികള്‍ പുറത്തിറക്കുകയും ചെയ്തു. പിന്നീട് സ്വന്തം നാടായ പട്ടിക്കാട്ടേക്ക് മാറ്റിയ ആ ഗ്രന്ഥശാലയില്‍ നിന്നാണ് ആദ്യമായി വിശുദ്ധ ക്വുര്‍ആനിന്റെ മലയാള വിവര്‍ത്തനങ്ങള്‍ അടങ്ങുന്ന കൊച്ചുകൊച്ചു പുസ്തകങ്ങള്‍ ഇറങ്ങിത്തുടങ്ങിയത്. തിരുവനന്തപുരത്തെ ഇടവയിലെ ആധുനിക സൗകര്യങ്ങളുള്ള ഒരു പ്രസ്സില്‍നിന്നാണ് അറബി മൂലത്തോടുകൂടിയുള്ള ഈ പരിഭാഷകള്‍ അച്ചടിച്ചിരുന്നത്.
ക്വുര്‍ആന്‍ പഠനത്തെ ഗൗരവമായി കാണണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.  കേവലം കളിതമാശക്കോ ഭൗതിക നേട്ടങ്ങള്‍ക്കോ വേണ്ടി ക്വുര്‍ആന്‍ പഠനം നടത്താന്‍ പാടില്ല; മറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ച് പഠിക്കുകയാണ് ക്വുര്‍ആനിനെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത് എന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. അദ്ദേഹം പറയുന്നു: ”വായനക്കാര്‍ മിക്കവാറും രണ്ടു തരക്കാരായിരിക്കും. ഒന്നോ രണ്ടോ ആവര്‍ത്തി വായിച്ച് തൃപ്തിയടയുന്നവരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു പഠിക്കുന്നവരും. ഈ രണ്ടാമത്തെ വിഭാഗത്തെ കൂടുതല്‍ പരിഗണിച്ചു കൊണ്ടാണ് ഞങ്ങള്‍ ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്” (അമാനി തഫ്‌സീറിന്റെ മുഖദ്ദിമ).

 

ഇതരവിഭാഗങ്ങളോട് ആശയപരമായ കാര്യങ്ങളില്‍ വിയോജിപ്പുള്ളപ്പോഴും എല്ലാവരോടും വ്യക്തി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം കണിശത പുലര്‍ത്തിയിരുന്നു. കൂറ്റനാട് മുഹമ്മദ് മുസ്‌ല്യാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, സ്വദഖത്തുള്ള മൗലവി തുടങ്ങിയവരുമായിട്ട് അദ്ദേഹം വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എതിരാളികളോടുള്ള സമീപനങ്ങളില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു: ‘എല്ലാവരും സാത്വികന്‍മാരും സത്യാന്വേഷണ തല്‍പരരുമായിരിക്കയില്ലല്ലോ. അങ്ങനെയുള്ളവരോടു തര്‍ക്കവും വാദവും നടത്തേണ്ടതായി വരും. എന്നാലതു, വായടപ്പിക്കുന്ന തരത്തിലുള്ളതോ, ഉത്തരം മുട്ടിക്കുവാന്‍ വേണ്ടിയോ ആയിരിക്കരുത്. സന്ദര്‍ഭത്തിനും ആള്‍ക്കും പരിതസ്ഥിതിക്കും അനുസരിച്ച് കൂടുതല്‍ നയത്തോടും മയത്തോടും കൂടിയും, സത്യസന്ധമായും ആയിരിക്കേണ്ടതാണ്. സംഭാഷണം പ്രതിയോഗിയുടെ പരാജയത്തെ മാത്രം ഉന്നംവെച്ചു കൊണ്ടാവരുത്. സത്യം ഗ്രഹിപ്പിക്കുകയാവണം ലക്ഷ്യം. സംസാരശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവരുത്. അല്ലാത്തപക്ഷം, പ്രതിയോഗി ഉത്തരംമുട്ടി പരാജയപ്പെട്ടാല്‍ പോലും സത്യത്തോടു ഇണങ്ങാതിരിക്കുകയായിരിക്കും ഉണ്ടാകുക. ന്യായവും തെളിവും സമര്‍പ്പിക്കുന്നതു ഇരുവിഭാഗക്കാരും അംഗീകരിക്കുന്ന അടിസ്ഥാനം തെറ്റാതിരിക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ ഓരോ കക്ഷിയും മനസ്സിരുത്തായ്കകൊണ്ടാണു രണ്ടു വ്യത്യസ്തമായ അഭിപ്രായഗതിക്കാര്‍ തമ്മില്‍ നടത്തപ്പെടുന്ന ഇന്നത്തെ വാദപ്രതിവാദങ്ങളില്‍ ബഹുഭൂരിഭാഗവും ഫലശൂന്യമായിത്തീരുന്നതും പരസ്പരം വിദ്വേഷം വളര്‍ത്തുവാന്‍ കാരണമായിത്തീരുന്നതും’. (സൂറത്തുന്നഹ്ല്‍ – ആയത്ത് 125ന്റെ വിശദീകരണത്തില്‍ നിന്ന്)

 

1987 നവംബര്‍ 2 ന് മുസ്‌ലിം കൈരളിക്ക് ഒട്ടേറെ നന്മകള്‍ ബാക്കിയാക്കി അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങി. മഹാന്മാരായ കെ. എം. മൗലവി, അമാനി മൗലവി, മൂസ മൗലവി, അലവി മൗലവി, കെ.പി. മുഹമ്മദ് മൗലവി, അലി അബ്ദുറസാഖ് മദനി, കെ. പി. മുഹമ്മദ് സാഹിബ് ഒലവക്കോട്, കെ പി മൊയ്തീന്‍കുട്ടി സാഹിബ്, എന്‍.കെ. മുഹമ്മദ് സാഹിബ് (പുളിക്കല്‍) തുടങ്ങി ഈ തഫ്‌സീറിന്റെ രചനയിലും പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ പണ്ഡിതരിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ(ആമീന്‍)

 

കടപ്പാട് : നേ൪പഥം വാരിക

kanzululoom.com        

Leave a Reply

Your email address will not be published. Required fields are marked *